scorecardresearch
Latest News

Top News Highlights: വിഴിഞ്ഞം സമരം: ഒമ്പതു കേന്ദ്രങ്ങളില്‍ ഇന്നു റോഡുപരോധസമരം

രാവിലെ 11 ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നു സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ചും നടത്തും

Top News Highlights: വിഴിഞ്ഞം സമരം: ഒമ്പതു കേന്ദ്രങ്ങളില്‍ ഇന്നു റോഡുപരോധസമരം

Top News Highlights: വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഒമ്പതു കേന്ദ്രങ്ങളില്‍ ഇന്നു റോഡുപരോധസമരം നടത്തും. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കും. തുറമുഖ കവാടത്തിലെ സമരം സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും അട്ടിമറിക്കാന്‍ ശ്രമിക്കുകയുമാണെന്നുമാണ് സമരസമിതിയുടെ ആരോപണം. ആറ്റിങ്ങല്‍, കഴക്കൂട്ടം സ്റ്റേഷന്‍കടവ്, ചാക്ക, തിരുവല്ലം, വിഴിഞ്ഞം, പൂവാര്‍, ഉച്ചക്കട എന്നിവിടങ്ങളില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് 3 വരെയാണ് ഉപരോധം. രാവിലെ 11 ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നു സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ചും നടത്തും.

Live Updates
21:33 (IST) 17 Oct 2022
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പുതിയ ചീഫ് ജസ്റ്റിസ്; സത്യപ്രതിജഞ നവംബര്‍ ഒന്‍പതിന്

രാജ്യത്തിന്റെ പുതിയ ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡിനെ രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. സത്യപ്രതിജഞ നവംബര്‍ ഒന്‍പതിനു നടക്കും. നിലവിലെ ചീഫ് ജസ്റ്റിസ് യു യു ലളിത് നവംബര്‍ എട്ടിനു വിരമിക്കും.

രാജ്യത്തിന്റെ അന്‍പതാമതു ചീഫ് ജസ്റ്റിസാകുന്ന ഡി വൈ ചന്ദ്രചൂഡ് 2024 നവംബര്‍ 10 വരെ ആ പദവിയില്‍ തുടരും. സേവനകാലയളവ് രണ്ടു വര്‍ഷം. നിലവിലെ ചീഫ് ജസ്റ്റിസ് യു യു ലളിതിനു മൂന്നു മാസം മാത്രമാണു പദവി വഹിക്കാന്‍ കഴിഞ്ഞത്. തന്റെ പിന്‍ഗാമിയായി ഡി വൈ ചന്ദ്രചൂഡിനെ ചീഫ് ജസ്റ്റിസ് യു യു ലളിത് ഒക്‌ടോബര്‍ 11നു ശിപാര്‍ശ ചെയ്തിരുന്നു. ഇത് അംഗീകരിച്ചാണു രാഷ്ട്രപതി നിയമനം പ്രഖ്യാപിച്ചത്.

20:07 (IST) 17 Oct 2022
തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; മേല്‍ശാന്തി നറുക്കെടുപ്പ് നാളെ

തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്നു വൈകീട്ട് അഞ്ചിനു തുറന്നു. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര എന്‍ പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു. പിന്നീട് ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിച്ചു. ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് തുലാം ഒന്നായ നാളെ നടക്കും. രാവിലെ അഞ്ചിനു നട തുറക്കും. രാവിലെ 7.30ന് ഉഷപൂജയ്ക്കുശേഷമാണു നറുക്കെടുപ്പ്. 22നു രാത്രി 10നു ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും. ചിത്തിര ആട്ടവിശേഷത്തിനായി ക്ഷേത്രനട വീണ്ടും 24 ന് വൈകീട്ട് അഞ്ചിനു തുറക്കും.25 നാണ് ആട്ട ചിത്തിര. അന്നു രാത്രി 10ന് അടയ്ക്കുന്ന നടന്ന പിന്നെ മണ്ഡലകാല മഹോല്‍സവത്തിനായി നവംബര്‍ 16ന് വൈകീട്ട് അഞ്ചിനാണു തുറക്കുക. ഇത്തവണ തീര്‍ത്ഥാടകര്‍ക്കായി വിപുലമായ സൗകര്യമൊരുക്കുമെന്നു മണ്ഡല-മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ടു പമ്പയില്‍ നടന്ന അവലോകനയോഗത്തില്‍ ദേവസ്വം മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു. ഭക്തര്‍ക്കാവശ്യമായ സംരക്ഷണം, ആരോഗ്യപരിപാലനം തുടങ്ങിയവ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വകുപ്പുതല ഏകോപനത്തിനായി ഐ എ എസ് ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

19:39 (IST) 17 Oct 2022
അന്ധവിശ്വാസത്തിനെതിരെ നിയമം ഉടൻ: മുഖ്യമന്ത്രി

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എതിര്‍ക്കപ്പെടേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. “അനാചാരങ്ങളെ എതിര്‍ക്കുമ്പോള്‍ അത് മതവിശ്വാസത്തിനെതിരാകുമോ എന്ന് ചിലര്‍ ചിന്തിക്കുന്നപ. അനാചാരങ്ങളെ എതിര്‍ത്താല്‍ മതത്തെ എതിര്‍ത്തുവെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. മത വിശ്വാസിയാകുന്നത് അന്ധവിശ്വാസമല്ല. അതിന്റെ ഭാഗമായ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണ് എതിര്‍ക്കുന്നത്. അന്ധവിശ്വാസത്തിനെതിരായ നിയമ ഉടനുണ്ടാകും,” മുഖ്യമന്ത്രി വ്യക്തമാക്കി.

18:11 (IST) 17 Oct 2022
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് തന്നെ; കേരളത്തിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന് (എ ഇ എല്‍) പാട്ടത്തിനു നല്‍കിയതിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ(എ എ ഐ)യുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും ജീവനക്കാരുടെ യൂണിയനുമാണു കോടതിയെ സമീപിച്ചത്.

അദാനി ഗ്രൂപ്പിനു പാട്ടത്തിനു നല്‍കിയതു ഹൈക്കോടതി 2020 ഒക്ടോബര്‍ 19നു ശരിവച്ചിരുന്നു. ഇതു ചോദ്യം ചെയ്തുകൊണ്ടാണു സംസ്ഥാന സര്‍ക്കാരും എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയനും സുപ്രീം കോടതിയെ സമീപിച്ചത്.

17:11 (IST) 17 Oct 2022
മന്ത്രിമാരെ പുറത്താക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ല, കുത്തിയത് ഭരണഘടനയുടെ മര്‍മത്ത്: സി പി എം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന ഭരണഘടനാ പദവിക്കു യോജിക്കാത്തതാണെന്നു സി പി എം. മന്ത്രിമാരെ പുറത്താക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ല. രാഷ്ട്രപതി ഇടപെട്ട് ഗവര്‍ണറെ തിരുത്തണമെന്നും പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

ഭരണഘടനാ വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് രാഷ്ട്രപതി ഗവര്‍ണറെ തടയണം. ഏകാധിപത്യ അധികാരങ്ങള്‍ ഗവര്‍ണര്‍ പദവിയില്‍ ഇല്ല. പ്രസ്താവനയിലൂടെ ഗവര്‍ണറുടെ രാഷ്ട്രീയപക്ഷം വെളിപ്പെടുത്തിയിരിക്കുകയാണ്. എല്‍ ഡി എഫ് സര്‍ക്കാരിനോടുള്ള വിദ്വേഷവും ഇതിലൂടെ വ്യക്തമാകുന്നുതായും പി ബി അഭിപ്രായപ്പെട്ടു.

16:09 (IST) 17 Oct 2022
ട്വന്റി 20 ലോകകപ്പ്: സൂപ്പര്‍മാന്‍ കോഹ്ലിയും ഹീറൊ ഷമിയും; ഓസ്ട്രേലിയയെ ഞെട്ടിച്ച് ഇന്ത്യ

സന്നാഹ മത്സരങ്ങളിലും പോലും നൂറ് ശതമാനം കൊടുക്കുന്ന താരമാണ് വിരാട് കോഹ്ലി. അത് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്. ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരായ മത്സരത്തിലാണ് ക്രിക്കറ്റ് ലോകത്തെ കോഹ്ലി അമ്പരപ്പിച്ചത്. മത്സരത്തിന്റെ അവസാന ഓവറിലായിരുന്നു സംഭവം.

ഇന്ത്യ ഉയര്‍ത്തിയ 187 എന്ന ഭേദപ്പെട്ട വിജയലക്ഷ്യം അനായാസം മറികടക്കാനൊരുങ്ങുകയായിരുന്നു ഓസ്ട്രേലിയ. അവസാന ഓവറില്‍ ജയിക്കാനാവശ്യമായിരുന്നത് 11 റണ്‍സ്. നാല് വിക്കറ്റും കങ്കാരുപ്പടയുടെ കൈവശമുണ്ടായിരുന്നു. നിര്‍ണായക ഓവര്‍ എറിയാന്‍ നായകന്‍ രോഹിത് ഏല്‍പ്പിച്ചത് കോവിഡില്‍ നിന്ന് മുക്തി നേടി തിരിച്ചെത്തിയ മുഹമ്മദ് ഷമിയെ.

https://malayalam.indianexpress.com/sports/cricket/superman-kohli-and-hero-shami-assures-win-for-india-against-australia-708919/

15:15 (IST) 17 Oct 2022
സംസ്ഥാനത്ത് 21 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് 21 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും സാധ്യത.

തെക്ക് കിഴക്കന്‍ അറബികടലില്‍ കേരള തീരത്തിനു സമീപമായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. നാളെയോടെ വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടേക്കും. ഇത് വ്യാഴാഴ്ചയോടെ ബംഗാള്‍ ഉള്‍കടലില്‍ എത്തിചേരും. ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. അതിനാല്‍ അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. തുലാവര്‍ഷത്തിനു മുന്നോടിയായുള്ള മഴയും ഈ ദിവസങ്ങളില്‍ കിട്ടും. 20ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

14:02 (IST) 17 Oct 2022
വിഴിഞ്ഞം സമരം: ഗതാഗതം സ്തംഭിച്ചു, വിമാനത്താവളത്തിലേക്കു വന്ന യാത്രക്കാര്‍ ഉള്‍പ്പെടെ കുടുങ്ങി

വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഒമ്പതു കേന്ദ്രങ്ങളില്‍ നടത്തുന്ന റോഡുപരോധസമരത്തില്‍ വിമാനത്താവളത്തിലേക്കു വന്ന യാത്രക്കാര്‍ ഉള്‍പ്പെടെ കുടുങ്ങി. Read More

13:16 (IST) 17 Oct 2022
പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവന; സര്‍ക്കാരിനും മന്ത്രിമാര്‍ക്കും മുന്നറിയിപ്പുമായി ഗവര്‍ണര്‍

സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. മന്ത്രിമാര്‍ ഗവര്‍ണര്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ചാല്‍ ഗവര്‍ണര്‍ സ്ഥാനത്തിന്റെ അന്തസ് കുറച്ച് കാണിച്ചാല്‍, മന്ത്രി സ്ഥാനം അടക്കം പിന്‍വലിക്കുമെന്നാണ് ഗവര്‍ണര്‍ ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കിയത്.

സര്‍ക്കാരിനും മന്ത്രിമാര്‍ക്കും മുന്നറിയുപ്പുമായാണ് ഗവര്‍ണറുടെ പ്രസ്താവന. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു അടക്കമുള്ളവര്‍ നടത്തിയ പ്രസ്താവനയാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. മന്ത്രിമാര്‍ ഗവര്‍ണര്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ചാല്‍ ഗവര്‍ണര്‍ സ്ഥാനത്തിന്റെ അന്തസ് കുറച്ച് കാണിച്ചാല്‍, കടുത്ത നടപടി സ്വീകരിക്കുമെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുന്നറിയിപ്പ്.

11:58 (IST) 17 Oct 2022
തെരഞ്ഞെടുപ്പില്‍ പദവിയിലിരുന്ന് പക്ഷം പിടിച്ചവരുടെത് തെറ്റായ സന്ദേശമെന്ന് എം കെ രാഘവന്‍

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പദവിയിലിരുന്ന് പക്ഷം പിടിച്ചവരുടെത് തെറ്റായ സന്ദേശമെന്ന് എം കെ രാഘവന്‍ എംപി.വി.കെ. കൃഷ്ണമേനോനു ശേഷം കേരളത്തിന്റെ അഭിമാനമാണ് തരൂര്‍. കേരളത്തിലെ നേതാക്കള്‍ പുറമേ എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോഴും വോട്ട് തരൂരിനു തന്നെ നല്‍കുമെന്നും രാഘവന്‍ പറഞ്ഞു.ശശി തരൂര്‍ ട്രെയിനിയല്ല, ട്രെയിനറാണ്. തരൂര്‍ ഉറപ്പായും വിജയിക്കും. അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

11:32 (IST) 17 Oct 2022
പദവിക്കും അധികാരത്തിനും വേണ്ടിയല്ല മത്സരിക്കുന്നത്, പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടി : ശശി തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷ പങ്കുവെച്ച് ശശി തരൂര്‍. 16 ദിവസം കൊണ്ട് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു. പത്ത് സംസ്ഥാനങ്ങളില്‍ നേരിട്ട് പോയി പ്രവര്‍ത്തകരെ കണ്ടു. എല്ലാവരിലേക്കും തന്റെ സന്ദേശം എത്തിയിട്ടുണ്ടെന്നും തരൂര്‍ പ്രതികരിച്ചു.

തനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു, ബാക്കി വോട്ടര്‍മാര്‍ തീരുമാനിക്കട്ടെ, തിങ്കളാഴ്ച രാവിലെ പ്രിയങ്ക ഗാന്ധിയുമായി സംസാരിച്ചപ്പോള്‍ ഈ തിരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് ഗുണം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞതായും ശശി തരൂര്‍ പറഞ്ഞു.

10:05 (IST) 17 Oct 2022
വിഴിഞ്ഞം സമരം: ഒമ്പതു കേന്ദ്രങ്ങളില്‍ ഇന്നു റോഡുപരോധസമരം

വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഒമ്പതു കേന്ദ്രങ്ങളില്‍ ഇന്നു റോഡുപരോധസമരം നടത്തും. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കും. തുറമുഖ കവാടത്തിലെ സമരം സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും അട്ടിമറിക്കാന്‍ ശ്രമിക്കുകയുമാണെന്നുമാണ് സമരസമിതിയുടെ ആരോപണം. ആറ്റിങ്ങല്‍, കഴക്കൂട്ടം സ്റ്റേഷന്‍കടവ്, ചാക്ക, തിരുവല്ലം, വിഴിഞ്ഞം, പൂവാര്‍, ഉച്ചക്കട എന്നിവിടങ്ങളില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് 3 വരെയാണ് ഉപരോധം. രാവിലെ 11 ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നു സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ചും നടത്തും

Web Title: Top news live updates 17 october 2022