scorecardresearch
Latest News

Top News Highlights: കുമ്പളത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരിയെ തെരുവുനായ കടിച്ചു

Top News Live Updates: പരുക്കേറ്റ കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Stray dogs, Rabies death, Kerala high court
പ്രതീകാത്മക ചിത്രം

Top News Highlights: എറണാകുളം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരിയെ തെരുവുനായ കടിച്ചു. കുമ്പളം സ്വദേശി സുജിത്ത് – അമൃത ദമ്പതികളുടെ മകൾ ആത്മികയെയാണ് നായ ആക്രമിച്ചത്. പരുക്കേറ്റ കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ സ്കൂൾ വിട്ടു വന്നതിനു ശേഷം വീടിന് സമീപം നിന്ന് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെയാണ് നായ ആക്രമിച്ചത്.

Live Updates
20:53 (IST) 17 Sep 2022
പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായി നാളെ കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 9.30ന് ബംഗളൂരുവിലാണ് കൂടിക്കാഴ്ച. സില്‍വര്‍ ലൈന്‍ പാത മംഗളൂരു വരെ നീട്ടുന്നത് ഉള്‍പ്പടെ ചര്‍ച്ചയാകുമെന്നാണ് വിവരം.ഓഗസ്ത് 30-ന് കോവളത്ത് നടന്ന മുഖ്യമന്ത്രിമാരുടെ സോണല്‍ മീറ്റിങ്ങില്‍വെച്ച് കര്‍ണാടക മുഖ്യമന്ത്രിയുമയി പ്രാഥമിക ചര്‍ച്ചകള്‍ നടന്നിരുന്നു. നാളെ നടക്കുന്ന കൂടിക്കാഴ്ചയില്‍ തലശ്ശേരി-മൈസൂര്‍, നിലമ്പൂര്‍-നഞ്ചന്‍കോട് പാതയെക്കുറിച്ചും ചര്‍ച്ചകളുണ്ടാവുമെന്നാണ് വിവരം.

20:01 (IST) 17 Sep 2022
പ്രധാനമന്ത്രിയുടെ ജന്മദിനം യുവാക്കള്‍ക്ക് ദേശീയ തൊഴിലില്ലായ്മ ദിനമെന്ന് കോണ്‍ഗ്രസ്

രാജ്യത്തെ ആശങ്കാജനകമായ തൊഴില്‍ പ്രതിസന്ധിയില്‍ യുവാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം യുവാക്കള്‍ ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കുകയാണെന്ന് കോണ്‍ഗ്രസ്. യുവക്കള്‍ക്ക് മോദി വാഗ്ദാനം ചെയ്ത തൊഴില്‍ നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ 72-ാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന കോണ്‍ഗ്രസ് അദ്ദേഹത്തിന് ആരോഗ്യവും ദീര്‍ഘായുസ്സും നേരുന്നുവെന്നും ആശംസിച്ചു. ‘അദ്ദേഹത്തിനെതിരായ ഞങ്ങളുടെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ പോരാട്ടങ്ങള്‍ തുടരുകയാണ്. ഞങ്ങളോടുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ ശത്രുത തീവ്രമാകുന്നു. എന്നിരുന്നാലും, നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 72-ാം ജന്മദിനത്തില്‍ ഇവിടെ ആശംസകള്‍ നേരുന്നു,’ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു.

19:08 (IST) 17 Sep 2022
ഐ ആര്‍ സി ടി സി അഴിമതി: തേജസ്വി യാദവിന്റെ ജാമ്യം റദ്ദാക്കണമെന്ന് സി ബി ഐ കോടതിയില്‍

ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ ആര്‍ സി ടി സി) അഴിമതിക്കേസില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി ബി ഐ കോടതിയെ സമീപിച്ചു.അപേക്ഷയില്‍ സെപ്റ്റംബര്‍ 28-നകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് തേജസ്വി യാദവിനു പ്രത്യേക കോടതി ജഡ്ജി ഗീതാഞ്ജലി ഗോയല്‍ നോട്ടീസ് അയച്ചു.

18:10 (IST) 17 Sep 2022
ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍വകലാശാല നിയമന വിവാദത്തില്‍ സ്ഥാനം മറന്നുള്ള പ്രതികരണമാണ് ഗവര്‍ണറുടേത്. ഗവര്‍ണര്‍ മഹാരാജാവല്ലെന്ന് അദ്ദേഹം പറഞ്ഞു.ഭരണഘടനയുള്ള രാജ്യമാണിത്. അതനുസരിച്ചേ ആര്‍ക്കും പ്രവര്‍ത്തിക്കാനാകൂ. എന്തൊക്കെയോ അധികാരമുണ്ടെന്ന് ഗവര്‍ണര്‍ ഭാവിക്കുയാണ്. അദ്ദേഹം ഉണ്ടെന്ന് ഭാവിക്കുന്ന അധികാരങ്ങളൊന്നും അദ്ദേഹത്തിന്റെ കൈവശമില്ലെന്നും കാനം പറഞ്ഞു.

16:38 (IST) 17 Sep 2022
ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി കിരണ്‍ ആനന്ദിനെ തിരഞ്ഞെടുത്തു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി കിരണ്‍ ആനന്ദിനെ തിരഞ്ഞെടുത്തു. ഒക്ടോബര്‍ ഒന്നുമുതല്‍ ആറുമാസത്തേക്കുള്ള മേല്‍ശാന്തിയായാണ് ഔട്ടര്‍ റിങ് റോഡ് നോര്‍ത്ത് കക്കാട്ടു മന (നികുഞ്ജ്) യില്‍ കിരണ്‍ ആനന്ദിനെ തിരഞ്ഞെടുത്തത്. മേല്‍ശാന്തിസ്ഥാനത്തേക്ക് 41 അപേക്ഷകരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍നിന്നും കൂടിക്കാഴ്ചയില്‍ യോഗ്യത നേടിയ 39 പേരുടെ പേരുകള്‍ നറുക്കിട്ടെടുത്തതില്‍ നിന്നാണ് കിരണ്‍ ആനന്ദ് തെരഞ്ഞെടുക്കപ്പെട്ടത്.

15:32 (IST) 17 Sep 2022
തമിഴ്നാട്ടില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുവന്ന കേസില്‍ ആരോപണവിധേയനായ യുവാവ് തൂങ്ങിമരിച്ച നിലയില്‍

തമിഴ്നാട്ടിലെ തിരുപ്പൂരില്‍നിന്നു കുട്ടിയെ തട്ടിക്കൊണ്ടുവന്ന കേസില്‍ ആരോപണവിധേയനായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പൂതക്കുളം സ്വദേശി രാകേഷിനെയാണു വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുപ്പൂര്‍ സ്വദേശിയായ പതിനാലുകാരനുമായി വെള്ളിയാഴ്ച വൈകിട്ടാണ് രാകേഷ് കുട്ടിയുമായി കൊല്ലത്ത് എത്തിയത്. തിരുപ്പൂര്‍ പൊലീസ് വിവരം അറിയിച്ചതിനെത്തുടര്‍ന്നു പരവൂര്‍ പൊലീസ് രാത്രി രാകേഷിന്റെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. എന്നാല്‍ കുട്ടിയെ കണ്ടെത്താനായില്ല. ഇന്നു പുലര്‍ച്ചെയോടെ രാകേഷിന്റെ വീടിനു സമീപത്തെ ബസ് സ്റ്റോപ്പില്‍ നാട്ടുകാര്‍ കുട്ടിയെ കണ്ടു. തുടര്‍ന്നു പൊലീസെത്തി രാകേഷിന്റെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണു യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കുട്ടിയെ തിരുപ്പൂര്‍ പൊലീസ് സ്വദേശത്തേക്കു കൊണ്ടുപോയി. കേരളത്തിലും തമിഴ്നാട്ടിലും കെട്ടിടനിര്‍മാണ ജോലികള്‍ കരാറെടുത്ത് നടത്തുന്ന രാകേഷ് ഇതുമായി ബന്ധപ്പെട്ട ചില സാമ്പത്തിക തര്‍ക്കങ്ങളുടെ പേരിലാണു കുട്ടിയെ തട്ടിക്കൊണ്ടുവന്നതെന്നാണ് ആരോപണം.

13:46 (IST) 17 Sep 2022
മുസ്‌ലിം ലീഗിൽ പൊട്ടിത്തെറി ഉണ്ടാകില്ലെന്ന് എം.കെ.മുനീർ

ഷാജിയുടെ പ്രസ്താവനയുടെ പേരില്‍ മുസ്‌ലിം ലീഗിൽ പൊട്ടിത്തെറി ഉണ്ടാകില്ലെന്ന് എം.കെ.മുനീര്‍ എം എല്‍ എ. കെ.എം.ഷാജി കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാളാണ്. ഷാജിയുടെ പ്രസംഗത്തിന്റെ  ഒരു ഭാഗം മാത്രമാണ് പുറത്തു വന്നതെന്നും മുനീര്‍ പറഞ്ഞു.

12:31 (IST) 17 Sep 2022
ഗവര്‍ണര്‍ പറയുന്നത് ലോകത്താരും വിശ്വസിക്കാത്ത കാര്യമെന്ന് എം.വി.ഗോവിന്ദന്‍

ഗവർണറുടെ ഭാഗത്ത് നിന്ന് പദവിക്ക് നിരക്കാത്ത സമീപനം ഉണ്ടാകുന്നെന്നാണ് എം വി ഗോവിന്ദന്റെ വിമര്‍ശനം. സർക്കാരിനും സർവകലാശാലക്കും എതിരെ തെറ്റായ പ്രചാരവേല നടത്തുന്നു. ജനങ്ങളുടെ കൺമുന്നിലുള്ള കാര്യങ്ങൾ ഗവർണർ വളച്ചൊടിക്കുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

11:38 (IST) 17 Sep 2022
തെരുവ് നായ്ക്കളില്‍നിന്നു കുട്ടികള്‍ക്കു സുരക്ഷയൊരുക്കാൻ തോക്കെടുത്തു, സമീറിനെതിരെ കേസ്

തെരുവു നായ്ക്കളുടെ ആക്രമണത്തിൽനിന്നു മദ്രസയിലേക്കു പോയ കുട്ടികൾക്ക് സുരക്ഷയൊരുക്കാൻ തോക്കുമായി നടന്ന ബേക്കല്‍ ഹദ്ദാദ് നഗര്‍ നിവാസിയായ സമീറിനെതിരെ കേസെടുത്തു. ഐപിസി 153 പ്രകാരം ലഹള ഉണ്ടാക്കാൻ ഇടയാക്കുന്ന തരത്തിലുള്ള പ്രവൃത്തി നടത്തിയതിനാണ് ബേക്കൽ പൊലീസ് സമീറിനെതിരെ കേസെടുത്തത്.

10:51 (IST) 17 Sep 2022
സംസ്ഥാനത്തെ കോവിഡ് കേസുകളിൽ വർധന

സംസ്ഥാനത്തെ കോവിഡ് കേസുകളിൽ വർധനവ്. സെപ്റ്റംബർ ഒന്നാം തിയതി 1238 കോവിഡ് കേസുകളായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഈ മാസം പത്താം തീയതി കോവിഡ് കേസുകൾ 1800 ആയി ഉയർന്നു.

09:26 (IST) 17 Sep 2022
കോഴിക്കോട് മെഡി. കോളേജ് ആക്രമണ കേസ്; പൊലീസിനെ രൂക്ഷമായി വിമർശിച്ച് ജനാധിപത്യ മഹിള അസോസിയേഷൻ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച കേസിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ജനാധിപത്യ മഹിള അസോസിയേഷൻ. പ്രതികൾക്ക് വേണ്ടിയുളള തിരച്ചിലിന്‍റെ പേരിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ വീട്ടിൽക്കയറി സ്ത്രീകൾക്കെതിരെ പൊലീസ് അതിക്രമം കാണിക്കുന്നെന്നാണ് ആക്ഷേപം. ഇടത് സർക്കാരിന്റെ നയം പൊലീസ് അട്ടിമറിക്കുന്നെന്നാരോപിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ കോഴിക്കോട് പ്രതിഷേധ പ്രകടനം നടത്തി.

09:25 (IST) 17 Sep 2022
മാവേലിക്കരയിൽ ആണായി ചമഞ്ഞ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതിക്ക് പത്ത് വർഷം തടവും പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആൺവേഷത്തിൽ കഴിയുന്ന യുവതി തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിക്ക് പത്ത് വർഷം തടവും പിഴയും വിധിച്ച് ഹരിപ്പാട് പ്രത്യേക ഫാസറ്റ് ട്രാക്ക് കോടതി. തിരുവനന്തപുരം വീരണക്കാവ് കൃപാനിലയം സന്ധ്യ (27)യെ ആണ് പത്ത് വർഷം കഠിന തടവിനും ഒരു ലക്ഷത്തി ഏഴായിരം രൂപ പിഴയും വിധിച്ച് ഹരിപ്പാട് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് എസ് സജികുമാർ ഉത്തരരവായത്. 

09:24 (IST) 17 Sep 2022
നരേന്ദ്ര മോദിക്ക് ഇന്ന് പിറന്നാള്‍; രാജ്യവ്യാപകമായി ആഘോഷിക്കാനൊരുങ്ങി ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് പിറന്നാൾ. എഴുപത്തിരണ്ടാം ജന്മദിനത്തിൽ മധ്യപ്രദേശിൽ നടക്കുന്ന വിവിധ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. അതേസമയം, പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സേവാ ദിവസമായി ആചരിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇന്ന് മുതല്‍ ഒക്ടോബർ 2 വരെ നീളുന്ന ആഘോഷ പരിപാടികളാണ് ബിജെപി വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കുക.

Web Title: Top news live updates 17 september 2022