Top News Highlights: കൊച്ചി: ഇ പി ജയരാജന് വധശ്രമക്കേസില്‍ പ്രതിയാക്കിയതു ശരിവെച്ച തിരുവനന്തപുരം സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരന് സമര്‍പ്പിച്ച ഹര്‍ജി എത്രയും വേഗം തീര്‍പ്പാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. 2017 മുതല്‍ കേസ് നിലവിലുണ്ടെന്നും പ്രതി ഓരോ കാരണങ്ങള്‍ പറഞ്ഞ് കേസ് നീട്ടിക്കൊണ്ടുപോവുകയാണെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 25ന് അന്തിമവാദം കേള്‍ക്കാമെന്നു ഹൈക്കോടതി അറിയിച്ചു.
പാര്‍ട്ടികോണ്‍ഗ്രസ് കഴിഞ്ഞ് ട്രെയിനില്‍ മടങ്ങിയ ഇ പി ജയരാജനുനേരെ ആന്ധ്രാപ്രദേശിലെ ഓങ്കോളില്‍ വച്ചായിരുന്നു വധശ്രമം. കെ സുധാകരന് ഏര്‍പ്പാടാക്കിയ അക്രമികളാണു വെടിയുതിര്‍ത്തതെന്നാണു സി പി എമ്മിന്റെ ആരോപണം. ആന്ധ്രയിലെ കേസിനു പുറമെ സുധാകരനെ പ്രതിയാക്കി തിരുവനന്തപുരത്തും കേസെടുകയായിരുന്നു. തൈക്കാട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് ഗൂഡാലോചന നടത്തിയെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഒരു കേസില്‍ രണ്ട് എഫ് ഐ ആര് നിലനില്‍ക്കില്ലന്ന സുധാകരന്റെ വാദം സെഷന്‍സ് കോടതി തള്ളിയിരുന്നു. രണ്ടും രണ്ട് കേസാണന്ന് ചൂണ്ടിക്കാട്ടിയാണ് സുധാകരന്റെ ഹര്‍ജി സെഷന്‍സ് കോടതി തള്ളിയത്.ഇതിനെതിരെയാണു സുധാകരന് ഹൈക്കോടതിയെ
സമീപിച്ചത്.
കശ്മീർ: കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദത്തില്‍
കൊച്ചി: ജമ്മു കശ്മീരിനെ സംബന്ധിച്ച കെ ടി ജലീല്‍ എം എല്‍ എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. ‘ആസാദ് കശ്മീര്‍’, ‘ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍’ എന്നീ പരാമര്ശനങ്ങളാണു വിവാദത്തിനിടയാക്കിയിരിക്കുന്നത്. ‘പാക്കിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ‘ആസാദ് കാശ്മീര്‍’എന്നറിയപ്പെട്ടു’, ‘ജമ്മുവും കശ്മീര്‍ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍’ എന്നാണു ജലീല്‍ കുറിപ്പില്‍ പറയുന്നത്. കശ്മീര്‍ യാത്രയുമായി ബന്ധപ്പെട്ട വിശദമായ കുറിപ്പില്‍ കശ്മീര്‍ വിഭജനവുമായി ബന്ധപ്പെട്ട ചരിത്രം പറയുന്നതിനിടെ അദ്ദേഹം ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. എന്നാല്‍ ജമ്മു കശ്മീര്‍ എന്നും പാക് അധീന കശ്മീര്‍ എന്നുമാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നു ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കെഎസ്ആർടിസി: ശമ്പളം രണ്ട് ദിവസത്തിനുള്ളിൽ കൊടുത്തുതീർക്കുമെന്ന് ആന്റണി രാജു
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയിൽ പ്രതികരിച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ശമ്പളം ഇന്നും നാളെയുമായി കൊടുത്തുതീർക്കും ധനവകുപ്പിന്റെ അനുമതി ലഭിച്ച സ്ഥിതിക്ക് ഇനി വൈകില്ല. കെഎസ്ആർടിസിയുടെ വരുമാനമുപയോഗിച്ച് മാത്രം, ജീവനക്കാർക്ക് ശമ്പളം കൊടുക്കാനാകില്ലെന്നും ശമ്പളം നൽകുന്നതിന് വേണ്ടി സർക്കാർ സഹായം നൽകാറുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ന്യൂയോര്‍ക്ക്: ലോകപ്രശസ്ത എഴുത്തുകാരന് സല്മാന് റുഷ്ദിക്കുനേരെ അമേരിക്കയില്‍ ആക്രമണം. പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ പ്രഭാഷണവേദിയിലാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്.
ചൗതൗക്വാ ഇന്‍സ്റ്റിറ്റിയൂഷനിലെ വേദിയില്‍ റുഷ്ദി പ്രഭാഷണം നടത്തുന്നതിനു തൊട്ടുമുന്‍പായിരുന്നു സംഭവം. റുഷ്ദിയെ പരിചയപ്പെടുത്തുന്നതിനിടെ വേദിയിലേക്ക് ഇരച്ചുകയറിയ അക്രമി അദ്ദേഹത്തെ ഇടിക്കുകയോ കുത്തുകയോ ചെയ്യുകയായിരുന്നുവെന്നാണ് സംഭവത്തിനു സാക്ഷിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടര്‍ പറയുന്നത്. ആക്രമണത്തെത്തുടര്‍ന്ന് റുഷിദി തറയില്‍ വീണു.
1980കളില്‍ റുഷ്ദി ഇറാനില്‍നിന്നു വധഭീഷണി നേരിട്ടിരുന്നു. ദൈവനിന്ദ ആരോപിച്ച് റുഷ്ദിയുടെ ‘സാത്താനിക് വേഴ്സസ്’എന്ന പുസ്തകം 1988 മുതല്‍ ഇറാനില്‍ നിരോധിച്ചിരിക്കുന്നു.
ഒരു വര്‍ഷത്തിനുശേഷം, ഇറാന്റെ അന്തരിച്ച നേതാവ് ആയത്തുള്ള റുഹോല്ല ഖൊമേനി റുഷ്ദിയുടെ വധിക്കാന്‍ ആഹ്വാനം ചെയ്ത്് ഫത്വ പുറപ്പെടുവിച്ചു. റുഷ്ദിയെ കൊല്ലുന്നവര്‍ക്ക് ഇറാന് 30 ലക്ഷം ഡോളറാണു പാരിതോഷികവും വാഗ്ദാനം ചെയ്തിരുന്നത്.
മതരഹിതരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ സംവരണം നല്‍കണമെന്ന ആവശ്യത്തില്‍ നയം രൂപീകരിക്കുന്ന കാര്യം പരിഗണിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കുള്ള സംവരണ പരിധിയില്‍ തങ്ങളെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മതരഹിതരായ ഏതാനും വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് വി.ജി.അരുണിന്റെ ഇടക്കാല ഉത്തരവ്.
മതനിരപേക്ഷ രാജ്യമായ ഇന്ത്യയില്‍ മതമില്ലാത്ത ജീവിതം തെരഞ്ഞെടുക്കുന്നവര്‍ പ്രോത്സാഹനം അര്‍ഹിക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു. ഒരു മതത്തിലും ചേരില്ല എന്നത് ഒരു കൂട്ടം വ്യക്തികളുടെ ബോധപൂര്‍വമായ തീരുമാനമാണ്. ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരായി മുദ്രകുത്തപ്പെടാന് അവര്‍ ആഗ്രഹിക്കുന്നില്ല. മതമില്ലാത്ത ജീവിതം തെരഞ്ഞെടുത്തതിനാല്‍ അവര്‍ക്ക് പാരിതോഷികം നല്‍കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്ന് വിശേഷിപ്പിച്ച മുന്‍ മന്ത്രി കെ ടി ജലീലിനെതിരെ രാജ്യ ദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്നുള്ളത് ഇന്ത്യയുടെ പ്രഖ്യാപിത നയമാണ്. കശ്മീരിനെ ആസാദ് കശ്മീര്‍ എന്നൊക്കെ വിശേഷിപ്പിക്കുന്നത് പച്ചയായിട്ട് പറഞ്ഞാല്‍ രാജ്യദ്രോഹമാണെന്നും വി.മുരളീധരന് മാധ്യമങ്ങളോട് പ്രതികരിച്ചു.
കശ്മീരില്‍ വിഘടനവാദികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യമാണ് ജലീല്‍ ഉയര്‍ത്തിയത്. ആസാദ് കാശ്മീര്‍ എന്ന ജലീലിന്റെ പ്രസ്താവന രാജ്യദ്രോഹപരമാണ്. ജലീലിന്റെ രാജി സര്‍ക്കാര്‍ ആവശ്യപ്പെടണം. രാജ്യദ്രോഹ കുറ്റം ചെയ്തയാള്‍ നിയമസഭയില്‍ തുടരുന്നത് നാടിന് അപമാനമാണെന്നും വി മുരളീധരന് അഭിപ്രായപ്പെട്ടു.
'പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം 'ആസാദ് കാശ്മീര്‍'' എന്നറിയപ്പെട്ടു. പാകിസ്ഥാന് ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറന്‍സിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാഉല്‍ ഹഖ് പാകിസ്ഥാന് പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാകിസ്ഥാന് സര്‍ക്കാരിന് ഭരണപരമായി പാക്കധീന കശ്മീരില്‍ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം' ഇങ്ങനെ ആയിരുന്നു ജലീലിന്റെ പോസ്റ്റ്.
കിഫ്ക്കെതിരെയുള്ള ഇഡി നടപടിയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നാട് വികസിക്കരുതെന്ന് ചിന്തിക്കുന്ന ഒരുകൂട്ടര്‍ വന്നിട്ടുണ്ടെന്നും നുണുക്കുവിദ്യകൊണ്ട് ഒന്നും തടയാനാവില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ധനുവച്ചപുരം ഇന്റര്‍നാഷണല്‍ ഐടിഐ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാടിന്റെ വികസനത്തിന് വിവിധ രീതിയിലാണ് കിഫ്ബി പണം ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. നമ്മുടെ അഭിമാന പദ്ധതികളായാണ് ഒരുഭാഗത്ത് മലയോര ഹൈവേയും ഒരു ഭാഗത്ത് തീരദേശ ഹൈവേയും വരുന്നത്. കിഫ്ബിയാണ് ആ പണവും കൊടുക്കുന്നത്. എന്നാല്‍ നാട് നന്നാവാന്‍ പാടില്ലെന്ന് ചിന്തിക്കുന്നവര്‍ എങ്ങനെയെങ്കിലും ഇതിലെല്ലാം തുരങ്കംവെയ്ക്കാന്‍ നോക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി മസാല ബോണ്ടിറക്കിയതില്‍ ഫെമ നിയമത്തിന്റെ ലംഘനമുണ്ടെന്നാണ് ഇ.ഡി. നിലപാട്. ഇതില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസകിന് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് സര്‍ക്കാരിനും മറ്റ് എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയച്ചു. വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് കേസ് കേട്ടാല്‍ നീതി ലഭിക്കില്ലെന്നാണ് അതിജീവിത പറയുന്നത്. ജഡ്ജിയെ മാറ്റണമെന്ന ഹര്‍ജി കേള്‍ക്കുന്നതില്‍നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാണമെന്നും അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂഡല്‍ഹി: തായ്വാന് പ്രതിസന്ധി വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് ഇന്ത്യ. സംഭവവികാസങ്ങളില്‍ ആശങ്കയുണ്ടെന്നു പറഞ്ഞ ഇന്ത്യ, മേഖലയിലെ നിലവിലെ സ്ഥിതി മാറ്റാനിടയാക്കുന്ന ഏകപക്ഷീയമായ നടപടി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. മേഖലയില്‍ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ആവശ്യകത ഊന്നിപ്പറഞ്ഞ ഇന്ത്യ, സംയമനം പാലിക്കാനും അഭ്യര്‍ഥിച്ചു.
ജമ്മു കശ്മീരിനെ സംബന്ധിച്ച കെ ടി ജലീല്‍ എം എല്‍ എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. ‘ആസാദ് കശ്മീര്‍’, ‘ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍’ എന്നീ പരാമര്ശനങ്ങളാണു വിവാദത്തിനിടയാക്കിയിരിക്കുന്നത്. ജലീലിനെതിരെ ബി ജെ പി രംഗത്തെത്തി.
തിരൂര്‍ ബവ്റിജസ് ഷോപ്പിനു മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപിച്ചെത്തിയ സംഘം. ഇന്നലെ വൈകിട്ടാണ് സംഭവം. മൂന്നു പേരടങ്ങുന്ന സംഘം ഇവിടെ മദ്യം വാങ്ങാനെത്തിയ മറ്റുള്ളവരെയാണ് ആക്രമിച്ചത്.
ലോകായുക്ത ഭേദഗതി ഉൾപ്പെടെയുള്ള ഓർഡിനൻസുകളിൽ ഒപ്പിടാൻ കൂട്ടാക്കാതെ സർക്കാരിനെ സമ്മർദ്ദത്തിലാക്കിയ ഗവർണറെ കടന്നാക്രമിച്ച് സിപിഎം. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടൽ ജനാധിപത്യ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാരുടേയും ആശുപത്രി അധികൃതരുടേയും വീഴ്ച ശരിവച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. കോർഡിനേഷനിൽ വീഴ്ച വന്നതായി കണ്ടെത്തിയിട്ടുണ്ട്.
തുടർനടപടികൾ സ്വീകരിക്കാർ നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് പ്രകാരം എന്തെല്ലാം നടപടികൾ വേണമോ അതെല്ലാം സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഉടുമ്പന്നൂർ മങ്കുഴിയിലെ നവജാത ശിശുവിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ ശ്വാസകോശത്തിൽ ജലാംശം കണ്ടെത്തി. ജനിച്ച ഉടൻ കുഞ്ഞ് ശ്വസിച്ചിരുന്നുവെന്നും അതിന് ശേഷം കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നുവെന്നും ഇതോടെ സ്ഥിരീകരിച്ചു. അമ്മയ്ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു.
കോഴിക്കോട്ട് നെഞ്ചുവേദനയെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണു മരിച്ചു. താമരശ്ശേരി സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ് ഐ സനൂജാണ് (37) മരിച്ചത്. രാവിലെ ജോലിക്ക് എത്തിയ ഉടനെ നെഞ്ച് വേദന അനുഭവപ്പെടുകയും സ്റ്റേഷനില്‍ കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടൻ തന്നെ സഹപ്രവർത്തകർ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോട്ടയം തൃക്കൊടിത്താനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ വീടു കയറി ആക്രമിച്ചു. സിപിഎം പഞ്ചായത്ത് മെമ്പര്‍ ബൈജു അടക്കം മൂന്ന് പേരാണ് യൂത്ത് കോണ്‍ഗ്രസുകാരെ വീട്ടിൽ കയറി ആക്രമിച്ചത്.
ചെന്നൈ: തിങ്കളാഴ്ച ഗവർണർ ആർ.എൻ.രവിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, തങ്ങൾ രാഷ്ട്രീയം ചർച്ച ചെയ്തതായി സൂപ്പർസ്റ്റാർ രജനീകാന്ത് സമ്മതിച്ചു. എന്നാൽ കൂടിക്കാഴ്ചയിലെ കൂടുതൽ വിവരങ്ങൾ വിശദീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. ഏകദേശം 30 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ചോദിച്ചപ്പോൾ, “എനിക്ക് അതെല്ലാം നിങ്ങളുമായി പങ്കുവയ്ക്കാൻ കഴിയില്ല” എന്നായിരുന്നു രജനീകാന്തിന്റെ മറുപടി. Read More
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാരുടേയും ആശുപത്രി അധികൃതരുടേയും വീഴ്ച ശരിവച്ച് അന്വേഷണ റിപ്പോർട്ട്. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഏകോപിപ്പിക്കുന്ന കാര്യത്തിൽ വകുപ്പ് മേധാവിമാർക്ക് വീഴ്ച മാറ്റിയെന്നാണ് അന്വേഷണ റിപ്പോർട്ട്.
സർക്കാരിനെതിരെ സിപിഎം സംസ്ഥാന സമിതി യോഗത്തിൽ അംഗങ്ങൾ ഉന്നയിച്ച വിമർശനങ്ങൾക്ക് ഇന്ന് നേതൃത്വത്തിൻ്റെ മറുപടിയുണ്ടായേക്കും. സർക്കാരിൻ്റെ പ്രവർത്തനങ്ങളെ കൂടുതൽ ജനകീയമാക്കുന്നതിനുള്ള നടപടികളും നിർദ്ദേശങ്ങളും ഇന്നത്തെ യോഗത്തിൽ മുന്നോട്ട് വച്ചേക്കും.
കൊല്ലത്ത് ടോൾ പ്ലാസ ജീവനക്കാരനെ കാർ യാത്രികൻ മർദിക്കുകയും കാറിനൊപ്പം പിടിച്ചു വലിച്ചു കൊണ്ടുപോകുകയും ചെയ്ത സംഭവത്തിൽ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. വർക്കല സ്വദേശി ലഞ്ജിത്താണ് യുവാവിനെ മർദിച്ചതെന്നാണ് പൊലീസ് പറയുന്നത്. ആലപ്പുഴയിൽ പോയി മടങ്ങി വരും വഴിയാണ് പ്രതി ടോൾ പ്ലാസ് ജീവനക്കാരനായ യുവാവിനെ മർദിച്ചത്.
കെഎസ്ആർടിസിയിലെ ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അനുവദിച്ച 20 കോടി രൂപ ഇതുവരെ അക്കൗണ്ടിൽ എത്തിയില്ല. നടപടിക്രമങ്ങൾ കഴിഞ്ഞ് ഇന്നെങ്കിലും പണം ലഭിക്കും എന്ന പ്രതീക്ഷയിലാണ് മാനേജ്മെന്റ്. അതിനിടെ പണം ലഭിക്കുമെന്ന് ഉറപ്പായതോടെ സ്വകാര്യപമ്പുകളിൽ നിന്ന് ഡീസൽ അടിക്കുന്നത് കെഎസ്ആർടിസി നിർത്തി.
ലോകായുക്ത ഭേദഗതിയെ ചൊല്ലിയുണ്ടായ ഭിന്നത തീർക്കാൻ സിപിഎമ്മും സിപിഐയും തമ്മിൽ ചർച്ച നടത്തും. ഇതിനായി രണ്ട് പാർട്ടികളുടേയും നേതൃത്വം വിശദമായ ചർച്ച നടത്തും. ലോകായുക്ത നിയമത്തിൽ ഭേദഗതി വേണമെന്ന സിപിഎം ആവശ്യം സിപിഐ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ നിർദേശിക്കപ്പെട്ട രീതിയിൽ നിയമം ഭേദഗതി ചെയ്യാനാവില്ലെന്നാണ് സിപിഐ നിലപാട്.