scorecardresearch

Top News Highlights: പകൽ മുഴുവൻ പിടിച്ചുനിന്നു, ഒടുവിൽ രാജി; സജി ചെറിയാൻ പുറത്തേക്ക്

മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി

Top News Highlights: പകൽ മുഴുവൻ പിടിച്ചുനിന്നു, ഒടുവിൽ രാജി; സജി ചെറിയാൻ പുറത്തേക്ക്

Top News Highlights: ഭരണഘടനയ്‌ക്കെതിരായ പരാമർശം നടത്തി വിവാദത്തിൽ കുടുങ്ങിയ ഫിഷറീസ്, സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി ഗവർണർക്ക് കൈമാറി. വിഷയം കോടതിയിലെത്തുകയും സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും ബി ജെ പിയും രംഗത്തിറങ്ങുകയും ചെയ്തു. സജി ചെറിയാന്റെ പരാമർശം ദേശീയതലത്തിൽ ചർച്ചയായതോടെ, പാർട്ടി സംസ്ഥാന നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജി.

തന്റെ സ്വതന്ത്രമായ തീരുമാനമാണു രാജിയെന്നു സജി ചെറിയാൻ പറഞ്ഞു. മന്ത്രിയെന്ന നിലയിൽ തുടർന്നാൽ സ്വതന്ത്രമായ അന്വേഷണത്തിനു തടസം ഉണ്ടാകുമെന്നതിനാലാണ് രാജി വയ്ക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒരിക്കലും ഭരണഘടനയ്ക്കെതിരെ പറഞ്ഞിട്ടില്ല. ഒരു മണിക്കൂറോളം നീണ്ട തന്റെ പ്രസംഗത്തിന്റെ കുറച്ചു ഭാഗം മാത്രമെടുത്ത് തനിക്കെതിരെയും പാർട്ടിയ്‌ക്കെതിരെയും പ്രചാരണം നടത്തി. അതിൽ വിഷമമുണ്ട്. താൻ ഭരണഘടനയെയും അതിന്റെ മൂല്യങ്ങളെയും ബഹുമാനിക്കുന്നയാളാണെന്നും സജി ചെറിയാൻ വ്യക്തമാക്കി.

സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ചോദ്യോത്തര വേള തുടങ്ങി നിമിഷങ്ങള്‍ക്ക് ശേഷം സഭ പിരിഞ്ഞു. ചോദ്യോത്തര വേള നിര്‍ത്തിവച്ച് അടിയന്ത പ്രമേയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സ്പീക്കര്‍ സഭാ കീഴ്വഴക്കം ചൂണ്ടിക്കാണിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങാതെ പ്രതിഷേധത്തിലേക്ക് കടക്കുകയായിരുന്നു.

താന്‍ എന്തിനാണ് രാജി വയ്ക്കുന്നതെന്നും പറയാനുള്ളതൊക്കെ ഇന്നലെ പറ‌ഞ്ഞിട്ടുണ്ടെന്നുമാണു സജി ചെറിയാൻ ഉച്ചയ്ക്ക് പറഞ്ഞത്. അദ്ദേഹം പങ്കെടുത്ത സി പി എം സംസ്ഥാന അവൈലബിൾ സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷമായിരുന്നു ഈ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത യോഗത്തിൽ രാജി വിഷയം ചർച്ചയായി. തുടർന്ന് മന്ത്രിസഭാ യോഗത്തിലും വിഷയം ചർച്ചയായെന്നാണ് വിവരം.

അതിനിടെ, വിവാദ പരാമർശം നടത്തിയ സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചു. ദേശാഭിമാനത്തെ വ്രണപ്പെടുത്തിയതിനു കേസെടുക്കാൻ പത്തനംതിട്ട തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിർദേശം നൽകിയത്. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയലാണു കോടതിയെ സമീപിച്ചത്.

Live Updates
21:27 (IST) 6 Jul 2022
മട്ടന്നൂരിൽ സ്‌ഫോടനം; രണ്ടു മരണം

മട്ടന്നൂരിൽ ആക്രി സാധങ്ങൾ സൂക്ഷിക്കുന്ന വീടിനുള്ളിലുണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. അസം സ്വദേശികളായ ഫസൽ ഹഖ്, ഷഹീദുൾ എന്നിവരാണ് കൊല്ലപ്പെട്ടത്. സ്റ്റീൽ ബോംബാണ് പോട്ടറിട്ടറിച്ചത് എന്നാണ് വിവരം. പൊലീസ് പരിശോധന നടത്തുകയാണ്‌.

21:21 (IST) 6 Jul 2022
കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി

കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെയും അവധി ആയിരിക്കുമെന്ന് കളക്ടർ അറിയിച്ചു. കനത്ത മഴയെ തുടർന്നാണ് അവധി. കോളേജുകൾക് അവധി ബാധകമല്ല.

19:29 (IST) 6 Jul 2022
സജി ചെറിയനെതിരെ കേസെടുക്കാൻ കോടതി നിർദേശം

സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ കേസെടുക്കാൻ കോടതി നിർദേശം. തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് എംഎൽഎക്കെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയത്. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയലിന്റെ പരാതിയിലാണ് കോടതി നടപടി.

18:18 (IST) 6 Jul 2022
രാജി സ്വാതന്ത്ര തീരുമാനം: സജി ചെറിയാൻ

രാജി തന്റെ സ്വതന്ത്ര തീരുമാനമാണെന്ന് മന്ത്രി സജി ചെറിയാൻ. ഒരു മണിക്കൂറോളം നീണ്ട തന്റെ പ്രസംഗത്തിന്റെ കുറച്ചു ഭാഗം മാത്രമെടുത്ത് തനിക്കെതിരെയും പാർട്ടിയ്ക്ക് എതിരെയും പ്രചാരണം നടത്തിയതാണെന്നും അതിൽ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ ഭരണഘടനയെയും അതിന്റെ മൂല്യങ്ങളെയും ബഹുമാനിക്കുന്നയാളാണെന്നും സജി ചെറിയാൻ വ്യക്തമാക്കി.

18:02 (IST) 6 Jul 2022
സജി ചെറിയാൻ: എന്നും വിവാദങ്ങളുടെ തോഴൻ, ഗത്യന്തരമില്ലാതെ രാജി

പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തിനൊപ്പം മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന പരാതി കോടതിയില്‍ എത്തിയ സാഹചര്യത്തില്‍ കൂടിയാണു വലിയ പരുക്കേല്‍ക്കുന്നതിനു മുന്‍പ് സി പി എമ്മും മുഖ്യമന്ത്രി പിണറായി വിജയനും മുഖം രക്ഷിച്ചിരിക്കുന്നത്. ‘കുന്തം കുടച്ചക്രം’ പരാമര്‍ശത്തിനെതിരെ ഇടതുമുന്നണി ഘടകകക്ഷികളില്‍നിന്നും സി പിമ്മിനുള്ളില്‍നിന്നും സഹയാത്രികരില്‍നിന്നും വരെ നിശിത വിമര്‍ശമുയര്‍ന്നതോടെ സജി ചെറിയാനു മന്ത്രിമന്ദിരത്തില്‍നിന്ന് എം എല്‍ എ ഹോസ്റ്റലിലേക്കുള്ള വഴി കാണിച്ചുകൊടുക്കുകയല്ലാതെ സര്‍ക്കാരിനും സി പി എമ്മിനും ഗത്യന്തരമുണ്ടായിരുന്നില്ല. കൂടുതൽ വായിക്കാം .

17:54 (IST) 6 Jul 2022
സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചു

ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രാജിവച്ചു. ഭരണഘടനയ്‌ക്കെതിരെ നടത്തിയ പരാമർശം വിവാദമായതോടെയാണ് രാജി. മുഖ്യമന്ത്രിക്ക് രാജി കത്ത് കൈമാറി.

17:40 (IST) 6 Jul 2022
സജി ചെറിയാൻ രാജിയിലേക്കോ?

മന്ത്രി സജി ചെറിയാൻ ഉടൻ തന്നെ മാധ്യമങ്ങളെ കാണും. രാജി പ്രഖ്യാപിക്കാൻ സാധ്യത.

16:47 (IST) 6 Jul 2022
കനത്ത മഴ; ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു

കനത്ത മഴയെ തുടർന്ന് ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥപനങ്ങൾക്ക് അവധിയാണ്, മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

16:12 (IST) 6 Jul 2022
സജി ചെറിയാന്റെ രാജി; ആദ്യം സിപിഎം തീരുമാനിക്കട്ടെ, എന്നിട്ട് പ്രതികരിക്കാമെന്ന് കാനം

ഭരണഘടനയ്‌ക്കെതിരായ സജി ചെറിയാന്റെ പരാമർശത്തിൽ സിപിഎം നടപടി തീരുമാനിക്കട്ടെ എന്നിട്ട് പ്രതികരിക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഎമ്മിന്റെ സെക്രട്ടറിയേറ്റ് അംഗമാണ് സജി ചെറിയാൻ. സിപിഎം തീരുമാനിക്കട്ടെ എന്നിട്ട് പ്രതികരിക്കാമെന്ന് കാനം വ്യക്തമാക്കി.

15:49 (IST) 6 Jul 2022
കുന്നംകുളത്ത് യുവതിയെ കാറിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം; സുഹൃത്ത് പിടിയിൽ

തൃശൂർ കുന്നംകുളത്ത് ഓടുന്ന കാറിൽ നിന്ന് യുവതിയെ കൊല്ലാൻ ശ്രമിച്ച സുഹൃത്ത് പിടിയിൽ. കാവീട് സ്വദേശി അർഷിദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരുക്കേറ്റ കൊച്ചി മുനമ്പം സ്വദേശിനി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്. ഇരുവരും ഒരുമിച്ച് കാറിൽ യാത്ര ചെയ്യുന്നതിനിടെ വാക്ക് തർക്കം ഉണ്ടാവുകയും അർഷിദ് യുവതിയെ റോഡിലേക്ക് തള്ളിയിടുകയുമായിരുന്നു. റോഡിൽ പരുക്കേറ്റ നിലയിൽ കണ്ട യുവതിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. വാഹനം ഇടിച്ചുണ്ടായ അപകടമാണെന്ന് നാട്ടുകാർ കരുതിയത്. എന്നാൽ പോലീസെത്തി യുവതിയുടെ മൊഴി രേഖപ്പെത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

15:04 (IST) 6 Jul 2022
വനിത നേതാവിനോട് അപമര്യാദയായി പെരുമാറി; യൂത്ത് കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍

സംസ്ഥാന ക്യാമ്പിനിടെ വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ യൂത്ത് കോണ്‍ഗ്രസ് യുവനേതാവിനെതിരെ നടപടി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വിവേക് എച്ച്. നായരിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

14:52 (IST) 6 Jul 2022
എകെജി സെന്ററിലേക്ക് എറിഞ്ഞത് ബോംബല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

എകെജി സെന്റര്‍ ആക്രമണക്കേസിലെ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. എകെജി സെന്ററിലേക്ക് എറിഞ്ഞത് സ്ഫോടകശേഷി കുറഞ്ഞ പടക്കത്തിന് സമാനമായ വസ്തുവാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.

14:08 (IST) 6 Jul 2022
തോരാതെ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്. ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ തുടര്‍ന്നേക്കും.

13:05 (IST) 6 Jul 2022
പാലക്കാട് തങ്കം ആശുപത്രിക്കെതിരെ നടപടി

ചികിത്സാ പിഴവ് മൂലം രോഗികള്‍ തുടര്‍ച്ചയായി മരണമടയുന്നുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പാലക്കാട് തങ്കം ആശുപത്രിക്കെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിയ്‌ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം ഉപയോഗിക്കുന്നത്. കളക്ടര്‍ ചെയര്‍മാനും ഡിഎംഒ വൈസ് ചെയര്‍മാനുമായുള്ള ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി സംഭവത്തെപ്പറ്റി കൃത്യമായി അന്വേഷിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പാലക്കാട്ട് തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ യുവജന കമ്മിഷൻ പ്രാഥമിക അന്വേഷണം നടത്തി.

12:29 (IST) 6 Jul 2022
വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി

ബലാത്സംഗക്കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി. എന്നാല്‍ ഉപാധികളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കോടതിയുടെ അനുവാദമില്ലാത്ത കേരളത്തിന് പുറത്തേക്ക് പോകരുത്. കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പരാമര്‍ശം നടത്തുന്നതിനും വിലക്കുണ്ട്.

11:54 (IST) 6 Jul 2022
എന്തിന് രാജി വയ്ക്കണമെന്ന് സജി ചെറിയാന്‍

സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പ്രതികരണവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാന്‍. താന്‍ എന്തിനാണ് രാജി വയ്ക്കുന്നതെന്നും പറയാനുള്ളതൊക്കെ ഇന്നലെ പറ‌ഞ്ഞിട്ടുണ്ടെന്നും മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു. ഭരണഘടനാ വിമര്‍ശനം നടത്തിയ സാംസ്കാരിക മന്ത്രിയുടെ രാജി ആവശ്യം ശക്തമായ സാഹചര്യത്തിലാണ് പ്രതികരണം.

10:41 (IST) 6 Jul 2022
തലസ്ഥാനത്ത് നിര്‍ണായക ചര്‍ച്ചകള്‍

ഭരണഘടനാ വിമര്‍ശനം നടത്തിയ സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യം ശക്തമായ സാഹചര്യത്തില്‍ തലസ്ഥാനത്ത് നിര്‍ണായക ചര്‍ച്ചകള്‍. സര്‍ക്കാര്‍ നിയമോപദേശം തേടിയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എകെജി സെന്ററില്‍ യോഗം ചേരുകയാണ്.

09:55 (IST) 6 Jul 2022
സ്വപ്ന സുരേഷിനെ എച്ച് ആര്‍ ഡി എസ് പുറത്താക്കി

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരഷിന് ജോലിയില്‍ നിന്ന് പുറത്താക്കി എച്ച്ആര്‍ഡിഎസ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരന്തരം വേട്ടയാടുന്നു എന്നാണ് എച്ച്ആര്‍ഡിഎസ് നല്‍കുന്ന വിശദീകരണം. സര്‍ക്കാരിനോട് ഏറ്റുമുട്ടാന്‍ കെല്‍പ്പില്ലെന്നും എച്ച്ആര്‍ഡിഎസ് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

09:49 (IST) 6 Jul 2022
സജി ചെറിയാന്റെ രാജി: സഭയില്‍ പ്രതിപക്ഷ ബഹളം

ഭരണഘടനാ വിമര്‍ശനം നടത്തിയ സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേള തുടങ്ങി നിമിഷങ്ങള്‍ക്ക് ശേഷം സഭ പിരിഞ്ഞു. ചോദ്യോത്തര വേള നിര്‍ത്തിവച്ച് അടിയന്ത പ്രമേയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സ്പീക്കര്‍ സഭാ കീഴ്വഴക്കം ചൂണ്ടിക്കാണിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങാതെ പ്രതിഷേധത്തിലേക്ക് കടക്കുകയായിരുന്നു.

08:54 (IST) 6 Jul 2022
സജി ചെറിയാന്റെ രാജിയില്‍ ഉറച്ച് പ്രതിപക്ഷം

ഭരണഘടനാ വിമര്‍ശനം നടത്തിയ സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യം ശക്തമാക്കാന്‍ പ്രതിപക്ഷം. ഇന്ന് നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധം കടുപ്പിക്കാനാണ് നീക്കം. സഭയില്‍ മന്ത്രി വിശദീകരണം നല്‍കിയതോടെ രാജി ആവശ്യം സിപിഎം തള്ളിയിരുന്നു. സജി ചെറിയാന്‍ അനുകൂലമായായിരുന്നു കേന്ദ്ര കമ്മിറ്റിയില്‍ നിന്നുണ്ടായ പ്രതികരണവും. സംഭവത്തില്‍ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയത്.

Web Title: Top news live updates 06 july 2022 kerala

Best of Express