scorecardresearch
Latest News

Top News Highlights: പുതിയ ഇന്ത്യയില്‍ അവകാശങ്ങള്‍ തേടുന്നവര്‍ അറസ്റ്റ് ചെയ്യപ്പെടും: രാഹുല്‍ ഗാന്ധി

ഉത്തര്‍ പ്രദേശ് പൊലീസ് ഒരുകൂട്ടം വിദ്യാര്‍ഥികളെ പിടികൂടിക്കൊണ്ടുപോകുന്ന വീഡിയോയും പങ്കുവച്ചായിരുന്നു രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചത്

Rahul Gandhi, narendra Modi, ie malayalam

Top News Highlights: രാജ്യത്തെ തൊഴിലില്ലായ്മയ്ക്കും പ്രതിഷേധിക്കുന്ന യുവാക്കള്‍ക്കുമെതിരായ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അവകാശങ്ങള്‍ക്കായി പോരാടിയാല്‍ അറസ്റ്റ് ചെയ്യപ്പെടുമെന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍. ഉത്തര്‍ പ്രദേശ് പൊലീസ് ഒരുകൂട്ടം വിദ്യാര്‍ഥികളെ പിടികൂടിക്കൊണ്ടുപോകുന്ന വീഡിയോയും പങ്കുവച്ചായിരുന്നു രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചത്.

“ചോദ്യങ്ങള്‍ ചോദിക്കരുത്. നിങ്ങളുടെ ശബ്ദം ഉയര്‍ത്തരുത്. സമാധാനത്തോടെ പ്രതിഷേധിക്കരുത്. പുതിയ ഇന്ത്യയില്‍ അവകാശങ്ങള്‍ക്കായി പോരാടുന്നവര്‍ അറസ്റ്റ് ചെയ്യപ്പെടും. യുവതയെ തൊഴില്‍ രഹിതരാക്കി, കോടിക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷയില്ലാതാക്കി, ഈ സര്‍ക്കാര്‍ രാജ്യത്തിന്റെ ഭാവിയെ തന്നെ നശിപ്പിക്കുകയാണ്,” രാഹുല്‍ ട്വീറ്റ് ചെയ്തു.

സിപിഐയെ കുറിച്ചോർത്ത് കെസി വേണുഗോപാൽ ദുഃഖിക്കേണ്ട, കോൺഗ്രസിലെ സ്ത്രീകളെ കുറിച്ചും ചിന്തിക്കു: ആനി രാജ

കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിന് മറുപടിയുമായി സിപിഐ നേതാവ് ആനി രാജ. എം എം മണിക്കെതിരെ സിപിഐ നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കാനും പാര്‍ട്ടി നേതൃത്വത്തെ കുറ്റപ്പെടുത്താനും അധിക്ഷേപിക്കാനും വേണുഗോപാല്‍ മുതിരേണ്ടെന്ന്‌ ആനി രാജ പറഞ്ഞു.

സി പി ഐയെ കുറിച്ചോർത്ത് കെ സി വേണുഗോപാൽ ദുഖികേണ്ടെന്നും സ്വന്തം പാർട്ടിയിലെ യുവാക്കളെയും സ്ത്രീകളെയും കുറിച്ച് ചിന്തിച്ചാൽ മതിയെന്നും ആനി രാജ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് പറയുന്നത് പോലെയല്ല സിപിഐ പ്രവർത്തിക്കുന്നതെന്നും പറഞ്ഞു. നേരത്തെ എം എം മണി വിഷയത്തിൽ ആനി രാജയ്ക്ക് നേരെ ആക്രമണ രീതിയിലാണ് സിപിഎം നേതാക്കളുടെ പ്രതികരണം എന്ന് കെ സി വേണുഗോപാൽ പറഞ്ഞിരുന്നു.

Live Updates
23:00 (IST) 17 Jul 2022
പുതിയ ഇന്ത്യയില്‍ അവകാശങ്ങള്‍ തേടുന്നവര്‍ അറസ്റ്റ് ചെയ്യപ്പെടും: രാഹുല്‍ ഗാന്ധി

രാജ്യത്തെ തൊഴിലില്ലായ്മയ്ക്കും പ്രതിഷേധിക്കുന്ന യുവാക്കള്‍ക്കുമെതിരായ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അവകാശങ്ങള്‍ക്കായി പോരാടിയാല്‍ അറസ്റ്റ് ചെയ്യപ്പെടുമെന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍. ഉത്തര്‍ പ്രദേശ് പൊലീസ് ഒരുകൂട്ടം വിദ്യാര്‍ഥികളെ പിടികൂടിക്കൊണ്ടുപോകുന്ന വീഡിയോയും പങ്കുവച്ചായിരുന്നു രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചത്.

“ചോദ്യങ്ങള്‍ ചോദിക്കരുത്. നിങ്ങളുടെ ശബ്ദം ഉയര്‍ത്തരുത്. സമാധാനത്തോടെ പ്രതിഷേധിക്കരുത്. പുതിയ ഇന്ത്യയില്‍ അവകാശങ്ങള്‍ക്കായി പോരാടുന്നവര്‍ അറസ്റ്റ് ചെയ്യപ്പെടും. യുവതയെ തൊഴില്‍ രഹിതരാക്കി, കോടിക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷയില്ലാതാക്കി, ഈ സര്‍ക്കാര്‍ രാജ്യത്തിന്റെ ഭാവിയെ തന്നെ നശിപ്പിക്കുകയാണ്,” രാഹുല്‍ ട്വീറ്റ് ചെയ്തു.

21:25 (IST) 17 Jul 2022
ശ്രീലങ്കന്‍ പ്രതിസന്ധി: സര്‍വകകക്ഷിയോഗം വിളിച്ച് കേന്ദ്രം

സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിലെ സാഹചര്യം വിശകലനം ചെയ്യുന്നതിനായി സര്‍വകക്ഷിയോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. ശ്രീലങ്കൻ പ്രതിസന്ധിയെക്കുറിച്ച് ധനമന്ത്രി നിർമല സീതാരാമനും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും സർവകക്ഷി യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെ ധരിപ്പിക്കുമെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.

20:25 (IST) 17 Jul 2022
സിബിഎസ്ഇ ഫലം വൈകുന്നു; പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടിയേക്കും

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടിയേക്കും. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം വരാത്ത സാഹചര്യത്തിലാണ് നീക്കം. കേന്ദ്ര സിലബസില്‍ പഠിച്ച കുട്ടികള്‍ക്ക് കൂടി അവസരം ഉറപ്പാക്കാനാണ് തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ തീയതി നീട്ടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം നാളെ ചേരുന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും.

നാളെയാണ് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ നല്‍കാനുള്ള അവസാന തീയതി. കേരളത്തിലെ പ്ലസ് വൺ ആദ്യഘട്ട അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതിക്ക് മുന്‍പ് സിബിഎസ്ഇ, ഐസിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് അദ്ദേഹം കത്തയക്കുകയും ചെയ്തിരുന്നു.

20:17 (IST) 17 Jul 2022
മഴ ശക്തമായി തുടരും

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

19:15 (IST) 17 Jul 2022
വിദ്യാര്‍ഥിനിയുടെ മരണം: തമിഴ്നാട്ടില്‍ സ്കൂളിനെതിരെ പ്രതിഷേധം; ബസുകള്‍ കത്തിച്ചു

വിദ്യാര്‍ഥിനിയുടെ മരണത്തില്‍ നീതി ആവശ്യപ്പെട്ടുകൊണ്ട് തമിഴ്നാട് കല്ലക്കുറിച്ചിയിലെ സ്കൂളില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധം കലാപസമാനമായി. 13 സ്കൂള്‍ ബസുകള്‍ കത്തിക്കുകയും മൂന്ന് പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തതായാണ് വിവരം.

ചിന്ന സേലത്തിന് സമീപം കനിയാമൂരിലെ സ്കൂളില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനിടയുണ്ടായ കല്ലേറില്‍ സാധാരണക്കാര്‍ക്കും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണത്തെ ഏകദേശം രണ്ടായിരത്തോളം പേര്‍ പ്രദേശത്തുണ്ടായിരുന്നതായണ് വിവരം. വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

18:16 (IST) 17 Jul 2022
മങ്കിപോക്‌സ്: എയര്‍പോര്‍ട്ടുകളില്‍ ഹെല്‍പ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂര്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളിലാണ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു വരുന്നത്. വിദേശത്ത് നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്താനും അവര്‍ക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനുമാണ് ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുന്നത്. സംശയനിവാരണത്തിനും ഈ ഹെല്‍പ് ഡെസ്‌ക് ഉപകരിക്കും. പരിശീലനം സിദ്ധിച്ച ജീവനക്കാരെയാണ് ഈ ഹെല്‍പ് ഡെസ്‌കുകളില്‍ നിയോഗിക്കുന്നത്. ജില്ലകളില്‍ ഐസൊലേഷന്‍ സംവിധാനങ്ങള്‍ സജ്ജമാക്കിയതായും മന്ത്രി വ്യക്തമാക്കി.

17:21 (IST) 17 Jul 2022
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: മാര്‍ഗരറ്റ് ആല്‍വ പ്രതിപക്ഷ സ്ഥാനാര്‍ഥി

അടുത്ത മാസം നടക്കാനിരിക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മുന്‍ കേന്ദ്രമന്ത്രിയും ഗവര്‍ണറുമായിരുന്ന മാര്‍ഗരറ്റ് ആല്‍വ പ്രതിപക്ഷ സ്ഥാനാര്‍ഥിയാകും. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്.

16:20 (IST) 17 Jul 2022
ലൈംഗിക അത്രിക്രമം: സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ കേസ്

ലൈംഗിക അത്രിക്രമത്തിന് സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ പൊലീസ് കേസ്. യുവ എഴുത്തുകാരിയുടെ പരാതിയില്‍ കൊയിലാണ്ടി പൊലീസാണ് കേസെടുത്തിരിക്കുന്നത്. ലൈംഗിക അതിക്രമത്തിന് പുറമെ പട്ടികജാതി വിഭാഗത്തിനെതിരായ അതിക്രമം തടയുന്ന വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

15:28 (IST) 17 Jul 2022
കോവിഡ് വാക്സിനേഷനിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ; വാക്സിനേഷൻ 200 കോടി കടന്നു

കോവിഡ് വാക്സിനേഷനിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ. ഞായറാഴ്ച ഉച്ച വരെ ഏകദേശം 200 കോടി (2 ബില്യൺ) കോവിഡ് -19 വാക്‌സിൻ ഡോസുകൾ ഇന്ത്യ വിതരണം ചെയ്തു. 2021 ജനുവരിയിൽ വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ച് ഏകദേശം ഒന്നര വർഷത്തിന് ശേഷമാണ് ഈ നേട്ടം. വാക്സിനേഷനിൽ 100 കോടി ഡോസ് എന്ന നേട്ടം പിന്നിട്ട് ഒമ്പത് മാസത്തിന് ശേഷമാണ് 200 കോടി കടക്കുന്നത്.

14:16 (IST) 17 Jul 2022
സിംഗപ്പൂർ ഓപ്പൺ നേടി പി.വി സിന്ധു; ഈ വർഷത്തെ മൂന്നാം കിരീടം

പി വി സിന്ധുവിന് സിംഗപ്പൂർ ഓപ്പൺ സൂപ്പർ 500 കിരീടം. ഞായറാഴ്ച നടന്ന വാശിയേറിയ വനിതാ സിംഗിൾസ് ഫൈനലിൽ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവും ലോക 11-ാം നമ്പര്‍ താരവുമായ ചൈനയുടെ വാങ് ഷി യിയെ പരാജയപ്പെടുത്തിയാണ് കിരീട നേട്ടം. സിന്ധുവിന്റെ ആദ്യ സിംഗപ്പൂർ ഓപ്പൺ കിരീടവും ഈ വർഷത്തെ മൂന്നാം കിരീടവുമാണ് ഇത്.

13:36 (IST) 17 Jul 2022
നാളെ മുതൽ മഴ കുറയുമെന്ന് പ്രവചനം; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. വടക്കൻ ജില്ലകളിലും തെക്കൻ ജില്ലകളിലും കനത്ത മഴയാണ് പെയ്യുന്നതെന്നാണ് വിവരം. ഒമ്പത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. അറബികടലിലും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ന്യൂനമർദ്ദങ്ങളും, മഹാരാഷ്ട്ര മുതൽ ഗുജറാത്ത് വരെയായുള്ള ന്യൂനമർധ പാത്തിയുമാണ് മഴ ശക്തമായി തുടരാൻ കാരണം.

അതേസമയം,കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന മഴ നാളെ മുതൽ കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത ദിവസങ്ങളിൽ ന്യൂനമർദ്ദങ്ങൾ അകലുന്നതോടെ മഴയുടെ ശക്തി കുറയുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ രണ്ടാഴ്ചക്കിടെ സംസ്ഥാനത്ത് 52.18 സെന്റിമീറ്റര്‍ മഴ ലഭിച്ചെന്നാണ് കണക്കുകൾ.

12:47 (IST) 17 Jul 2022
കുഞ്ഞിലയുടെ സിനിമ ഒഴിവാക്കിയതിൽ വിശദീകരണവുമായി അക്കാദമി

രാജ്യാന്തര ചലച്ചിത്ര മേളയിൽ നിന്ന് സംവിധായിക കുഞ്ഞില മാസിലാമണിയുടെ സിനിമ ഒഴിവാക്കിയതിൽ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ്. റിലീസ് ചെയ്ത സിനിമകൾ ഫെസ്റ്റിവെല്ലിൽ പ്രദർശിപ്പിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സിനിമകളാണ് മലയാളം വിഭാഗത്തിൽ മേളയിൽ ഉൾപ്പെടുത്തിയത്. അതുകൊണ്ടാണ് ‘അസംഘടിതർ’ എന്ന കുഞ്ഞിലയുടെ സിനിമ ഒഴിവാക്കിയത്. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും കുഞ്ഞിലയുമായി ചർച്ച നടത്താൻ തയ്യാറാണെന്നും അജോയി പറഞ്ഞു. എന്നാൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കുഞ്ഞിലയുടെ സിനിമ മേളയിൽ പ്രദർശിപ്പിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

12:29 (IST) 17 Jul 2022
സിപിഐയെ കുറിച്ചോർത്ത് കെസി വേണുഗോപാൽ ദുഃഖിക്കേണ്ട, കോൺഗ്രസിലെ സ്ത്രീകളെ കുറിച്ചും ചിന്തിക്കു: ആനി രാജ

കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിന് മറുപടിയുമായി സിപിഐ നേതാവ് ആനി രാജ. എം എം മണിക്കെതിരെ സിപിഐ നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കാനും പാര്‍ട്ടി നേതൃത്വത്തെ കുറ്റപ്പെടുത്താനും അധിക്ഷേപിക്കാനും വേണുഗോപാല്‍ മുതിരേണ്ടെന്ന്‌ ആനി രാജ പറഞ്ഞു.

സി പി ഐയെ കുറിച്ചോർത്ത് കെ സി വേണുഗോപാൽ ദുഖികേണ്ടെന്നും സ്വന്തം പാർട്ടിയിലെ യുവാക്കളെയും സ്ത്രീകളെയും കുറിച്ച് ചിന്തിച്ചാൽ മതിയെന്നും ആനി രാജ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് പറയുന്നത് പോലെയല്ല സിപിഐ പ്രവർത്തിക്കുന്നതെന്നും പറഞ്ഞു. നേരത്തെ എം എം മണി വിഷയത്തിൽ ആനി രാജയ്ക്ക് നേരെ ആക്രമണ രീതിയിലാണ് സിപിഎം നേതാക്കളുടെ പ്രതികരണം എന്ന് കെ സി വേണുഗോപാൽ പറഞ്ഞിരുന്നു.

11:56 (IST) 17 Jul 2022
പശ്ചിമ ബംഗാളിലെ മാൽഡയിൽ ബോംബ് സ്‌ഫോടനം; രണ്ടു മരണം

പശ്ചിമ ബംഗാളിലെ മാൽഡയിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ടു പേർ മരിച്ചു. ഫർജാൻ എസ് കെ (45), സഫികുൽ ഇസ്‌ലാം (30) എന്നിവരാണ് മരിച്ചത്. ബോംബ് നിർമാണത്തിനിടെ പുലർച്ചെയാണ് അപകടമുണ്ടായത്.

10:53 (IST) 17 Jul 2022
സാങ്കേതിക തകരാർ: ഇൻഡിഗോ വിമാനം കറാച്ചിയിൽ ഇറക്കി

സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്ക് വരുകയായിരുന്ന ഇൻഡിഗോ വിമാനം പാകിസ്ഥാനിലെ കറാച്ചിയിൽ ഇറക്കിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. വിമാനത്തിലെ യാത്രക്കരെ ഇന്ത്യയിലേക്ക് എത്തിക്കാൻ മറ്റൊരു വിമാനം ഏർപ്പാടാക്കിയതായി ഇൻഡിഗോ അറിയിച്ചു. അടുത്തിടെ സാങ്കേതിക തകരാറിനെ തുടർന്ന് സ്‌പൈസ്ജെറ്റ് വിമാനം കറാച്ചിയിൽ ഇറക്കിയിരുന്നു.

10:14 (IST) 17 Jul 2022
പന്നിയങ്കര ടോൾ പ്ലാസയിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു കയറി; യാത്രക്കാർക്ക് പരുക്ക്

പന്നിയങ്കര ടോൾ പ്ലാസയിലേക്ക് കെ എസ് ആർ ടി സി ബസ് ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്. തൃശ്ശൂർ ഭാഗത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോയ ബസാണ് അപകടത്തിൽപെട്ടത് . ടോൾ പ്ലാസയുടെ മുമ്പിലെ ഡിവൈഡറിലേക്കാണ് ഇടിച്ച് കയറിയത് .

അപകടത്തിൽ 20 പേർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

09:52 (IST) 17 Jul 2022
കുഞ്ഞിലയ്‌ക്കെതിരായ നടപടിയിൽ പ്രതിഷേധം ശക്തം: സിനിമ പിന്‍‌വലിച്ച് വിധു, കേരളത്തിലെ മേളകളുമായി ഇനി സഹകരിക്കില്ലെന്ന് ലീന

രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ വേദിയിൽ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മസിലമണിയെ പിന്തുണച്ചും കുഞ്ഞിലയ്‌ക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും വനിതാ സംവിധായകർ. മേളയിൽ നിന്ന് വിധു വിൻസെന്റ് തന്റെ സിനിമ പിന്‍വലിച്ചു. ഇന്ന് രാവിലെ പ്രദർശനം നടക്കേണ്ടിയിരുന്ന വൈറല്‍ സെബി എന്ന ചിത്രമാണ് പിൻവലിച്ചത്. മേളയിലെ നാല് മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്.

കുഞ്ഞില മാസിലാമണിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംവിധായിക തമിഴ് സംവിധായിക ലീനാ മണിമേഖലയും രംഗത്തെത്തി. ജിയോ ബേബി നിർമ്മിച്ച “ഫ്രീഡം ഫൈറ്റ്” എന്ന ആന്തോളജി സിനിമയുടെ ഭാഗമായ കുഞ്ഞിലയുടെ “അസംഘടിതർ” എന്ന സിനിമ മലയാളത്തിലെ ആദ്യത്തെ യഥാർത്ഥ സ്ത്രീപക്ഷ സിനിമയാണെന്നും. കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര വനിതാ ചലച്ചിത്രോത്സവത്തിൽ ആ ചിത്രം പ്രദര്ശിപ്പിക്കുന്നില്ലെങ്കിൽ അത് അടച്ചുപൂട്ടുന്നതാണ് നല്ലതെന്നും ലീന ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. കൂടുതൽ വായിക്കാം.

08:50 (IST) 17 Jul 2022
മുല്ലപ്പെരിയാറിൽ ആദ്യഘട്ട മുന്നറിയിപ്പ്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.4 അടി പിന്നിട്ടതോടെ തമിഴ്‌നാട് ആദ്യഘട്ട മുന്നറിയിപ്പ് നല്‍കി. ജലനിരപ്പ് 136 അടിയിലേക്കെത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണ ശേഷി. നിലവിലെ റൂൾ കർവ് പ്രകാരം ജൂലൈ 19 വരെ 136.30 അടി വെള്ളം അണക്കെട്ടിൽ സംഭരിക്കാം. അപ്പർ റൂൾ കർവിനോട് അടുത്താൽ സ്പിൽവേ ഷട്ടർ തുറന്നേക്കും. സെക്കന്റില്‍ 4021 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 1867 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.

08:50 (IST) 17 Jul 2022
സംസ്ഥാനത്ത് ഇന്നും വ്യാപക മഴ സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപകമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബികടലിലും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ന്യൂനമർദ്ദങ്ങളും, മഹാരാഷ്ട്ര മുതൽ ഗുജറാത്ത് വരെയായുള്ള ന്യൂനമർധ പാത്തിയുമാണ് മഴ ശക്തമായി തുടരാൻ കാരണം.

വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരും. അടുത്ത ദിവസങ്ങളിൽ ന്യൂനമർദ്ദങ്ങൾ അകലുന്നതോടെ മഴയുടെ ശക്തി കുറയാനാണ് സാധ്യത. കഴിഞ്ഞ ഒരാഴ്ചക്കിടെ സംസ്ഥാനത്ത് 259 മില്ലീമീറ്റര്‍ മഴ ലഭിച്ചെന്നാണ് കണക്കുകൾ. കൂടുതൽ വായിക്കാം.

08:49 (IST) 17 Jul 2022
മങ്കിപോക്സ്‌: വിമാനത്താവളങ്ങളിൽ ഇന്നുമുതൽ സ്ക്രീനിങ്

മങ്കിപോക്സ് ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കുന്നു. വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ഇന്നുമുതൽ നിരീക്ഷണം ശക്തമാക്കും. രോഗ ലക്ഷണങ്ങളുള്ളവർ എത്തുന്നുണ്ടോയെന്ന് സ്ക്രീൻ ചെയ്യും. ഇതിനായി വിമാനത്താവളത്തിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി. പ്രത്യേക സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ എല്ലാ വിമാനത്താവളങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.

Web Title: Top news live updates 17 july 2022 kerala