scorecardresearch
Latest News

Top News Highlights: ഷാജഹാന്‍ കൊലപാതകം: നാല് പേരുകൂടി അറസ്റ്റില്‍

ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യവുമുണ്ടെന്ന പൊലീസിന്റെ കണ്ടെത്തലില്‍ സിപിഎം ജില്ലാ നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയിരുന്നു

Top News Highlights: ഷാജഹാന്‍ കൊലപാതകം: നാല് പേരുകൂടി അറസ്റ്റില്‍

Top News Live Highlights: പാലക്കാട് സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരുകൂടി അറസ്റ്റില്‍. വിഷ്ണു, സുനീഷ്, ശിവരാജൻ, സതീഷ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കൊലപാതകം നടക്കുമ്പോള്‍ ഇവരും സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യവുമുണ്ടെന്ന പൊലീസിന്റെ കണ്ടെത്തലില്‍ സിപിഎം ജില്ലാ നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

‘ചാന്‍സലറും കണ്ണൂര്‍ സര്‍വകലാശാലയും തമ്മിലുള്ള പ്രശ്നം സര്‍ക്കാരിന് മുന്നില്‍ വന്നിട്ടില്ല’

ചാന്‍സലറും കണ്ണൂര്‍ സര്‍വകലാശാലയും തമ്മിലുള്ള പ്രശ്നം സര്‍ക്കാരിന്റെ മുന്നില്‍ വന്നിട്ടില്ലെന്ന് നിയമമന്ത്രി പി രാജീവ്. “ചാന്‍സലര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് നിയമങ്ങള്‍ അനുശാസിക്കും. ആ നിയമങ്ങള്‍ക്ക് അനുസരിച്ചാണോ അല്ലയോ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കേണ്ടത് സര്‍വകലാശാലയാണ്,” മന്ത്രി വ്യക്തമാക്കി.

“സംസ്ഥാനത്തിന്റെ പൂര്‍ണമായ അധികാരത്തിലുള്ളതാണ് സര്‍വകലാശാലകള്‍. ആരുടെയെങ്കിലും അധികാരം വെട്ടിക്കുറയ്ക്കുക എന്ന ലക്ഷ്യമൊന്നും സര്‍ക്കാരിനില്ല. സര്‍വകലാശാലകളുടെ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാനുള്ള അവകാശം നിയമസഭയ്ക്കും സംസ്ഥാന ഗവണ്‍മെന്റിനും ഉണ്ട്,” മന്ത്രി കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയാ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റദ്ദാക്കിയിരുന്നു. സര്‍വകലാശാലയില്‍ സ്വജന പക്ഷപാതം നടക്കുകയാണ്. തനിക്കു ചാന്‍സലറുടെ അധികാരമുള്ള കാലത്തോളം അത് അംഗീകരിക്കില്ലെന്നും കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പറഞ്ഞിരുന്നു

Live Updates
22:05 (IST) 18 Aug 2022
വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തണം : ശശി തരൂര്‍

വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി നേരിട്ട് സമരക്കാരുമായി ചര്‍ച്ച നടത്തണമെന്ന് ശശി തരൂര്‍ എംപി. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് മുഖ്യമന്ത്രി കൂടുതല്‍ പണം ആവശ്യപ്പെടണം. വിഴിഞ്ഞം സമരത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കാനില്ലെന്നും ഇത് ജീവിതത്തിന്റെ പ്രശ്‌നമാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം താന്‍ മുഖ്യമന്ത്രിയെ കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്. കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടമായവര്‍ക്ക് തീരത്തിന്റെ അടുത്ത് തന്നെ പുനരധിവാസം ഒരുക്കണം. മുഖ്യമന്ത്രി തന്നെ സമരക്കാരുമായി ചര്‍ച്ച നടത്തണം. വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്‌ക്കേണ്ടതില്ല. 25 വര്‍ഷം കഷ്ടപ്പെട്ട് കൊണ്ടുവന്ന പദ്ധതിയാണ് വിഴിഞ്ഞം. മത്സ്യ തൊഴിലാളികളുടെ പ്രശനങ്ങള്‍ പരിശോധിച്ച് പരിഹരിച്ച് കൊണ്ടു തന്നെ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടു പോകണം. തീരം നഷ്ടപ്പെടുന്നത് തുറമുഖം കൊണ്ടാണെന്ന് പറയുന്നത് ശരിയല്ലെന്നും തരൂര്‍ പറഞ്ഞു.

20:26 (IST) 18 Aug 2022
വിഴിഞ്ഞം സമരം: ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍, ക്ഷണം സ്വീകരിച്ച് ലത്തീന്‍ അതിരൂപത

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തി വരുന്ന സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് വിളിച്ച് സംസ്ഥാന സര്‍ക്കാര്‍. ഫിഷറീഷ് മന്ത്രി വി. അബ്ദുറഹ്മാനാണ് ചര്‍ച്ചയുടെ വിവരം ലത്തീന്‍ കത്തോലിക്ക സഭ തിരുവനന്തപുരം അതിരൂപതയെ അറിയിച്ചത്. സമരസമിതി നേതാവും വികാരിയുമായ ജനറല്‍ യൂജിന്‍ പെരേരയുമായി മന്ത്രി ഫോണില്‍ സംസാരിച്ചു. ചര്‍ച്ചയ്ക്കുള്ള സമയവും സ്ഥലവും മന്ത്രി ആന്റണി രാജു സമരക്കാരുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കും.

19:30 (IST) 18 Aug 2022
മഹാരാഷ്ട്രയില്‍ സംശയാസ്പദ സാഹചര്യത്തില്‍ ബോട്ട്; തോക്കുകളും ആയുധങ്ങളും കണ്ടെത്തി

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലല്‍ സംശയാസ്പദ സാഹചര്യത്തില്‍ ബോട്ട് കണ്ടെത്തി. ഇതില്‍ നിന്ന് റൈഫികളുകളും മറ്റ് ആയുധങ്ങളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഹരിഹരേശ്വറിനു സമീപം ഇന്നു രാവിലെയാണു 16 മീറ്റര്‍ നീളമുള്ള നൗക കണ്ടെത്തിയത്. ഗതിതെറ്റി ഒഴുകുന്ന നിലയിലായിരുന്ന നൗക. സംഭവത്തെുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു. സഹായം അഭ്യര്‍ഥിച്ച് ജൂണ്‍ 26നു സന്ദേശം പുറപ്പെടുവിച്ച അതേ നൗകയാണിതെന്നാണു കരുതുന്നത്. ഹരിഹരേശ്വര്‍ തുറമുഖത്തിനു സമീപം നൗക മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊലീസിനെ വിളിച്ചതായും തുടര്‍ന്ന് തിരച്ചില്‍ നടത്തിയതായും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് നിയമസഭയെ അറിയിച്ചു

18:15 (IST) 18 Aug 2022
സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നു: കോടിയേരി

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്ഭവന്‍ കേന്ദ്രീകരിച്ചാണ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആസൂത്രിയ ശ്രമം നടക്കുന്നത്. രാഷ്ട്രീയ വെല്ലുവിളികള്‍ മനസിലാക്കണം അടുത്ത മൂന്ന് വര്‍ഷത്തെ അജണ്ട വെച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിനെതിരെയുള്ള നീക്കങ്ങള്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കണം. രാഷ്ട്രീയ എതിരാളികള്‍ പല രൂപത്തില്‍ ആക്രമിക്കാന്‍ ശ്രമിക്കുമെന്നും കോടിയേരി പറഞ്ഞു.

17:17 (IST) 18 Aug 2022
പ്രിയാ വര്‍ഗീസിന്റെ നിയമനം: ഗവര്‍ണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല

കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയാ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം മരവിപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ നീങ്ങാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗ തീരുമാനം. വിഷയത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ വാദം തള്ളിയായിരുന്നു നിയമന റാങ്ക് പട്ടിക റദ്ദാക്കാനുള്ള ഗവര്‍ണറുടെ തീരുമാനം. ഗവര്‍ണറുടെ നടപടിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ഇന്ന് ചേര്‍ന്ന് സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം. ഗവര്‍ണറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അനുമതി നല്‍കി. നാളെ തന്നെ ഇതുസംബന്ധിച്ച് ഹര്‍ജി നല്‍കുമെന്നാണ് സൂചന. വിഷയത്തില്‍ ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് സിന്‍ഡിക്കേറ്റ് യോഗം വിലയിരുത്തിയത്.

16:04 (IST) 18 Aug 2022
ആണ്‍കുട്ടികള്‍ മുതിര്‍ന്ന ആളുകളുമായി ബന്ധപ്പെട്ടാല്‍ കേസെടുക്കുന്നതെന്തിന്? വീണ്ടും വിവാദ പരാമര്‍ശവുമായി എം കെ മുനീര്‍

ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ വീണ്ടും വിവാദ പരാമര്‍ശവുമായി മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ ഡോ. എം കെ മുനീര്‍. ലിംഗ സമത്വമെങ്കില്‍ ആണ്‍കുട്ടികള്‍ മുതിര്‍ന്ന ആളുകളുമായി ബന്ധപ്പെട്ടാല്‍ കേസെടുക്കുന്നതെന്തിനാണ്, മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് ജന്‍ഡര്‍ ന്യൂട്രാലിറ്റി അതിന്റെ പേരില്‍ ഇസ്ലാമിസ്റ്റ് എന്ന് ചാപ്പകുത്തിയാലും പ്രശ്‌നമില്ലെന്നും എം.കെ. മുനീര്‍ കോഴിക്കോട് പറഞ്ഞു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ, 'കേരള പാഠ്യപദ്ധതി ചട്ടക്കൂട് കാണാപ്പുറങ്ങള്‍' എന്ന സെമിനാറില്‍ പങ്കെടുക്കുകവെയാണ് മുനീറിന്റെ വിചിത്ര വാദം. ആണ്‍കുട്ടിയും മുതിര്‍ന്നയാളും ബന്ധപ്പെട്ടാല്‍ പോക്‌സോ കേസ് എടുക്കുന്നത് എന്തിനാണ്? ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ ആണ്‍കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടും. പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ഇട്ടു കഴിഞ്ഞാല്‍ നീതി ലഭിക്കുമോയെന്നും മുനീര്‍ ചോദിച്ചു.

15:00 (IST) 18 Aug 2022
സോളാര്‍ പീഡനക്കേസ്: അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തു

സോളാര്‍ പീ‍ഡനക്കേസില്‍ മുന്‍ മന്ത്രിമാരായ അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍ എന്നിവരെ സിബിഐ ചോദ്യം ചെയ്തു. പ്രകാശിനെ ഡല്‍ഹിയില്‍ വച്ചാണ് ചോദ്യം ചെയ്തത്, അനില്‍കുമാറിനെ മലപ്പുറത്തും. കഴിഞ്ഞ ദിവസം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനേയും ചോദ്യം ചെയ്തിരുന്നു.

14:28 (IST) 18 Aug 2022
ഷാജഹാന്‍ കൊലപാതകം: നാല് പേരുകൂടി അറസ്റ്റില്‍

പാലക്കാട് സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരുകൂടി അറസ്റ്റില്‍. വിഷ്ണു, സുനീഷ്, ശിവരാജൻ, സതീഷ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കൊലപാതകം നടക്കുമ്പോള്‍ ഇവരും സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യവുമുണ്ടെന്ന പൊലീസിന്റെ കണ്ടെത്തലില്‍ സിപിഎം ജില്ലാ നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

13:37 (IST) 18 Aug 2022
രാജ്യത്തിനെതിരെ വ്യാജവാര്‍ത്തകള്‍; എട്ട് യൂട്യൂബ് ചാനലുകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്രം

രാജ്യത്തിനെതിരെ വ്യാജവ്യാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് എട്ട് യൂട്യൂബ് ചാനലുകളും ഒരു ഫെയ്സ്ബുക്ക് അക്കൗണ്ടും രണ്ട് ഫെയ്സ്ബുക്ക് പോസ്റ്റുകളും കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തു. ബ്ലോക്ക് ചെയ്തവയില്‍ ഏഴെണ്ണം ഇന്ത്യന്‍ യുട്യൂബ് ചാനലാണ്. ഒരെണ്ണം പാക്കിസ്ഥാനില്‍ നിന്നുമുള്ളതാണ്.

12:48 (IST) 18 Aug 2022
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ സര്‍വകലാശാലകളില്‍ നടന്ന ബന്ധു നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് സതീശന്‍

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും നടന്ന ബന്ധു നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പരസ്യമായാണ് അര്‍ഹതയുള്ളവരുടെ നീതി നിഷേധിച്ചത്. കഴിഞ്ഞ ആറ് വര്‍ഷവും ഇത് തന്നെയാണ് നടന്നത്. ഇത്തരത്തിലുള്ള മുഴുവന്‍ ബന്ധു നിയമനങ്ങളെ കുറിച്ചും അന്വേഷിച്ച് റദ്ദാക്കാന്‍ ഗവര്‍ണര്‍ നടപടി എടുക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

https://malayalam.indianexpress.com/kerala-news/vd-satheeshan-demands-investigation-on-university-appointments-686273/

12:28 (IST) 18 Aug 2022
അതിജീവിതയ്ക്ക് എതിരായ കോടതിയുടെ പരാമര്‍ശങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് സതീശന്‍

സിവിക് ചന്ദ്രന്‍ കേസില്‍ അതിജീവിതയ്ക്ക് എതിരായ കോടതിയുടെ പരാമര്‍ശങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ‍ഡി സതീശന്‍. നീതി കൊടുക്കേണ്ട സ്ഥാപനങ്ങള്‍ ഇങ്ങനെ ചെയ്താല്‍ നീതി തേടി മനുഷ്യര്‍ എവിടേക്ക് പോകും. ഏത് കാലത്താണ് ഈ ജഡ്ജി ജീവിക്കുന്നത്? 19 നൂറ്റാണ്ടിലെ സ്‌പെയിനിലാണോ, അതോ 21 -ാം നൂറ്റാണ്ടിലാണോ ജീവിക്കുന്നത്? പട്ടികജാതി വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനും അവര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും വേണ്ടി പാര്‍ലമെന്റ് പാസാക്കിയ ഗൗരവതരമായ നിയമത്തെ ജുഡീഷ്യറി ചവിട്ടി അരയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. ദൗര്‍ഭാഗ്യകരമായ പരാമര്‍ശത്തില്‍ ഹൈക്കോടതി ഇടപെടുമെന്നാണ് പ്രത്യാശിക്കുന്നത്.

12:17 (IST) 18 Aug 2022
ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമെന്ന് പൊലീസ്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമെന്ന് പൊലീസ് റിപ്പോര്‍ട്ട്. ബലാത്സംഗത്തിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിരപരാധിത്വം തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു.

11:18 (IST) 18 Aug 2022
കോട്ടയത്ത് തെരുവുനായ ആക്രമണം

വൈക്കം തലയോലപ്പറമ്പില്‍ ഏഴ് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഒരാളുടെ മുഖത്താണ് പരിക്കേറ്റത്. മറ്റൊരാളുടെ വയറിനും പരിക്ക് പറ്റിയതായാണ് റിപ്പോര്‍ട്ട്. പേവിഷബാധ ഉണ്ടെന്ന് സംശയിക്കുന്ന നായ നിരവധി വളര്‍ത്തു നായകളേയും കടിച്ചെന്നാണ് വിവരം.

10:17 (IST) 18 Aug 2022
‘ചാന്‍സലറും കണ്ണൂര്‍ സര്‍വകലാശാലയും തമ്മിലുള്ള പ്രശ്നം സര്‍ക്കാരിന് മുന്നില്‍ വന്നിട്ടില്ല’

ചാന്‍സലറും കണ്ണൂര്‍ സര്‍വകലാശാലയും തമ്മിലുള്ള പ്രശ്നം സര്‍ക്കാരിന്റെ മുന്നില്‍ വന്നിട്ടില്ലെന്ന് നിയമമന്ത്രി പി രാജീവ്. “ചാന്‍സലര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് നിയമങ്ങള്‍ അനുശാസിക്കും. ആ നിയമങ്ങള്‍ക്ക് അനുസരിച്ചാണോ അല്ലയോ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കേണ്ടത് സര്‍വകലാശാലയാണ്,” മന്ത്രി വ്യക്തമാക്കി.

“സംസ്ഥാനത്തിന്റെ പൂര്‍ണമായ അധികാരത്തിലുള്ളതാണ് സര്‍വകലാശാലകള്‍. ആരുടെയെങ്കിലും അധികാരം വെട്ടിക്കുറയ്ക്കുക എന്ന ലക്ഷ്യമൊന്നും സര്‍ക്കാരിനില്ല. സര്‍വകലാശാലകളുടെ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാനുള്ള അവകാശം നിയമസഭയ്ക്കും സംസ്ഥാന ഗവണ്‍മെന്റിനും ഉണ്ട്,” മന്ത്രി കൂട്ടിച്ചേര്‍ത്തു.

Web Title: Top news live updates 18 august 2022 kerala news