scorecardresearch
Latest News

Top News Highlights: ശക്തമായ മഴ; നദി തീരങ്ങള്‍ക്ക് സമീപമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

ഇന്ന് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലെർട്ടാണ്

Top News Highlights: ശക്തമായ മഴ; നദി തീരങ്ങള്‍ക്ക് സമീപമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

Top News Highlights: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലെർട്ടും വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലെർട്ടുമാണുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നദീതീരങ്ങള്‍ക്ക് സമീപം താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

സുപ്രീം കോടതി അഞ്ചു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു മണിക്കൂറുകൾക്കകം ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ലഖിംപൂർ ഖേരി പൊലീസ്. ട്വീറ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഉത്തർപ്രദേശിലെ സീതാപൂരിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വാറണ്ട്. കഴിഞ്ഞ വർഷം രണ്ട് വിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തിയെന്നാരോപിച്ച് മുഹമ്മദി പൊലീസ് സ്‌റ്റേഷനിൽ കേസെടുത്തിരുന്നു.

ജൂലൈ 11ന് ഹാജരാകാൻ ലഖിംപൂർ ഖേരി കോടതി സുബൈറിന് സമൻസ് അയച്ചു. കോടതി നിർദേശപ്രകാരം കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ലഖിംപൂർ ഖേരി കേസ് ഫയൽ ചെയ്തത്. വെള്ളിയാഴ്ച ലഖിംപൂർ ഖേരി പൊലീസ് കോടതിയെ സമീപിച്ചു, സുബൈറിനെതിരെ വാറണ്ട് നേടുകയായിരുന്നു.

Live Updates
22:35 (IST) 9 Jul 2022
റനില്‍ വിക്രമസംഗയുടെ വസതിക്ക് തീയിട്ടു

ആഭ്യന്തരകലാപം രൂക്ഷമായ ശ്രീലങ്കയില്‍ രാജിവച്ച പ്രധാനമന്ത്രി റനില്‍ വിക്രമസിംഗയുടെ വസതിക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. അദ്ദേഹത്തിന്റെ സ്വകാര്യ വസതിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സര്‍വകക്ഷി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിനായാണു റെനില്‍ വിക്രമസിംഗെ രാജിപ്രഖ്യാപനം നടത്തിയത്

21:45 (IST) 9 Jul 2022
മഴക്കെടുതികള്‍ നേരിടാന്‍ സംസ്ഥാനം സജ്ജം; ഒരുക്കങ്ങള്‍ വിപുലം

സംസ്ഥാനത്ത് കാലാവസ്ഥ പ്രതികൂലമായി തുടരുന്ന സാഹചര്യത്തില്‍ മഴക്കെടുതികൾ നേരിടാന്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. 3,071 കെട്ടിടങ്ങളാണ് പുനരധിവാസ ക്യാമ്പുകള്‍ക്കായി കണ്ടെത്തിയിട്ടുള്ളത്. നാല് ലക്ഷത്തിലധികം പേർക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ ഈ കെട്ടിടങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ അറിയിച്ചു.

https://malayalam.indianexpress.com/kerala-news/kerala-weather-heavy-rain-continues-state-government-takes-precautions-671961/

20:53 (IST) 9 Jul 2022
സംസ്ഥാനത്ത് ശക്തമായ മഴ; നദി തീരങ്ങള്‍ക്ക് സമീപമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലെർട്ടും വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലെർട്ടുമാണുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നദീതീരങ്ങള്‍ക്ക് സമീപം താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

19:37 (IST) 9 Jul 2022
ശ്രീലങ്കയില്‍ സര്‍വകക്ഷി സര്‍ക്കാരിനു വഴിയൊരുങ്ങുന്നു; പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജിവച്ചു

ആഭ്യന്തരകലാപം രൂക്ഷമായ ശ്രീലങ്കയില്‍ പുതിയ വഴിത്തിരിവ്. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജിവച്ചു. സര്‍വകക്ഷി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിനായാണു രാജി പ്രഖ്യാപനം.

”മുഴുവന്‍ പൗരന്മാരുടെയും സുരക്ഷ ഉള്‍പ്പെടെ സര്‍ക്കാരിന്റെ തുടര്‍ച്ച ഉറപ്പാക്കാനായി, സര്‍വകക്ഷി സര്‍ക്കാരിനു വഴിയൊരുക്കാനുള്ള പാര്‍ട്ടി നേതാക്കളുടെ ഏറ്റവും മികച്ച ശിപാര്‍ശ അംഗീകരിക്കുന്നു. ഇത് സുഗമമാക്കുന്നതിന് ഞാന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കും,” റനില്‍ വിക്രമസിംഗെ ട്വിറ്ററില്‍ കുറിച്ചു.

18:45 (IST) 9 Jul 2022
അമര്‍നാഥ് മേഘവിസ്‌ഫോടനം: മരണം 16 ആയി

ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ അമര്‍നാഥ് ഗുഹയ്ക്കു സമീപം മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം പതിനാറായി. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

16 മൃതദേഹങ്ങള്‍ ബല്‍ത്താലിലേക്കു മാറ്റിയതായി ബി എസ് എഫിന്റെ ഡല്‍ഹിയിലെ വക്താവ് അറിയിച്ചു. അമര്‍നാഥ് തീർഥാടനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

17:23 (IST) 9 Jul 2022
നഴ്സിന്റെ കയ്യില്‍ നിന്ന് നാലു ദിവസം പ്രായമായ കുഞ്ഞ് നിലത്തു വീണു

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നാലുദിവസം പ്രായമായ കുഞ്ഞ് നഴ്സിന്റെ കയ്യില്‍ നിന്ന് നിലത്ത് വീണതായി ആരോപണം. തലയ്ക്ക് പരുക്കേറ്റ കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. സുരേഷ് കുമാര്‍, ഷീല ദമ്പതികളുടെ ആണ്‍കുട്ടിയ്ക്കാണ് പരിക്കേറ്റത്.

16:08 (IST) 9 Jul 2022
പ്രക്ഷോപത്തില്‍ പങ്കെടുത്ത് ക്രിക്കറ്റ് ഇതിഹാസം ജയസൂര്യയും

മാസങ്ങളായി തുടരുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിനൊപ്പം ചേര്‍ന്ന് ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ. പ്രക്ഷോഭകര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ജയസൂര്യയാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. ശ്രീലങ്കയിലെ ജനങ്ങള്‍ക്കൊപ്പമാണ് എപ്പോഴും നിന്നിട്ടുള്ളതെന്നും വൈകാതെ തന്നെ വിജയം ആഘോഷിക്കുമെന്നും ജയസൂര്യ പറഞ്ഞു.

https://twitter.com/Sanath07/status/1545693749400854529

14:28 (IST) 9 Jul 2022
ശ്രീലങ്കയിൽ വീണ്ടും കലാപം: പ്രസിഡന്റിന്റെ വസതി കയ്യേറി പ്രക്ഷോഭകർ

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ വീണ്ടും കലാപം. പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ വസതിയിലേക്ക് ഇരച്ചെത്തിയ പ്രക്ഷോഭകർ വസതി വളയുകയും കയ്യേറുകയും ചെയ്തു. പ്രക്ഷോഭകർ വളഞ്ഞതോടെ ഗോട്ടബയ വസതി വിട്ട് പോയതായി പ്രതിരോധ വൃത്തങ്ങളെയും പ്രാദേശിക മാധ്യമങ്ങളെയും ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

പൊലീസ് സുരക്ഷ സേനയും ഉയർത്തിയ ബാരിക്കേഡുകൾ തകർത്ത് ആയിരക്കണക്കിന് പ്രക്ഷോഭകരാണ്കൊളംബോയിലെ വസതിക്കുള്ളിലേക്ക് ഇരച്ചു കയറിയത്. റാലിക്ക് മുന്നോടിയായി തന്നെ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയെഔദ്യോഗിക വസതിയിൽ നിന്ന് മാറ്റിയതായി രണ്ട് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.

വസതി ആക്രമിക്കുന്നത് പ്രതിഷേധക്കാർ ഫേസ്ബുക്കിൽ ലൈവ് സ്ട്രീം ചെയ്തു. രാജപക്സെയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചു പ്രക്ഷോഭകർ വസതിക്കുളിലൂടെ നടക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പറത്തുവന്നിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരെ കാണാൻ കഴിയാത്ത വിധം പ്രക്ഷോഭകരെ കൊണ്ട് നിറഞ്ഞിരിക്കുകയുമാണ് വസതിയും പരിസരവും.

14:01 (IST) 9 Jul 2022
അംബാനിയുടെ ജിയോയ്ക്കും മിത്തലിന്റെ എയർടെല്ലിനും പുതിയ എതിരാളി; സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കാൻ അദാനി ഗ്രൂപ്പ്

ശതകോടീശ്വരൻ ഗൗതം അദാനിയും ടെലികോം സ്‌പെക്‌ട്രം ലേലത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്നതായി വിവരം. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയ്ക്കും സുനിൽ ഭാരതി മിത്തലിന്റെ എയർടെല്ലിനും വെല്ലുവിളി ഉയർത്തുന്നതാകും അദാനി ഗ്രൂപ്പിന്റെ വരവ്. കൂടുതൽ വായിക്കാം.

13:01 (IST) 9 Jul 2022
ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ലഖിംപൂർ ഖേരി പൊലീസ്

സുപ്രീം കോടതി അഞ്ചു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു മണിക്കൂറുകൾക്കകം ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ലഖിംപൂർ ഖേരി പൊലീസ്.

ട്വീറ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഉത്തർപ്രദേശിലെ സീതാപൂരിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വാറണ്ട്.. കഴിഞ്ഞ വർഷം രണ്ട് വിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തിയെന്നാരോപിച്ച് മുഹമ്മദി പൊലീസ് സ്‌റ്റേഷനിൽ കേസെടുത്തിരുന്നു.

12:49 (IST) 9 Jul 2022
ഗോൾവാൾക്കർ പരാമർശം: ആർ എസ് എസ് നോട്ടീസ് അവജ്ഞയോടെ തള്ളി സതീശൻ; വിവാദത്തിന് പിന്നിലെന്ത്?

ഗോൾവാൾക്കർ പരാമർശത്തിൽ ആർ എസ് എസ് തനിക്കയച്ച നോട്ടീസ് അതർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആർ എസ് എസിന്റേത് വിചിത്ര നോട്ടീസ് ആണെന്നും നിയമ നടപടി നേരിടാൻ തയ്യാറാണെന്നും സതീശൻ പറഞ്ഞു. കൂടുതൽ വായിക്കാം.

12:17 (IST) 9 Jul 2022
വനത്തിൽ അതിക്രമിച്ചു കയറി കാട്ടാനകളെ പ്രകോപിപ്പിച്ച് വീഡിയോ; യൂട്യൂബർക്കെതിരെ കേസ്

വനത്തിൽ അതിക്രമിച്ചു കയറി കാട്ടാനകളെ പ്രകോപിപ്പിച്ചു വീഡിയോ ചെയ്ത വനിതാ യൂട്യൂബർക്കെതിരെ വനം വകുപ്പ് കേസെടുത്തു. കിളിമാനൂർ സ്വദേശി അമല അണുവിനെതിരെയാണ് കേസെടുത്തത്. എട്ട് മാസം മുൻപ് മമ്പത്തറ മേഖലയിലാണ് ഇവർ അതിക്രമിച്ചു കയറി വീഡിയോ ഷൂട്ട് ചെയ്തത്. ആനകൾക്ക് നേരെ ഡ്രോണുകൾ ഉൾപ്പെടെ പറത്തിയാണ് വീഡിയോ പകർത്തിയത്.

11:50 (IST) 9 Jul 2022
എകെജി സെന്റർ ആക്രമണം: അന്വേഷണം വ്യാപിപ്പിക്കുന്നു

എകെജി സെന്റർ ആക്രമണം വ്യാപിപ്പിക്കാൻ ഒരുങ്ങി അന്വേഷണ സംഘം. സോഷ്യൽ മീഡിയ പോസ്റ്റുകൾ കേന്ദ്രീകരിച്ചു അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. ആക്രമണത്തെ പിന്തുണച്ചു വന്ന പോസ്റ്റുകൾ അടക്കം പരിശോധിക്കും.

10:32 (IST) 9 Jul 2022
അമര്നാഥ്ത് മേഘവിസ്‌ഫോടനം: മരണസംഖ്യ 15 ആയി ഉയർന്നു

ജമ്മു കശ്മീരിലെ അമര്‍നാഥ് ഗുഹയ്ക്കു സമീപം മേഘവിസ്‌ഫോടനത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 15 ആയി ഉയർന്നു. അമർനാഥ് യാത്ര താത്കാലികമായി നിർത്തിവെച്ചു. പ്രദേശത്ത് കുടുങ്ങിയ 15000 തീർത്ഥാടകരെ പഞ്ചതരണിയിലെ ബേസ് ക്യാമ്പിലേക്ക് മാറ്റി.

10:20 (IST) 9 Jul 2022
തോരാതെ മഴ; ഇന്നലെവരെ ലഭിച്ചത് 53 ശതമാനം അധികമഴ, ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മൺസൂൺ പാത്തി തെക്കോട്ടു മാറി സജീവമായി നിൽക്കുന്നതും ഗുജറാത്ത്‌ തീരം മുതൽ കർണാടക തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയും തെക്കൻ ഒഡിഷക്കും വടക്കൻ ആന്ധ്രാ പ്രദേശ് തീരത്തിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി നിലനിൽക്കുന്ന ചക്രവാതചുഴിയുമാണ് മഴ ശക്തമായി തുടരാൻ കാരണം. അടുത്ത അഞ്ചു ദിവസം കൂടി ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. കൂടുതൽ വവായിക്കാം.

09:36 (IST) 9 Jul 2022
വയനാട്ടിൽ കാർ മരത്തിലിടിച്ചു മൂന്ന് മരണം

വയനാട് മുട്ടിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു മൂന്ന് പേർ മരിച്ചു. പുൽപ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുന്‍ എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായ മറ്റു രണ്ടുപേരെ ഗുരുതര പരുക്കുകളൊടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

09:33 (IST) 9 Jul 2022
ട്വിറ്റർ വാങ്ങാനുള്ള നീക്കത്തിൽ നിന്ന് പിന്മാറി ഇലോൺ മസ്‌ക്; നിയമ നടപടിക്കൊരുങ്ങി കമ്പനി

ട്വിറ്റർ വാങ്ങാനുള്ള 44 ബില്യൺ ഡോളർ വാഗ്ദാനം ഉപേക്ഷിക്കുന്നതായി ശതകോടീശ്വരൻ ഇലോൺ മസ്‌ക്. വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ചുള്ള വേണ്ടത്ര വിവരങ്ങൾ നൽകാൻ കമ്പനിക്ക് കഴിയാതിരുന്നതിനാലാണ് പിന്മാറ്റമെന്ന് മസ്‌ക് വെള്ളിയാഴ്ച പറഞ്ഞു. കരാറിൽ നിന്ന് പിന്മാറിയാൽ ടെസ്‌ല സിഇഒക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ട്വിറ്റർ വ്യക്തമാക്കി. കൂടുതൽ വായിക്കാം.

09:33 (IST) 9 Jul 2022
ചാരവൃത്തി അന്വേഷണത്തിന്റെ ഭാഗമായി ഫോണുകൾ പിടിച്ചെടുത്തു; സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടി നാല് സൈനികർ സുപ്രീംകോടതിയിൽ

സൈനിക അധികാരികൾ തങ്ങളുടെ ഭരണഘടന പ്രകാരമുള്ള സ്വകര്യതയെ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കേണൽ, ലഫ്റ്റനന്റ് കേണൽ റാങ്കിലുള്ള നാല് സൈനികർ സുപ്രീംകോടതിയെ സമീപിച്ചു. ചാരവൃത്തി കേസ് അന്വേഷണത്തിന്റെ ഭാഗമായി തങ്ങളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും അധാർമിക പെരുമാറ്റമെന്ന് പറഞ്ഞു മൂന്ന് പേരെ സസ്പെൻഡ് ചെയ്യുകയും ചെയ്ത നടപടി തങ്ങളുടെ സ്വകാര്യതയുടെ ലംഘനമാണെന്നാണ് ഹർജിയിൽ പറയുന്നത്. കൂടുതൽ വായിക്കാം.

Web Title: Top news live updates 09 july 2022 kerala