scorecardresearch
Latest News

Top News Highlights: നാഷണല്‍ ഹെറാള്‍ഡ് കേസിൽ സോണിയ 21ന് ഇ ഡിക്ക് മുന്‍പില്‍ ഹാജരാവണം

കേസില്‍ രാഹുല്‍ ഗാന്ധി എം പിയെ അഞ്ച് ദിവസങ്ങളിലായി 50 മണിക്കൂറിലധികം ഇ ഡി ചോദ്യം ചെയ്തിരുന്നു

Sonia Gandhi, ED, National Herald case

Top News Highlights: നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 21 നു ചോദ്യം ചെയ്യലിനു ഹാജരാവാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നോട്ടിസ്. നേരത്തെ, ജൂണ്‍ എട്ടിനു ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോവിഡ് സ്ഥിരീകരിച്ചതിനാല്‍ സോണിയ ഇ ഡിക്കു മുന്‍പാകെ എത്തിയിരുന്നില്ല. തുടര്‍ന്ന് 23നു ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കി. എന്നാല്‍ കോവിഡും ശ്വാസകോശത്തിലെ അണുബാധയും കാരണമുള്ള ആശുപത്രി ചികിത്സയെത്തുടര്‍ന്ന് വീട്ടില്‍ നിര്‍ബന്ധിത വിശ്രമം നിര്‍ദേശിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി നാലാഴ്ച കൂടി സമയം തേടുകയായിരുന്നു. കേസില്‍ സോണിയയുടെ മകനും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധിയെ അഞ്ച് ദിവസങ്ങളിലായി 50 മണിക്കൂറിലധികം ഇ ഡി ചോദ്യം ചെയ്തിരുന്നു.

അതിനിടെ, ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി കോടതി റിമാൻഡ് ചെയ്തു. രണ്ടു വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തി എന്ന കേസിലാണ് നടപടി. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസിൽ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.

മഹിളാമോർച്ച നേതാവ് ശരണ്യ ജീവനൊടുക്കിയ സംഭവമാണ് ഇന്നത്തെ മറ്റൊരു പ്രധാന വാർത്ത. ശരണ്യയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. തന്റെ മരണത്തിന് കാരണം ബിജെപി പ്രവർത്തകനായ പ്രജീവാണെന്നും അയാളെ വെറുതെ വിടരുതെന്നും ശിക്ഷ വാങ്ങി കൊടുക്കണമെന്നും കത്തിലുണ്ട്. മഹിളാ മോർച്ച പാലക്കാട് മണ്ഡലം ട്രഷർ ശരണ്യയെ ഇന്നലെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധി ആണെന്ന മുൻ ജയിൽ ഡി ജി പി ആർ ശ്രീലേഖയുടെ പരാമർശത്തെത്തുടർന്നുള്ള വിവാദം പുതിയ വഴിത്തിരിവിലെത്തി നിൽക്കുകയാണ്. ശ്രീലേഖയുടെ പരാമർശത്തിനെതിരെ നടിയുടെ കുടുംബത്തിൽനിന്ന് ഉൾപ്പെടെ വ്യാപക വിമർശമുയർന്നു.

Live Updates
21:10 (IST) 11 Jul 2022
ആക്രമിക്കപ്പെട്ട നടിക്കൊപ്പം, വിജയ് ബാബു കേസിനെക്കുറിച്ച് വ്യക്തതയില്ല; പൃഥ്വിരാജിന്റെ മറുപടികൾ ഇങ്ങനെ

നടിയെ ആക്രമിച്ച കേസിൽ താൻ എന്നും നേടിക്കൊപ്പമാണെന്ന് ആവർത്തിച്ച് നടൻ പൃഥ്വിരാജ്. പുതിയ ചിത്രമായ ‘കടുവ’യുടെ അണിയറ പ്രവർത്തകർക്കൊപ്പം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് നടന്റെ പ്രതികരണം. വിജയ് ബാബു വിഷയത്തിലും അമ്മ ക്ലബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമർശത്തിലും താരങ്ങളുടെ വേതനം സംബന്ധിച്ച ചോദ്യങ്ങൾക്കും പൃഥ്വിരാജ് മറുപടി നൽകി. കൂടുതൽ വായിക്കാം.

20:36 (IST) 11 Jul 2022
ശ്രീലേഖയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ കോടതിയലക്ഷ്യ നടപടിയ്ക്ക്

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന വിവാദ അഭിപ്രായ പ്രകടനത്തില്‍ മുന്‍ ഡി ജി പി ആര്‍ ശ്രീലേഖയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും. വിചാരണ നടക്കുന്ന സമയത്ത് പ്രതി നിരപരാധിയാണെന്ന് പരസ്യമായി പറയുന്നത് കോടതിയ ലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവു തേടി ശ്രീലേഖയെ ചോദ്യം ചെയ്യുന്നതും പരിഗണനയിലുണ്ട്. കൂടുതൽ വായിക്കാം

19:31 (IST) 11 Jul 2022
ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് കണ്ണെറിയുന്നത് ആരോക്കെ? തിരഞ്ഞെടുപ്പ് എങ്ങനെ?

കഴിഞ്ഞയാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുകയാണെന്ന് ബോറിസ് ജോൺസൺ പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി കൺസർവേറ്റീവ് പാർട്ടി അംഗംങ്ങളാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ തയ്യാറായത്.

എന്നാൽ പാർട്ടിക്ക് വ്യക്തമായി ഒരാളെ ആ സ്ഥാനത്തേക്ക് തീരുമാനിക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം, കൺസർവേറ്റീവ് പാർട്ടി നേതൃ സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ നിയമങ്ങൾ ഈ ആഴ്ച പ്രഖ്യാപിക്കും. കൂടുതൽ വായിക്കാം.

19:12 (IST) 11 Jul 2022
കൊച്ചി കലൂരിൽ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു

കലൂർ ദേശാഭിമാനി ജങ്ഷനിൽ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു. വൈകുന്നേരമാണ് സംഭവം. ഫുട്പാത്തിന് സമീപം പോസ്റ്റിന്റെ തൂണിൽ ഇരുന്ന് യുവാവ് സ്വയം കഴുത്തു അറുക്കുകയിരുന്നു. മരിച്ചയാളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

18:26 (IST) 11 Jul 2022
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ 6.5 മീറ്റര്‍ ഉയരത്തില്‍ ദേശീയ ചിഹ്നം, അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

നിര്‍മാണം പുരോഗമിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിനുമുകളില്‍ സ്ഥാപിച്ച കൂറ്റന്‍ ദേശീയ ചിഹ്നം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. 6.5 മീറ്റര്‍ ഉയരത്തില്‍ വെങ്കലം കൊണ്ടു നിര്‍മിച്ച അശോക സ്തംഭത്തിനു 9,500 കിലോയാണു ഭാരം. ചിത്രങ്ങൾ കാണാം.

17:23 (IST) 11 Jul 2022
സുബൈർ കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു, പ്രതികളെല്ലാം ബിജെപി പ്രവർത്തകർ

എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ബിജെപി പ്രവർത്തകൻ സഞ്ജിതിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയത് എന്നാണ് കണ്ടെത്തൽ. ഒമ്പത് പേരാണ് പ്രതികൾ. എല്ലാവരും ബിജെപി ആർഎസ്എസ് പ്രവർത്തകരാണ്. ഏപ്രിൽ ൧൫നാണ് കൊലപാതകം നടന്നത്.

16:23 (IST) 11 Jul 2022
ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ലഖിംപൂർ ഖേരി കോടതി

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി കോടതി റിമാൻഡ് ചെയ്തു. രണ്ടു വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തി എന്ന കേസിലാണ് നടപടി. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസിൽ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. സീതാപൂർ ജില്ലാ ജയിലിൽ കഴിയുന്ന സുബൈർ വീഡിയോ കോൺഫറൻസിലൂടെയാണ് ലഖിംപൂർ ഖേരിയിലെ പ്രാദേശിക കോടതിയിൽ ഹാജരായത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വെള്ളിയാഴ്ചയാണ് പൊലീസ് കോടതിയെ സമീപിച്ചു സുബൈറിനെതിരെ വാറന്റ് നേടിയത്. സീതാപൂർ കേസിൽ സുബൈറിന് ജൂലൈ എട്ടിന് സുപ്രീം കോടതി അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിനു പിന്നാലെയായിരുന്നു ഇത്.

15:47 (IST) 11 Jul 2022
വിവാദം മുറുകുന്നു: ശ്രീലേഖയെ തള്ളി ഫൊട്ടോഗ്രാഫർ, ‘ചിത്രം ഒറിജിനൽ’

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കിയെന്ന മുൻ ജയിൽ മേധാവി ആർ.ശ്രീലേഖയുടെ പരാമർശം വലിയ വിവാദമാകുന്നു. സ്വന്തം യുട്യൂബ് ചാനൽ വഴിയാണ് നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്ന് ശ്രീലേഖ പറഞ്ഞത്. ദിലീപിനൊപ്പമുള്ള പൾസർ സുനിയുടെ ചിത്രം വ്യാജമാണെന്നും ഫൊട്ടോഷോപ് ചെയ്തത് ആയിരുന്നു എന്നുമായിരുന്നു ശ്രീലേഖയുടെ ആരോപണം. എന്നാൽ അതിനെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ഫൊട്ടോയെടുത്ത ബിദിൽ. കൂടുതൽ വായിക്കാം.

15:07 (IST) 11 Jul 2022
ശബരിമല വിര്‍ച്വല്‍ ക്യു സംവിധാനം ദേവസ്വം ബോര്‍ഡിന് കൈമാറും

ശബരിമല തീര്‍ത്ഥാടകര്‍ക്കായി പൊലീസ് ആവിഷ്‌കരിച്ച വിര്‍ച്വല്‍ ക്യൂ സംവിധാനത്തിന്റെ ഉടമസ്ഥത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കൈമാറാന്‍ ഉന്നതതല തീരുമാനം. ഹൈക്കോടതി വിധി അംഗീകരിച്ചാണിത്. സംവിധാനത്തിന്റെ നിയന്ത്രണത്തിലും തീര്‍ത്ഥാടകരുടെ സൂക്ഷ്മ പരിശോധനയിലും പൊലീസ് സഹായം തുടരും. വിര്‍ച്വല്‍ ക്യൂവിനു ദേവസ്വം ബോര്‍ഡ് പ്രത്യേക സംവിധാനം ഒരുക്കും. ഐ ടി വിഭാഗം ശക്തിപ്പെടുത്തും. ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ പരിശീലനം പൊലീസ് നല്‍കും. ആവശ്യമെങ്കില്‍ താല്‍ക്കാലിക സാങ്കേതിക സഹായവും നല്‍കും. കൂടുതൽ വായിക്കാം.

13:06 (IST) 11 Jul 2022
കോടതിയലക്ഷ്യ കേസിൽ വിജയ് മല്യയ്ക്ക് നാല് മാസം തടവും 2000 രൂപ പിഴയും

കോടതിയലക്ഷ്യ കേസില്‍ വിജയ് മല്യയ്ക്ക് നാല് മാസം തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ച് സുപ്രീംകോടതി. കോടതി ഉത്തരവ് ലംഘിച്ച് 2017 ൽ മകൾക്ക് 40 ദശലക്ഷം ഡോളർ കൈമാറിയെന്ന കേസിലാണ് വിധി. ഈ തുക 4 ആഴ്ചകൾക്കകം പലിശയടക്കം ചേർത്ത് തിരിച്ചടയ്ക്കാൻ കോടതി നിർദേശം നല്‍കിയിട്ടുണ്ട്.

12:29 (IST) 11 Jul 2022
കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങൾ, ഗോവയിൽ നാടകീയ രംഗങ്ങൾ

ഗോവയിൽ കോൺഗ്രസ് നേതൃത്വം കടുത്ത ആശങ്കയിൽ. കൂടുതൽ കോൺഗ്രസ് എംഎൽഎമാർ കൂറുമാറിയേക്കുമെന്ന സൂചനയാണ് പാർട്ടി നേതൃത്വത്തിന് തലവേദനയാകുന്നത്. ഗോവയില്‍ ആകെയുള്ള 11 എംഎൽഎമാരിൽ 6 പേർ ബിജെപി പാളയത്തിലേക്ക് എത്തുമെന്നാണ് വിവരം. Read More

12:28 (IST) 11 Jul 2022
മഹിളാമോർച്ച നേതാവിന്റെ ആത്മഹത്യ, ബിജെപി പ്രവർത്തകനെതിരെ ഗുരുതര ആരോപണങ്ങൾ

മഹിളാമോർച്ച നേതാവ് ശരണ്യയെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. തന്റെ മരണത്തിന് കാരണം ബിജെപി പ്രവർത്തകനായ പ്രജീവാണെന്നും അയാളെ വെറുതെ വിടരുതെന്നും ശിക്ഷ വാങ്ങി കൊടുക്കണമെന്നും കത്തിലുണ്ട്.

12:07 (IST) 11 Jul 2022
പളനിസ്വാമി അണ്ണാ ഡിഎംകെ പാർട്ടിയുടെ താൽക്കാലിക ജനറൽ സെക്രട്ടറി

അണ്ണാ ഡിഎംകെ പാർട്ടിയുടെ താൽക്കാലിക ജനറൽ സെക്രട്ടറിയായി പളനിസ്വാമിയെ തിരഞ്ഞെടുത്തു. ജയലളിതയുടെ മരണശേഷം ഉടലെടുത്ത അനിശ്ചിതത്വം പരിഹരിക്കാൻ ലക്ഷ്യമിട്ട് നടപ്പിലാക്കിയ ഇരട്ട നേതൃത്വ പദവി റദ്ദാക്കി. ചെന്നൈയിൽ ചേർന്ന അണ്ണാ ഡിഎംകെ ജനറൽ കൗൺസിൽ യോഗമാണ്, ഒത്തുതീർപ്പ് ഫോർമുലയുടെ ഭാഗമായി പാർട്ടിയിൽ കൊണ്ടുവന്ന ഇരട്ട നേതൃത്വ പദവി റദ്ദാക്കിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് അണ്ണാ ഡിഎംകെ ആസ്ഥാനത്തും പരിസരങ്ങളിലും നിരോധനാജ്ഞ നടപ്പിലാക്കിയിട്ടുണ്ട്.

10:51 (IST) 11 Jul 2022
കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും മണിക്കൂറിൽ 46 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Read More

10:50 (IST) 11 Jul 2022
കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു, 16,678 പുതിയ കേസുകൾ

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,678 പേർക്ക് രോഗം ബാധിച്ചു. 26 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 1,30,713 ആണ്. അതേസമയം, കോവിഡിന്റെ ബിഎ 2.75 വേരിയന്റ് രാജ്യത്ത് അതിവേഗം പടരുകയാണെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.

08:42 (IST) 11 Jul 2022
പ്ലസ് വൺ ഓൺലൈൻ അപേക്ഷ ഇന്നു മുതൽ

കേരളത്തിലെ സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് ഇന്നു മുതൽ 18 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഒരു റവന്യു ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും ചേർത്ത് ഒരൊറ്റ അപേക്ഷ മതിയാകുന്ന ഏകജാലക സംവിധാനമാണ്. ഒരാൾ ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിക്കുന്നതിൽ തടസമില്ല. Read More

08:39 (IST) 11 Jul 2022
സ്വപ്ന സുരേഷിനെ ഇന്ന് സിബിഐ ചോദ്യം ചെയ്യും

ലൈഫ് മിഷൻ അഴിമതിക്കേസിൽ സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തിന് കൊച്ചിയിലെ സിബിഐ ഓഫീസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയിൽപ്പെടുത്തി വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് സമുച്ചയം പണിതതിൽ അഞ്ചുകോടിയോളം രൂപയുടെ കോഴ ഇടപാട് നടന്നെന്നാണ് ആരോപണം.

08:38 (IST) 11 Jul 2022
നടിയെ ആക്രമിച്ച കേസ്: ദിലീപ് നിരപരാധി ആണെന്ന മുൻ ജയിൽ മേധാവി ആർ.ശ്രീലേഖ

നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധി ആണെന്ന മുൻ ജയിൽ മേധാവി ആർ.ശ്രീലേഖയുടെ പരാമർശം വിവാദമാകുന്നു. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവർ ലോക്കേഷനിൽ വന്നിരുന്നുവെന്നതും വിശ്വാസ്യ യോഗ്യമല്ലെന്നാണ് ആർ.ശ്രീലേഖയുടെ പരാമര്‍ശം.

Web Title: Top news live updates 11 july 2022 kerala