scorecardresearch

Top News Highlights: മങ്കിപോക്സ്: ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി; കേന്ദ്ര സംഘം കേരളത്തിലേക്ക്

Top News Live Updates: രോഗിയുടെ നില തൃപ്തികരമാണെന്നും മുഖ്യമന്ത്രി അറിയിച്ചു

Pinarayi Vijayan , PRD

Top News Highlights: സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചിരിക്കുകയാണെന്നും ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇയില്‍ നിന്നും വന്ന യാത്രക്കാരനാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ കാണിച്ച സമയത്ത് തന്നെ മുൻകരുതലുകളുടെ ഭാഗമായി അദ്ദേഹത്തെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. രോഗിയുടെ നില തൃപ്തികരമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്രസംഘം കേരളത്തിലെത്തും.

കെ ഫോണ്‍ പദ്ധതിക്ക് ഐ എസ് പി ലൈസന്‍സ് ലഭിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതിക്ക് ഐ എസ് പി ലൈസന്‍സ് ലഭിച്ചു. കേന്ദ്ര ടെലിക്കോം മന്ത്രാലയമാണ് ലൈസന്‍സ് അനുവദിച്ചത്. ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറായി കെ ഫോണിന് ഇനിമുതല്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഒന്നും പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നാണ് കെ ഫോണ്‍. കുറഞ്ഞ നിരക്കിലും സൗജന്യമായും ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്.

നുപുര്‍ ശര്‍മ കേസ്: മുന്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിനെതിരെ കോടതിയലക്ഷ്യത്തിന് അനുമതിയില്ല

നുപുര്‍ ശര്‍മ കേസില്‍ സുപ്രീം കോടതിയിലെ രണ്ടംഗ ബഞ്ചിന്റെ നിരീക്ഷണങ്ങളിൽ പ്രതികരിച്ച ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എസ് എൻ ധിംഗ്ര, മുതിർന്ന അഭിഭാഷകരായ അമൻ ലേഖി, കെ രാമകുമാർ എന്നിവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനുള്ള അനുമതി അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ നിരസിച്ചു. അതേസമയം, തനിക്കെതിരായ ആറ് കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി ആള്‍ട്ട്ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ ഹൈക്കോടതിയെ സമീപിച്ചു. ലഖിംപൂര്‍ ഖേരി, സീതാപൂര്‍, മുസാഫര്‍നഗര്‍, ഗാസിയാബാദ്, ഹത്രാസ് എന്നിവിടങ്ങളിലായി റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകള്‍ റദ്ദാക്കണെമെന്നാണ് ആവശ്യം.

Live Updates
21:20 (IST) 14 Jul 2022
മങ്കിപോക്സ്: ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചിരിക്കുകയാണെന്നും ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇയില്‍ നിന്നും വന്ന യാത്രക്കാരനാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ കാണിച്ച സമയത്ത് തന്നെ മുൻകരുതലുകളുടെ ഭാഗമായി അദ്ദേഹത്തെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. രോഗിയുടെ നില തൃപ്തികരമാണ്. മങ്കിപോക്‌സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ പരിശോധന നടത്തി നിരീക്ഷണം ശക്തമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്. എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. എല്ലാവരും മാസ്‌ക് ധരിക്കുന്നതും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുന്നതും ശീലമാക്കണം. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. കോവിഡിനെ പോലെ മങ്കിപോക്‌സിനേയും നമുക്ക് പ്രതിരോധിക്കാനാകും.

21:06 (IST) 14 Jul 2022
കെ ഫോണ്‍ പദ്ധതിക്ക് ഐ എസ് പി ലൈസന്‍സ് ലഭിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതിക്ക് ഐ എസ് പി ലൈസന്‍സ് ലഭിച്ചു. കേന്ദ്ര ടെലിക്കോം മന്ത്രാലയമാണ് ലൈസന്‍സ് അനുവദിച്ചത്. ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറായി കെ ഫോണിന് ഇനിമുതല്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഒന്നും പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നാണ് കെ ഫോണ്‍. കുറഞ്ഞ നിരക്കിലും സൗജന്യമായും ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്.

20:28 (IST) 14 Jul 2022
‘ആ മഹതി വിധവയായിപ്പോയി, അതവരുടെ വിധി’; കെ കെ രമയ്ക്കെതിരെ വിവാദ പരമാര്‍ശവുമായി എം എം മണി

നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും സംസ്ഥാന സര്‍ക്കാരിനേയും വിമര്‍ശിച്ച് വടകര എംഎല്‍എ കെ കെ രമയ്ക്കെതിരെ വിവാദ പരാമര്‍ശവുമായി എം എം മണി എംഎല്‍എ. “ഇവിടെ ഒരു മഹതി സർക്കാരിനെതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല,” എന്നായിരുന്നു മുതിര്‍ന്ന സിപിഎം നേതാവിന്റെ വാക്കുകള്‍.

19:39 (IST) 14 Jul 2022
സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. പൂനയിലെ ലാബില്‍ നിന്നുള്ള പരിശോധനാഫലം പോസിറ്റിവായി. വിമാനത്തിലെത്തിയ 11 പേരുമായി ഇയാള്‍ക്ക് സമ്പര്‍ക്കമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ആശങ്കവേണ്ടന്നും ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ ഡോക്ടറെ കാണണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

19:17 (IST) 14 Jul 2022
മഴ, വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വയനാട്ടില്‍ ശക്തമായ മഴ തുടരുന്നു. പ്രസ്തുത സാഹചര്യത്തില്‍ ജില്ലയിലെ റസിഡൻഷ്യൽ വിദ്യാലയങ്ങൾ ഒഴികെയുള്ള പ്രൊഫഷണല്‍ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്.

18:17 (IST) 14 Jul 2022
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ഒഡിഷക്കും സമീപപ്രദേശത്തിനും മുകളിലായി ന്യൂനമർദ്ദം നിലനിൽക്കുന്നു. അടുത്ത 48 മണിക്കൂറിൽ ഗുജറാത്ത് തീരത്തു ഒരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു, ജൂലൈ 17 മുതൽ മൺസൂൺ പാത്തി വടക്കോട്ടു സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

17:12 (IST) 14 Jul 2022
നുപുര്‍ ശര്‍മ കേസ്: മുന്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിനെതിരെ കോടതിയലക്ഷ്യത്തിന് അനുമതിയില്ല

നുപുര്‍ ശര്‍മ കേസില്‍ സുപ്രീം കോടതിയിലെ രണ്ടംഗ ബഞ്ചിന്റെ നിരീക്ഷണങ്ങളിൽ പ്രതികരിച്ച ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എസ് എൻ ധിംഗ്ര, മുതിർന്ന അഭിഭാഷകരായ അമൻ ലേഖി, കെ രാമകുമാർ എന്നിവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനുള്ള അനുമതി അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ നിരസിച്ചു.

16:35 (IST) 14 Jul 2022
അട്ടപ്പാടി ശിശുമരണങ്ങള്‍ക്ക് അറുതിവരുത്തണം :കെ സുധാകരന്‍

പ്രതിപക്ഷം നിയമസഭയില്‍ അട്ടപ്പാടി നിവാസികളുടെ ദുരിതം തുറന്നുകാണിച്ചപ്പോള്‍ യുഡിഎഫ് എംഎല്‍എമാരെ അധിക്ഷേപിക്കുന്ന സമീപനമാണ് ആരോഗ്യമന്ത്രിയുടെതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സ്വന്തം വകുപ്പിലെ കെടുകാര്യസ്ഥതക്ക് എതിരെ ഉയരുന്ന വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെയാണ് ആരോഗ്യമന്ത്രി നേരിടുന്നത്.സൗജന്യ ചികിത്സ ഉറപ്പു വരുത്തുന്നതിന് സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആശുപത്രികളുടെ ശോചനീയാവസ്ഥയും ആവശ്യത്തിന് ഡോക്സര്‍മാരും പാരമെഡിക്കല്‍ സ്റ്റാഫുമില്ലാത്തതും ഇതിന് തിരിച്ചടിയായി. കൂടുതല്‍ ജീവനക്കാരെ നിയമിച്ച് അട്ടപ്പാടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത.പോഷകാഹാരക്കുറവും, മറ്റു രോഗവ്യാപനവും ശിശുമരണങ്ങളിലേക്ക് വഴിവെയ്ക്കുന്നു.ഇവിടങ്ങളില്‍ ഉൗരുകളിലെ പട്ടിണി അകറ്റാനായി നടപ്പാക്കിയ കമ്മ്യൂണിറ്റി കിച്ചന്‍റെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ചമട്ടാണ്. സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ നല്‍കിയ തുകപോലും വകമാറ്റുന്ന സ്ഥിതിയുണ്ടായി. ഇതെല്ലാം മറച്ചുവെച്ചാണ് ആരോഗ്യമന്ത്രി പ്രതിപക്ഷത്തിന്‍റെ മേല്‍ കുതിര കയറുന്നതെന്നും സുധാകരന്‍ പറഞ്ഞു.

15:25 (IST) 14 Jul 2022
ബഫര്‍ സോണ്‍: കേരളം സുപ്രീം കോടതിയെ സമീപിക്കും

ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. സംസ്ഥാനങ്ങള്‍ക്ക് നിയമ നടപടിയുമായി മുന്നോട്ടുപോകാമെന്നുള്ള കേന്ദ്ര നിലപാടിന് പിന്നാലെയാണ് നീക്കം. കേരളത്തിന്റെ ആവശ്യം കേന്ദ്രം സ്വാഗതം ചെയ്തെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

13:49 (IST) 14 Jul 2022
ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ മാലിദ്വീപിൽനിന്നും സൗദി അറേബ്യയിലേക്ക്, കൊളംബോയിൽ കർഫ്യൂ

സാമ്പത്തിക തകർച്ചയെ തുടർന്ന് പ്രക്ഷോഭം ശക്തമായതിനുപിന്നാലെ ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ രാജ്യം വിട്ട് മാലിദ്വീപിലേക്ക് പോയി. സൗദി എയർലൈൻസിന്റെ വിമാനത്തിൽ അദ്ദേഹത്തെ സിംഗപ്പൂരിലേക്കും, അവിടെനിന്നും സൗദി അറേബ്യയിലെ ജിദ്ദയിലേക്കും കൊണ്ടുപോകുമെന്ന് മാലിദ്വീപ് സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു. Read More

13:29 (IST) 14 Jul 2022
കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ബി.അശോകിനെ കൃഷിവകുപ്പിലേക്ക് മാറ്റി

കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ബി.അശോകിനെ മാറ്റി. രാജൻ ഖോബ്രഗഡെയാണ് പുതിയ ചെയർമാൻ. അശോകിനെ കൃഷി വകുപ്പിലേക്കാണ് മാറ്റിയത്. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് അശോകിനെ കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനിച്ചത്.

12:23 (IST) 14 Jul 2022
അട്ടപ്പാടിയിലേത് ശിശു മരണങ്ങൾ അല്ല, കൊലപാതകമെന്ന് വി.ഡി.സതീശൻ

അട്ടപ്പാടി മുരുഗള ഊരിലെ നാല് മാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹവുമായി അച്ഛന്‍ കിലോമീറ്ററുകള്‍ നടന്ന ദാരുണ സംഭവം കേരളത്തെ ഞെട്ടിച്ചുവെന്ന് പ്രതിപക്ഷം. ആരോഗ്യ വകുപ്പ് തികഞ്ഞ പരാജയം. അട്ടപ്പാടിയിലേത് ശിശു മരണങ്ങൾ, അല്ല കൊലപാതകമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.

12:20 (IST) 14 Jul 2022
കോണ്‍ഗ്രസിനെ വീണ്ടും ഐസിയുവിലേക്ക് അയക്കരുതെന്ന് കെ. മുരളീധരന്‍

കോണ്‍ഗ്രസ് പുനഃസംഘടനാ പട്ടികയ്‌ക്കെതിരെ കെ. മുരളീധരന്‍ രംഗത്ത്. തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ആരോഗ്യത്തോടെ തിരികെ കൊണ്ടുവന്ന പാര്‍ട്ടിയെ വീണ്ടും ഐസിയുവിലാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുരളീധരൻ ഫെയ്സ്ബുക്കിൽ കുറിച്ചു

11:15 (IST) 14 Jul 2022
ഡൽഹി പീഡനത്തിനിരയായ പെൺകുട്ടിയുടെ മെഡിക്കൽ രേഖകൾ ഊബർ കൈക്കലാക്കിയത് ‘നിയമവിരുദ്ധമായി’

2014-ലെ ഡൽഹി ഊബർ ബലാത്സംഗത്തിനിരയായ പെൺകുട്ടി പിന്നീട് ഒരു യുഎസ് പട്ടണത്തിൽ സ്ഥിരതാമസമാക്കി, എന്നാൽ ഈ കേസ് വർഷങ്ങളോളം കമ്പനിയെ നഷ്ടത്തിലാക്കി. യുഎസിലെ ഊബർ ഡ്രൈവർമാരുടെ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള ജുഡീഷ്യൽ ഉത്തരവുകളുടെ ഫലമായിട്ടായിരുന്നു ഇത്. Read More

11:14 (IST) 14 Jul 2022
ദൃശ്യങ്ങള്‍ കണ്ടത് കോടതിയിൽ വച്ചെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഒരു പെന്‍ഡ്രൈവ് ലാപ്ടോപ്പില്‍ കുത്തി ജഡ്ജിയുടെ മുന്നിൽവച്ചാണ് കണ്ടതെന്ന് പൾസർ സുനിയുടെ അഭിഭാഷകൻ വി.വി.പ്രതീഷ് കുറുപ്പ്. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ഞാന്‍ കണ്ടിട്ടില്ല. ഹാഷ് വാല്യൂവിൽ മാറ്റം വന്നതെങ്ങനെയെന്ന് എനിക്കറിയില്ല. താൻ വിവോ ഫോൺ ഉപയോഗിക്കുന്നില്ലെന്നും പ്രതീഷ് കുറുപ്പ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

09:12 (IST) 14 Jul 2022
ഒരു ലക്ഷം മെൻസ്ട്രൽ കപ്പുകൾ സൗജന്യമായി വിതരണം ചെയ്യാൻ ഹൈബി ഈഡൻ

മെൻസ്ട്രൽ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി തന്റെ നിയോജക മണ്ഡലത്തിൽ ‘കപ്പ് ഓഫ് ലൈഫ്’ എന്ന ക്യാംപെയിന് തുടക്കം കുറിച്ചിരിക്കുകയാണ് ഹൈബി ഈഡൻ എംപി. 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് സൗജന്യമായി മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യുകയാണ് ലക്ഷ്യം. Read More

09:11 (IST) 14 Jul 2022
ഗോട്ടബയ രാജ്യം വിട്ടതിനുപിന്നാലെ കൊളംബോയിൽ തെരുവ് യുദ്ധങ്ങൾ

പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ ശ്രീലങ്കയിൽ നിന്ന് രക്ഷപ്പെട്ട് മണിക്കൂറുകൾക്ക് ശേഷം, രാജ്യത്തെ പ്രക്ഷുബ്ധമാക്കിയ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ നിയന്ത്രിക്കാൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, ട്രൈഫോഴ്‌സ് കമാൻഡർമാർ, ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് എന്നിവരടങ്ങുന്ന പുതിയ കമ്മിറ്റിയെ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ നിയമിച്ചു. Read More

09:11 (IST) 14 Jul 2022
സംസ്ഥാനത്ത് ഒരാള്‍ക്ക് മങ്കി പോക്‌സ് ബാധിച്ചതായി സംശയമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഒരാള്‍ക്ക് മങ്കി പോക്‌സ് ബാധിച്ചതായി സംശയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുഎഇയില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ ആള്‍ക്കാണ് മങ്കി പോക്‌സ് സംശയിക്കുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രോഗിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചുവെന്നും വ്യാഴാഴ്ച വൈകീട്ടോടെ പരിശോധന ഫലം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

08:14 (IST) 14 Jul 2022
കല്യാണ പാർട്ടിക്കിടെ ബോംബ് പൊട്ടി യുവാവ് മരിച്ച സംഭവം: സ്ഫോടക വസ്തു എത്തിച്ചയാളെ കണ്ടെത്താനാകാതെ പൊലീസ്

കണ്ണൂരിൽ കല്യാണപാർട്ടിക്കിടെയുണ്ടായ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ സ്ഫോടക വസ്തു എത്തിച്ചു നൽകിയ ആളെ കണ്ടെത്താനാകാതെ പൊലീസ്. സംഭവം നടന്ന് അഞ്ച് മാസം പിന്നിടുമ്പോൾ കുറ്റപത്രം നൽകാനാകാത്തതിനാൽ അറസ്റ്റിലായവരെല്ലാം ജാമ്യത്തിലിറങ്ങി. സിപിഎം പ്രവർത്തകർ ഉൾപെട്ട കേസായതിനാൽ ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് ആക്ഷേപം.

08:12 (IST) 14 Jul 2022
കോണ്‍ഗ്രസിന്‍റെ നിര്‍ണായക നേതൃയോഗം ഇന്ന്

കോണ്‍ഗ്രസിന്റെ നേതൃയോഗം ഇന്ന് ഡൽഹിയിൽ നടക്കും. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അതേസമയം, രാഹുല്‍ ഗാന്ധി വിദേശ പര്യടനത്തിലാണ്. ഞായറാഴ്ചയേ രാഹുല്‍ തിരിച്ചെത്തൂ.

08:10 (IST) 14 Jul 2022
മഴ ഇന്നും തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. ഈ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Web Title: Top news live updates 14 july 2022 kerala