scorecardresearch
Latest News

Top News Highlights: ചെരുപ്പ് എടുക്കാനായി കുളത്തിലിറങ്ങി; അമ്മയും മകളും മുങ്ങി മരിച്ചു

പള്ളിപ്പുറം കളപ്പുരയ്ക്കല്‍ ജിയോയുടെ ഭാര്യ മേരി അനു, മകള്‍ അഗ്ന എന്നിവരാണ് മരിച്ചത്

Top News Highlights: ചെരുപ്പ് എടുക്കാനായി കുളത്തിലിറങ്ങി; അമ്മയും മകളും മുങ്ങി മരിച്ചു
പ്രതീകാത്മക ചിത്രം

Top News Highlights: മാള പൂപ്പത്തിയില്‍ അമ്മയും മകളും മുങ്ങി മരിച്ചു. പള്ളിപ്പുറം കളപ്പുരയ്ക്കല്‍ ജിയോയുടെ ഭാര്യ മേരി അനു, മകള്‍ അഗ്ന എന്നിവരാണ് മരിച്ചത്. കുളത്തില്‍ മകളുടെ ചെരുപ്പ് വീണതോടെ അത് എടുക്കുന്നതിനായി കുളത്തിലിറങ്ങിയതായിരുന്നു മേരി. മേരി മുങ്ങുന്നത് കണ്ട് കുളത്തിലേക്ക് ഇറങ്ങുകയായിരുന്നു ആഗ്നയും.

പാലക്കാട് വീണ്ടും തെരുവ് നായ ആക്രമണം; മുൻ എംഎൽഎ ഉൾപ്പെടെ 4 പേർക്ക് കടിയേറ്റു

പാലക്കാട് നഗരത്തിൽ വീണ്ടും തെരുവ് നായ ആക്രമണം. പാലക്കാട് മുൻ എംഎൽഎയും മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനുമായ കെ.കെ.ദിവാകരനും ഉൾപ്പെടെ നാലുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. രാവിലെ നടക്കാനിറങ്ങിയ സമയത്താണ് തെരുവുനായുടെ ആക്രമണത്തിന് ഇരയായതെന്ന് കെ.കെ.ദിവാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മറയൂരില്‍ ആദിവാസി യുവാവിന്റെ വായില്‍ കമ്പി കുത്തിക്കയറ്റി, തലയ്ക്കടിച്ചു; ക്രൂര കൊലപാതകം

ഇടുക്കി: മറയൂരില്‍ ആദിവാസി യുവാവിനെ തലയ്ക്കടിച്ചു കൊന്നു. കൊലപ്പെടുത്തിയശേഷം വായില്‍ കമ്പി കുത്തിക്കയറ്റി. തീർത്ഥക്കുടി സ്വദേശി രമേശ് (27) ആണ് കൊല്ലപ്പെട്ടത്. പെരിയകുടി സ്വദേശിയും ബന്ധുവുമായ സുരേഷ് ആണ് രമേശിനെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയി. സ്വത്ത് സംബന്ധിച്ച് തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയം.

Live Updates
21:11 (IST) 8 Oct 2022
ചെരുപ്പ് എടുക്കാനായി കുളത്തിലിറങ്ങി; അമ്മയും മകളും മുങ്ങി മരിച്ചു

മാള പൂപ്പത്തിയില്‍ അമ്മയും മകളും മുങ്ങി മരിച്ചു. പള്ളിപ്പുറം കളപ്പുരയ്ക്കല്‍ ജിയോയുടെ ഭാര്യ മേരി അനു, മകള്‍ അഗ്ന എന്നിവരാണ് മരിച്ചത്. കുളത്തില്‍ മകളുടെ ചെരുപ്പ് വീണതോടെ അത് എടുക്കുന്നതിനായി കുളത്തിലിറങ്ങിയതായിരുന്നു മേരി. മേരി മുങ്ങുന്നത് കണ്ട് കുളത്തിലേക്ക് ഇറങ്ങുകയായിരുന്നു ആഗ്നയും.

20:14 (IST) 8 Oct 2022
രണ്ട് ജില്ലകളില്‍ മഴ സാധ്യത

അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

19:10 (IST) 8 Oct 2022
സ്വകാര്യ ബസില്‍ നിന്ന് വിദ്യാര്‍ഥി തെറിച്ചു വീണ സംഭവത്തില്‍ നടപടി

കോട്ടയം പാക്കില്‍ സ്വകാര്യ ബസില്‍ നിന്ന് വിദ്യാര്‍ഥി തെറിച്ചുവീണ സംഭവത്തില്‍ ഡ്രൈവര്‍ കൈനടി സ്വദേശി മനീഷിനെ കസ്റ്റഡിയിലെടുത്തു. ബസും കസ്റ്റഡിയിലെടുത്തതായാണ് വിവരം. ബസിന്റെ ഓട്ടോമാറ്റിക് ഡോർ തുറന്നിട്ടിരുന്നതിനാൽ വിദ്യാര്‍ഥി പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.

18:09 (IST) 8 Oct 2022
‘റിമോട്ട് കണ്‍ട്രോളിലായിരിക്കും എന്ന് പറയുന്നത് അപമാനിക്കുന്നതിന് തുല്യം’; അധ്യക്ഷ തിര‍ഞ്ഞെടുപ്പ് ആരോപണങ്ങളില്‍ രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കുന്ന വ്യക്തി ഗാന്ധി കുടുംബത്തിന്റെ നിയന്ത്രണത്തിലായിരിക്കും പ്രവര്‍ത്തിക്കുക എന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് രാഹുല്‍ ഗാന്ധി. ഇത്തരം പ്രസ്താവനകള്‍ ശശി തരൂരിനേയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയേയും അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു.

“ഒരു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. ഞാന്‍ ഈ സാഹചര്യത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ല. രണ്ട് സ്ഥാനാര്‍ഥികളും നിലപാടുള്ളവരാണ്. ഉയര്‍ന്ന് വരുന്ന ആരോപണങ്ങള്‍ അവരെ അധിക്ഷേപിക്കുന്നതിന് സമമാണ്,” രാഹുല്‍ വ്യക്തമാക്കി.

16:48 (IST) 8 Oct 2022
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഇടിമിന്നലോടു കൂടിയ മഴ പെയ്തേക്കുമെന്നാണ് പ്രവചനം.

15:51 (IST) 8 Oct 2022
മാര്‍ഗനിര്‍ദേശങ്ങള്‍ മറികടക്കുന്നവര്‍ക്കെതിരെ പരാതി നല്‍കുമെന്ന് തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നേതാക്കള്‍ പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നതിനെതിരെ സ്ഥാനാര്‍ഥിയായ ശശി തരൂര്‍. മാർഗനിർദേശം മറികടന്നും നേതാക്കൾ മല്ലികാർജുൻ ഖർഗെയെ പിന്തുണക്കുന്നതിനെതിരെ പരാതി നൽകുമെന്ന് ശശി തരൂർ വ്യക്തമാക്കി.

14:52 (IST) 8 Oct 2022
വിഴിഞ്ഞം തുറമുഖം: റെയിൽ തുരങ്ക പാതയുടെ നിർമ്മാണത്തിനുള്ള രൂപരേഖ പരിസ്ഥിതി മന്ത്രാലയം തിരിച്ചയച്ചു

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റെയിൽ തുരങ്ക പാതയുടെ നിർമാണത്തിനുള്ള രൂപരേഖ പരിസ്ഥിതി മന്ത്രാലയം തിരിച്ചയച്ചു. നേരത്തെ അനുമതി കിട്ടിയ രൂപരേഖയിൽ മാറ്റം വരുത്തിയതാണ് തിരിച്ചയക്കാൻ കാരണം.

13:48 (IST) 8 Oct 2022
തൊണ്ടിമുതൽ മോഷണക്കേസ്: തുടർ നടപടികൾക്കുള്ള സ്റ്റേ നാല് മാസം കൂടി നീട്ടി

വിവാദമായ തൊണ്ടിമുതൽ മോഷണക്കേസിൽ നെടുമങ്ങാട് കോടതിയിലെ തുടർ നടപടികൾക്കുള്ള സ്റ്റേ കേരള ഹൈക്കോടതി നാലു മാസം കൂടി നീട്ടി. മന്ത്രി ആന്റണി രാജു നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാൻ കോടതിയിൽ സൂക്ഷിച്ച തൊണ്ടിമുതലിൽ കൃത്രിമത്വം കാണിച്ചെന്നാണ് മന്ത്രിയ്ക്കെതിരായ കേസ്.

12:47 (IST) 8 Oct 2022
കോഴിക്കോട് ബാലുശ്ശേരിയിൽ ​ഗ്യാസ് പൈപ്പ് ലൈനിൽ ചോർച്ച

കോഴിക്കോട് ബാലുശ്ശേരിയിൽ ​ഗ്യാസ് പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ച പരിഹരിച്ചതായി അധികൃതർ. ഇൻഡ്യൻ ഓയിൽ അദാനി പൈപ്പ് ലൈനിലാണ് ചോർച്ച കണ്ടെത്തിയത്. പിഡബ്ലുഡി വിഭാഗം കുഴിയെടുക്കുമ്പോൾ ഗ്യാസ് പൈപ്പ് ലൈനിൽ തട്ടിയതാണെന്ന് ഫയർഫോഴ്സ് വ്യക്തമാക്കി.

12:30 (IST) 8 Oct 2022
എസ്.ഹരീഷിന് വയലാർ അവാർഡ്

46-ാമത് വയലാർ അവാർഡ് പ്രഖ്യാപിച്ചു. ഈ വർഷത്തെ വയലാർ രാമവർമ്മ സ്മാരക സാഹിത്യ പുരസ്കാരം നോവലിസ്റ്റ് എസ്.ഹരീഷിനാണ്. ‘മീശ എന്ന നോവലാണ് ഹരീഷിനെ അവാർഡിന് അർഹനാക്കിയത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും അടങ്ങിയതാണ് പുരസ്കാരം.

11:48 (IST) 8 Oct 2022
വിഴിഞ്ഞം തുറമുഖ നിർമാണം നിലച്ചിട്ട് 53 ദിവസം; നൂറ് കോടി നഷ്ടമെന്ന് അദാനി ഗ്രൂപ്പ്

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിൽ ഇതുവരെ നൂറ് കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് അദാനി ഗ്രൂപ്പ്. ഉപരോധ സമരം കാരണം കഴിഞ്ഞ 53 ദിവസമായി വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം നിലച്ചിരിക്കുകയാണ്.

11:11 (IST) 8 Oct 2022
പഴത്തിന്റെ മറവിൽ കടത്തിയത് 1978 കോടിയുടെ മയക്കുമരുന്ന്

പഴങ്ങളുടെ ഇറക്കുമതിയുടെ മറവിൽ ഇന്ത്യയിലേക്ക് കടത്തിയത് 1978 കോടിയുടെ മയക്കുമരുന്നാണെന്ന് ഡിആർഐ റിപ്പോർട്ട്. സെപ്തംബർ 30 ന് വലൻസിയ ഓറഞ്ച് എന്ന പേരിൽ എത്തിയ ലോഡിൽ പിടിച്ചെടുത്ത മയക്കുമരുന്നുകൾക്ക് പുറമെ ഒക്ടോബർ അഞ്ചിന് 502 കോടി രൂപയുടെ 50 കിലോ കൊക്കെയ്ൻ പിടിച്ച സംഭവത്തിലും മലയാളികളായ വിജിനും മൻസൂറിനും പങ്കുണ്ടെന്നാണ് ആരോപണം

09:56 (IST) 8 Oct 2022
വടക്കഞ്ചേരി അപകടം: സംസ്ഥാന വ്യാപക പരിശോധന ഇന്നും തുടരും

വടക്കഞ്ചേരി അപകടത്തിൻ്റെ പശ്ചാത്തലത്തിൽ വാഹനങ്ങളുടെ ചട്ട ലംഘനം കണ്ടെത്താൻ ഇന്നും സംസ്ഥാന വ്യാപകമായി പരിശോധന തുടരും. ഇന്നലെ മാത്രം 5000-ലേറെ കേസുകളാണ് എല്ലാ ജില്ലകളിലുമായി മോട്ടോർ വാഹനവകുപ്പ് രജിസ്റ്റർ ചെയ്തത്.

09:55 (IST) 8 Oct 2022
വടക്കഞ്ചേരി അപകടം; റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും

വടക്കാഞ്ചേരി അപകടത്തെ സംബന്ധിച്ച് പാലക്കാട് എൻഫോഴ്സ്മെൻറ് ആർ ടി ഒ അന്വേഷണ റിപ്പോർട്ട് തയാറാക്കി. റിപ്പോർട്ട് ട്രാൻസ്പോർട്ട്‌ കമ്മീഷണർക്ക് കൈമാറും. അപകടകാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗതയും അശ്രദ്ധയുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

Web Title: Top news live updates 08 october 2022