scorecardresearch

Top News Highlights: സ്‌കൂട്ടറില്‍ സഞ്ചരിക്കവെ മരം വീണ് അഞ്ചു വയസുകാരന്‍ മരിച്ചു

Top News Live Updates: എറണാകുളം പറവൂരില്‍ ഉച്ചയ്ക്കു രണ്ടോടെയായിരുന്നു അപകടം

five year old boy dies, tree fell on scooter

Top News Highlights: കൊച്ചി: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽ മരം വീണ് പരുക്കേറ്റ് അഞ്ചു വയസുകാരന്‍ മരിച്ചു. പുത്തന്‍വേലിക്കര സ്വദേശി സിജീഷിന്റെ മകന്‍ അനുപം കൃഷ്ണയാണു മരിച്ചത്. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ എറണാകുളം പറവൂരില്‍ ഉച്ചയ്ക്കു രണ്ടോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിനു മുകളിലേക്കു മരം മറിഞ്ഞു വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ മുത്തച്ഛന്‍ പ്രദീപ്, മുത്തശ്ശി രേഖ എന്നിവരെ പറവൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കുന്ന നിലപാടില്ല: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാരിനില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അത്തരത്തിലുള്ള പ്രചരണം നടത്തുന്നത് തല്‍പ്പര കക്ഷികളാണ്. ചില വിഭാഗങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കുകയാണ് അവരുടെ ലക്ഷ്യം. ഈ പ്രചാരണങ്ങളില്‍ ആരും വീണുപോകരുതെന്നും മന്ത്രി പറഞ്ഞു. ഗേള്‍സ്, ബോയ്‌സ് സ്‌കൂളുകള്‍ മിക്‌സഡ് ആക്കുന്നതിനും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സ്‌കൂളില്‍ നടപ്പാക്കുന്നതിനും കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കണം. സ്‌കൂള്‍ അധികൃതരും പി ടി എ യും തദ്ദേശഭരണ സ്ഥാപനവും അംഗീകരിച്ച് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്ന അപേക്ഷകളാണ് പരിഗണിക്കുക. ആ അപേക്ഷകള്‍ പൊതു വിദ്യാഭ്യാസ വകുപ്പ് വിശകലനം ചെയ്തശേഷം മാത്രമാണ് അനുമതി നല്‍കുന്ന കാര്യം പരിഗണിക്കുക.

നടപടിക്രമങ്ങള്‍ ഇതായിരിക്കെ ആളുകളില്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ ചില കോണുകളില്‍ പ്രവര്‍ത്തനം നടക്കുന്നുണ്ട്. അവര്‍ ഇതില്‍ നിന്ന് പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

‘അർത്ഥം മനസിലാവാത്തവരോട് സഹതാപം’; ആസാദ് കശ്മീർ പരാമർശത്തിൽ കെ ടിജലീൽ

തിരുവനന്തപുരം: ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഡബിൾ ഇൻവർട്ടഡ് കോമയിലാണ് “ആസാദ് കശ്മീർ”എന്നെഴുതിയത്. ഇതിന്‍റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമെന്ന് കെ.ടി.ജലീൽ ഫെയ്സ്ബുക്കില്‍ കുറിച്ചു. പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്ന് വിശേഷിപ്പിച്ച കെ.ടി.ജലീലിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു.

Live Updates
21:27 (IST) 13 Aug 2022
ചര്‍മ മുഴ രോഗം: ഗുജറാത്തിൽ ചത്തത് മൂവായിരത്തിലേറെ കന്നുകാലികൾ

അഹമ്മദാബാദ്: ഗുജറാത്തില്‍ ചര്‍മ മുഴ രോഗം (ലംപി സ്‌കിന്‍ ഡിസീസ്-എല്‍ എസ് ഡി) ബാധിച്ച് ചത്ത കന്നുകാലികളുടെ എണ്ണം 3,268 ആയി. ഇന്നു മാത്രം 108 കന്നുകാലികള്‍ ചത്തു. സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച് ഇന്നു 109 പുതിയ ഗ്രാമങ്ങളില്‍ വൈറസ് പടര്‍ന്നു. ഇതോടെ 23 ജില്ലകളിലായി മൊത്തം രോഗബാധിത ഗ്രാമങ്ങളുടെ എണ്ണം 3,775 ആയി. ഇന്നു കച്ചിലാണ് ഏറ്റവും കൂടുതല്‍ കന്നുകാലികള്‍ ചത്തത്, 31 എണ്ണം. ബനസ്‌കന്തയിലും 21 ഉം രാജ്കോട്ടില്‍ 13 ഉം കാലികള്‍ ചത്തു.

20:44 (IST) 13 Aug 2022
സാത്താനിക് വേഴ്സ്‌സസ് നിരോധിച്ചത് വോട്ടുബാങ്ക് ലക്ഷ്യമിട്ട് : ആരിഫ് മുഹമ്മദ് ഖാന്‍

ന്യൂഡൽഹി: സല്‍മാന്‍ റുഷ്ദിയുടെ വിവാദ പുസ്തകമായ സാത്താനിക് വേഴ്സ്‌സസ് 1988ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ നിരോധിച്ചത് ഷാ ബാനു വിധി മറികടക്കാനെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സല്‍മാന്‍ റുഷ്ദിക്കെതിരെ ഇറാന്‍ ഫത്വ പുറപ്പെടുവിച്ച് 33 വര്‍ഷത്തിന് ശേഷം നടന്ന ആക്രമണം അപലപനീയമാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

അക്രമിയുടെ പൂര്‍വകാലത്തെക്കുറിച്ച് നമുക്കറിയില്ല, എന്നാല്‍ ആക്രമണത്തിന് ഫത്വയുമായി എന്തെങ്കിലും ബന്ധമുണ്ടെന്നാണ് പൊതുവെയുള്ള ധാരണ. പരിഷ്‌കൃത സമൂഹത്തില്‍ അക്രമത്തിനോ നിയമം കൈയിലെടുക്കാനോ ഇടമില്ലെന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്‌പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മതനിന്ദയുടെ പേരില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമ പ്രവണത അപലപനീയമാണ്. ഇതിന് 1980-കളുടെ രണ്ടാം പകുതിയില്‍ നടന്ന മൂന്ന് സംഭവങ്ങളുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തി ഷാ ബാനു കേസിലെ സുപ്രീം കോടതി വിധി മറികടക്കാന്‍ രാജീവ്ഗാന്ധി സര്‍ക്കാരിന്റെ തീരുമാനം, ബാബറി മസ്ജിദിന്റെ പൂട്ട് തുറക്കാനുള്ള തീരുമാനം, റുഷ്ദിയുടെ ‘സാത്താനിക് വേഴ്സിന്റെ നിരോധനവുമായിരുന്നു അത്. ഷാ ബാനോ വിധിയെ അസാധുവാക്കിയ തീരുമാനത്തിന്റെ പേരില്‍ സര്‍ക്കാരില്‍ നിന്ന് രാജിവച്ചതിനെ കുറിച്ചുമുള്ള ചോദ്യത്തിന് ഈ സംഭവങ്ങളെക്കുറിച്ച് ഞാന്‍ വിശദമായി എഴുതുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും ലോകത്ത് ആദ്യമായി പുസ്തകം നിരോധിച്ച രാജ്യം ഇന്ത്യയാണെന്നത് കൗതുകകരമാണെന്നും അദ്ദേഹം പറഞ്ഞു.

19:55 (IST) 13 Aug 2022
പ്ലസ് വണ്‍: രണ്ടാം ഘട്ട അലോട്ട്‌മെന്റ് ഓഗസ്റ്റ് പട്ടിക 15ന്

പ്ലസ് വണ്‍ പ്രവേശനം മെറിറ്റ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ രണ്ടാം അലോട്ട്‌മെന്റ് പട്ടിക ഓഗസ്റ്റ് 15ന് പ്രസിദ്ധീകരിക്കും. 16, 17 തിയതികളിലാണ് പ്രവേശന നടപടികള്‍. ഓഗസ്റ്റ് 16നു രാവിലെ 10 മുതല്‍ പ്രവേശനം സാധ്യമാകുന്ന വിധമാണ് അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിക്കുന്നത്. അലോട്ട്‌മെന്റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റായ http:// www. hscap.kerala.gov.in ലെ Candidate Login-SWS ലെ Second Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.

19:35 (IST) 13 Aug 2022
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കുന്ന നിലപാടില്ല: മന്ത്രി വി ശിവന്‍കുട്ടി

ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കുന്ന നിലപാട് സംസ്ഥാന സർക്കാരിനില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. അത്തരത്തിലുള്ള പ്രചരണം നടത്തുന്നത് തല്പര കക്ഷികളാണ്. ചില വിഭാഗങ്ങളെ സർക്കാരിനെതിരെ തിരിക്കുകയാണ് അവരുടെ ലക്ഷ്യം. ഈ പ്രചാരണങ്ങളിൽ ആരും വീണ് പോകരുതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

17:38 (IST) 13 Aug 2022
‘ആസാദ് കശ്മീർ’: വിവാദ വരികൾ പിൻവലിച്ച് കെ ടി ജലീൽ

കൊച്ചി: കശ്മീരിനെക്കുറിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വിവാദ പരാമർശങ്ങൾ കെ ടി ജലീൽ എം എൽ എ പിൻവലിച്ചു. ” നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയിൽ കശ്മീർ സന്ദർശിച്ചപ്പോൾ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് എന്റെ ശ്രദ്ധയിൽ പെട്ടു. ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികൾ നാടിന്റെ നൻമക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിൻവലിച്ചതായി അറിയിക്കുന്നു,” ജലീൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

15:46 (IST) 13 Aug 2022
കേന്ദ്ര സര്‍വിസിൽ തിരിച്ചെത്തി ഷാ ഫൈസല്‍ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമനം

ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങിയ കശ്മീരി ഐ എ എസ് ഉദ്യോഗസ്ഥന്‍ ഷാ ഫൈസല്‍ കേന്ദ്ര സര്‍വിസില്‍ തിരിച്ചെത്തി. സാംസ്‌കാരിക മന്ത്രാലയത്തില്‍ ഡെപ്യൂട്ടി സെക്രട്ടറിയായാണു നിയമനം. നിയമനത്തിനു കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച അംഗീകാരം നല്‍കിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. 2019ല്‍ ഐ എ എസ് ഉപേക്ഷിച്ച് ജമ്മുകശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ഷാ ഫൈസലിന്റെ രാജി സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. പിന്നീട് അദ്ദേഹം രാജി പിന്‍വലിച്ചുകൊണ്ട് അപേക്ഷ നല്‍കുകയായിരുന്നു.

14:28 (IST) 13 Aug 2022
എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ വീണ്ടും ലീഗ് പുറത്താക്കി

എംഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന പി പി ഷൈജലിനെ വീണ്ടും പുറത്താക്കി മുസ്ലിം ലീഗ്. ഡിസംബറിലെ നടപടി കോടതി തടഞ്ഞത് കാരണം പുതിയ തിയ്യതി കാണിച്ചാണ് അറിയിപ്പ്. ഹരിത വിവാദത്തിലായിരുന്നു പി പി ഷൈജലിനെതിരായ നടപടി.

14:00 (IST) 13 Aug 2022
സോണിയ ഗാന്ധിക്ക് വീണ്ടും കോവിഡ്

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും കോവിഡ് പോസിറ്റീവായതായി പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. കഴിഞ്ഞ ജൂണിലും സോണിയയ്ക്ക് കോവിഡ് ബാധിച്ചിരുന്നു.

12:56 (IST) 13 Aug 2022
കിഫ്ബിക്കെതിരായ ഇ.ഡി നീക്കം കേരളത്തിന്റെ വികസനം തടയാനെന്ന് മുഖ്യമന്ത്രി

കോൺഗ്രസും ബിജെപിയും ഏതെല്ലാം രീതിയിൽ എതിർത്താലും ജനങ്ങളോടുള്ള പ്രതിബദ്ധതയിൽ സർക്കാർ പിന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടിക്കാരല്ലാത്ത ബഹുജനങ്ങൾ അടക്കം സിപിഎമ്മിന്റെ മേന്മ മനസ്സിലാക്കി പിന്തുണയ്ക്കുന്ന അവസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോൾ കാണാനാകുന്നത്. ഇതൊരു നല്ല ചിന്തയാണ്. അതാണ് ഈ പാർട്ടിയുടെ ശക്തിയെന്നും മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു.

12:04 (IST) 13 Aug 2022
കോൺഗ്രസ് ഉപ്പു വച്ച കലം പോലെയെന്ന് സുരേന്ദ്രൻ

ദേശീയ പതാക ഉയർത്താത്ത കോൺഗ്രസ് നിലപാടിനെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വിമർശിച്ചു. കോൺഗ്രസ് ഉപ്പു വച്ച കലം പോലെയാണ്. ഇന്ന് പതാക ഉയർത്താത്തത് ദേശവിരുദ്ധ നിലപാടാണെന്നും സുരേന്ദ്രൻ ആരോപിച്ചു. രാജ്യം ഒറ്റക്കെട്ടായി ആഘോഷിക്കുമ്പോൾ കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുകയാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് ലീഗിന്റെ വോട്ട് കിട്ടില്ലെന്ന് തോന്നിയിട്ടാണോ ഇന്ന് ദേശീയ പതാക ഉയർത്താത്തതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.

12:03 (IST) 13 Aug 2022
ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഇതു സംബന്ധിച്ച സമരത്തിൽ നിന്ന് പിന്തിരിയണം. സർക്കാർ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തത് ആണ്. എന്നിട്ടും ഈ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

10:47 (IST) 13 Aug 2022
പി ജയരാജൻ വീട്ടിൽ ദേശീയ പതാക ഉയർത്തി

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ' പരിപാടിയോട് അനുബന്ധിച്ച് സിപിഎം മുതിര്‍ന്ന നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജൻ വീട്ടിൽ ദേശീയ പതാക ഉയർത്തി. കുടുംബാംഗങ്ങളോടൊപ്പമായിരുന്നു അദ്ദേഹം വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തിയത്.

09:35 (IST) 13 Aug 2022
ഫത്വ, വധഭീഷണി, നാടുകടത്തൽ; സൽമാൻ റുഷ്ദിയുടെ ജീവിതം മാറ്റിമറിച്ചത് ഒരു പുസ്തകം

പടിഞ്ഞാറൻ ന്യൂയോർക്കിൽ ഷട്ടോക്വ വിദ്യാഭ്യാസകേന്ദ്രത്തിലെ ചടങ്ങിൽ എഴുത്തുകാർക്കും കലാപ്രവർത്തകർക്കും അഭയം നൽകുന്ന രാജ്യമായി യുഎസിനെ മാറ്റുന്നതു സംബന്ധിച്ച് സംസാരിക്കുന്നതിനിടെയാണ് പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദി (75)യെ സ്റ്റേജിലേക്ക് ഓടിയെത്തിയ ഒരാൾ ആക്രമിച്ചത്. കുത്തേറ്റ റുഷ്ദി നിലത്തു വീഴുകയും, അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. Read More

09:34 (IST) 13 Aug 2022
സൽമാൻ റുഷ്ദിക്ക് കുത്തേറ്റത് കഴുത്തിനും അടിവയറ്റിലും; ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായേക്കും

ന്യൂയോർക്ക്: പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റത് കഴുത്തിലും അടിവയറ്റിലും. പടിഞ്ഞാറൻ ന്യൂയോർക്കിൽ പൊതുചടങ്ങിൽ പ്രസംഗിക്കവേ വേദിയിലേക്ക് പാഞ്ഞെത്തിയ ഒരാൾ എഴുത്തുകാരനെ ആക്രമിക്കുകയായിരുന്നു. സ്റ്റേജിൽ വച്ചുതന്നെ അദ്ദേഹത്തിനു പ്രഥമ ശ്രുശ്രൂഷ നൽകി. സദസിലുണ്ടായ ഒരു ഡോക്ടറാണു പരിചരിച്ചത്. തുടർന്ന് റുഷ്ദിയെ (75) ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. Read More

09:33 (IST) 13 Aug 2022
‘അർത്ഥം മനസിലാവാത്തവരോട് സഹതാപം’; ആസാദ് കശ്മീർ പരാമർശത്തിൽ പ്രതികരണവുമായി കെ.ടി.ജലീൽ

ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഡബിൾ ഇൻവർട്ടഡ് കോമയിലാണ് “ആസാദ് കശ്മീർ”എന്നെഴുതിയത്. ഇതിന്‍റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമെന്ന് കെ.ടി.ജലീൽ ഫെയ്സ്ബുക്കില്‍ കുറിച്ചു. പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്ന് വിശേഷിപ്പിച്ച കെ.ടി.ജലീലിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു.

Web Title: Top news live updates 13 august 2022 684379kerala