scorecardresearch

Top News Highlights: ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് ഒരു മരണം

Top News Highlights: വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടിയാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്

Top News Highlights: ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് ഒരു മരണം

Top News Highlights: ഇടുക്കി: ഇടുക്കിയില്‍ നേര്യമംഗലം ചാക്കോച്ചി വളവിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. അടിമാലി കുളമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടിയാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. അപകട സമയത്ത് അറുപതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു.

Live Updates
21:16 (IST) 12 Sep 2022
സൊണാലി ഫോഗട്ടിന്റെ മരണം: സി ബി ഐ അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ ശിപാര്‍ശ

ബി ജെ പി നേതാവും നടിയുമായ സോണാലി ഫോഗട്ടിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണത്തിനു ശിപാര്‍ശ ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വാര്‍ത്താ ഏജന്‍സിയായ പി ടി ഐ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണു മന്ത്രാലയത്തിന്റെ നീക്കം.

20:45 (IST) 12 Sep 2022
അട്ടപ്പാടിയില്‍ കുട്ടിയെ കടിച്ച നായയ്ക്ക് പേവിഷബാധ

അട്ടപ്പാടി ഷോളയൂരില്‍ മൂന്നുവയസുകാരനെ കടിച്ച നായയ്ക്ക് പേവിഷബാധയുള്ളതായി റിപ്പോര്‍ട്ട്. ഷോളയൂര്‍ സ്വര്‍ണപിരിവില്‍ ആകാശിനാണ് കഴിഞ്ഞ ദിവസം നായയുടെ കടിയേറ്റത്. നായയെ ചത്തനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ സാംപിള്‍ പരിശോധനയിലാണ് പേവിഷബാധ സ്ഥരീകരിച്ചത്.

19:33 (IST) 12 Sep 2022
അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുമതി തേടും

അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ സുപ്രീം കോടതിയുടെ അനുവാദം തേടുമെന്ന് മന്ത്രി എം ബി രാജേഷ്. കേരളത്തിലെ തെരുവുനായ വിഷയം സുപ്രീം കോടതി ഈ മാസം അവസാനം പരിഗണിക്കുന്നുണ്ട്. സംസ്ഥാനത്ത് പ്രതിദിനം നിരവധി പേരാണ് തെരുവുനായകളുടെ ആക്രമണത്തിന് ഇരയാകുന്നത്.

18:27 (IST) 12 Sep 2022
അടുത്ത മണിക്കൂറുകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

17:20 (IST) 12 Sep 2022
തെരുവുനായ ശല്യം: നടപടിയുമായി സര്‍ക്കാര്‍

തെരുവുനായ ശല്യത്തിന് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍. ഊര്‍ജിതമായ വാക്സിനേഷന്‍ ഡ്രൈവ് നടത്തുമെന്ന് തദ്ദേശ സഹകരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പഞ്ചായത്ത് തലത്തില്‍ തെരുവു നായകള്‍ക്ക് ഷെല്‍ട്ടറുകള്‍ ഒരുക്കും. നായകള്‍ക്ക് ഓറല്‍ വാക്സിനേഷന്‍ നല്‍കാന്‍ കഴിയുമോയെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

16:30 (IST) 12 Sep 2022
പൗരത്വ നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റി

പൗരത്വ നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും സുപ്രീംകോടതി മാറ്റി. ഹര്‍ജികള്‍ അടുത്ത തിങ്കളാഴ്ച പരിഗണിക്കും. അഭിഭാഷകരുടെ ആവശ്യം മാനിച്ചാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചിന്‍റെ നടപടി.

15:29 (IST) 12 Sep 2022
ആസാദ് കശ്മീര്‍ പരാമര്‍ശം: കെ.ടി.ജലീലിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി.ജലീലിനെതിരെ കേസെടുക്കാന്‍ ഡല്‍ഹി റോസ് അവന്യൂ കോടതിയുടെ നിര്‍ദേശം.പരാതി പ്രകാരം ഉചിതമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ രാജ്യദ്രോഹം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ ജി എസ് മണിയാണ് കോടതിയെ സമീപിച്ചത്.

14:34 (IST) 12 Sep 2022
കോട്ടയത്ത് 12 തെരുവുനായകൾ ചത്ത നിലയിൽ

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നതിനിടെ കോട്ടയത്ത് പന്ത്രണ്ട് തെരുവ് നായകളെ ചത്തനിലയിൽ കണ്ടെത്തി. കോട്ടയം മുളക്കുളം കാരിക്കോട് മേഖലയിലാണ് 12 തെരുവ് നായകളെ ചത്ത നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് മരണം എന്നാണ് സംശയിക്കുന്നത്.

13:51 (IST) 12 Sep 2022
സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ചതിൽ രാഹുൽ ഗാന്ധി പ്രായശ്ചിത്തം ചെയ്യണമെന്ന് ബിജെപി

ഭാരത് ജോഡോ യാത്രയുമായി തലസ്ഥാനത്തെത്തിയ രാഹുൽ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുകയാണെന്നും ക്ഷമാപണം നടത്തണമെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. മുൻ നിശ്ചയിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനത്തിന് രാഹുല്‍ ഗാന്ധിയെത്താതിരുന്ന സംഭവത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം.

12:35 (IST) 12 Sep 2022
സമരം പ്രഖ്യാപിച്ച് ഡോക്ടർമാർ

ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് വീണ്ടും സമരം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ. നാളെ പ്രതിഷേധദിനമായിരിക്കും. ഒക്ടോബര്‍ 11 ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും.

11:26 (IST) 12 Sep 2022
എ.എൻ.ഷംസീർ കേരള നിയമസഭയുടെ 24-ാമത് സ്പീക്കർ

എ.എൻ.ഷംസീർ കേരള നിയമസഭയുടെ പുതിയ സ്പീക്കർ. നിയമസഭയില്‍ നടന്ന വോട്ടെടുപ്പില്‍ യുഎഡിഎഫിലെ അന്‍വര്‍ സാദത്തിനെയാണ് ഷംസീർ പരാജയപ്പെടുത്തിയത്. ഷംസീറിന് 96 വോട്ടും അന്‍വര്‍ സാദത്തിന് 40 വോട്ടും ലഭിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതിയിലായിരുന്നു വോട്ടെടുപ്പ് നടന്നത്.

10:34 (IST) 12 Sep 2022
ആലപ്പുഴ മെഡി.കോളേജിലെ ഐസിയുവിന് മുന്നിലും തെരുവ് നായ ശല്യം

ആലപ്പുഴ മെഡിക്കൽ കോളേജ് ഐസിയുവിന് മുന്നിലും തെരുവ് നായയുടെ ശല്യം. പകൽ സമയത്ത് പോലും ഐസിയുവിലും ആശുപത്രിയുടെ ഇടനാഴികളിലും തെരുവ് നായകൾ സ്വതന്ത്ര്യമായി വിഹരിക്കുകയാണ്.

09:31 (IST) 12 Sep 2022
തെരുവ് നായ ശല്യം: ഇന്ന് ഉന്നതതല യോഗം

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. പേവിഷ പ്രതിരോധ കർമ്മപദ്ധതി വിശദമായി ചർച്ച ചെയ്യും. തദ്ദേശ ആരോഗ്യ മൃഗസംരക്ഷണ വകുപ്പുകളുടെ സംയുക്ത യോഗമാണ് ഇന്ന്. മൂന്ന് വകുപ്പുകളുടെയും മന്ത്രിമാർ പങ്കെടുക്കും. തെരുവുനായ വന്ധ്യംകരണം, വാക്സിനേഷൻ എന്നിവയിൽ പ്രഖ്യാപിച്ച കർമ്മപദ്ധതി ഇന്ന് അവലോകനം ചെയ്യും.

09:30 (IST) 12 Sep 2022
വിഴിഞ്ഞം സമര സമിതി നേതാക്കളെ രാഹുല്‍ ഗാന്ധി ഇന്ന് കാണും

വിഴിഞ്ഞം സമര സമിതി നേതാക്കളെ രാഹുല്‍ ഗാന്ധി കാണും. ഇന്നുച്ചയ്ക്ക് കൂടിക്കാഴ്ച്ച നടത്തുമെന്ന് കോൺഗ്രസ് നേതാക്കള്‍ അറിയിച്ചു. മുതലപ്പൊഴിയിൽ മരിച്ച മത്സ്യതൊഴിലാളികളുടെ കുടുംബം ഭാരത് ജോഡോ ജാഥയ്ക്കെത്തും.

09:30 (IST) 12 Sep 2022
തീവ്രന്യൂനമർദ്ദം ഇന്ന് ശക്തി കുറയും, 6 ജില്ലകളിൽ ജാഗ്രത നിർദേശം

സംസ്ഥാനത്തെ മഴ സാഹചര്യം മാറുന്നു. ഇന്ന് കൂടിയേ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളുവെന്നാണ് വ്യക്തമാകുന്നത്. തെക്കു ഒഡിഷ തീരത്തിന് സമീപമായുള്ള തീവ്ര ന്യൂനമർദ്ദം ഇന്ന് ശക്തി കുറയാനാണ് സാധ്യത. ഇതിനാലാണ് ഇന്നത്തോടെ മഴയ്ക്കും ശക്തി കുറയുക. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്.

Web Title: Top news live updates 12 september 2022