scorecardresearch
Latest News

Top News Highlights: മിക്സ്ഡ് സ്കൂളുകളും യൂണിഫോമും അടിച്ചേൽപ്പിക്കില്ല: ശിവൻ കുട്ടി

Top News Highlights: ഏതെങ്കിലും പ്രത്യേക യൂണിഫോം എവിടെയെങ്കിലും ധരിക്കണമെന്ന് സര്‍ക്കാര്‍ എവിടെയും പറഞ്ഞിട്ടില്ല

V Sivankutty, ldf, ie malayalam

Top News Highlights: തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ മിക്സഡാക്കുന്നതിലും ജെൻഡര്‍ ന്യൂട്രൽ യൂണിഫോം സ്കൂളുകളിൽ നടപ്പാക്കുന്നതിലും സര്‍ക്കാര്‍ തീരുമാനം അടിച്ചേൽപ്പിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടി. ഇക്കാര്യത്തിൽ സ്കൂളുകളിലെ രക്ഷകര്‍ത്തൃസമിതിയും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളും ചേര്‍ന്നാണ് തീരുമാനമെടുക്കേണ്ടത്. ഏതെങ്കിലും പ്രത്യേക യൂണിഫോം എവിടെയെങ്കിലും ധരിക്കണമെന്ന് സര്‍ക്കാര്‍ എവിടെയും പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ അതത് സ്കൂളുകളിലെ പിടിഎയും തദ്ദേശസ്ഥാപനങ്ങളും ചേര്‍ന്നാണ് തീരുമാനം എടുക്കേണ്ടത്. ഇക്കാര്യത്തിൽ സര്‍ക്കാര്‍ ഇടപെടില്ലെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയുടെ ഉപവാസ സമരം

വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയുടെ ഉപവാസ സമരം . ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ നേതൃത്വത്തിൽ ആറ് പേരാണ് ഉപവാസമിരിക്കുന്നത്. പാളയം ഇമാം വി.പി.സുഹൈബ് മൗലവി ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ തോമസ് തറയിലും സമരവേദിയിലെത്തും.

Live Updates
21:35 (IST) 5 Sep 2022
ഈരാറ്റുപേട്ടയില്‍ അതിശക്തമായ മഴ

കോട്ടയം ഈരാറ്റുപേട്ടയില്‍ അതിശക്തമായ മഴ തുടരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ആരംഭിച്ച മഴ തുടരുകയാണ്. പ്രദേശത്തെ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നതായാണ് വിവരം.

20:58 (IST) 5 Sep 2022
കെഎസ്ആർടിസി ഈ മാസം 29 ന് ട്രാവൽ കാർഡ് പുറത്തിറക്കും

ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനും യാത്രക്കാർക്ക് ടിക്കറ്റ് വേഗത്തിൽ ലഭിക്കുന്നതിനായും നടപ്പാക്കുന്ന സ്മാർട്ട് ട്രാവൽ കാർഡ് പദ്ധതിക്ക് ഈ മാസം 29 ന് തുടക്കമാവും. മുഖ്യമന്ത്രി പിണറായി വിജയൻ കെഎസ്ആർടിസിയുടെ സ്മാർട്ട് ട്രാവൽ കാർഡ് ഔദ്യോഗികമായി പുറത്തിറക്കി.

20:39 (IST) 5 Sep 2022
എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതുപ്രകാരം നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണുള്ളത്. ബാക്കിയുള്ള ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യപിച്ചിട്ടുണ്ട്. എല്ലാവരും ജാഗ്രത പാലിക്കണം.

കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിലുള്ളവർ ആ മുന്നറിയിപ്പുകളോട് സഹകരിക്കേണ്ടതാണ്. എല്ലാ ജില്ലകളിലെയും ഐ ആർ എസ് (Incident Response System) ഉദ്യോഗസ്ഥർ ജില്ലാ കളക്ടറുടെ മുൻ‌കൂറനുമതിയില്ലാതെ ജില്ല വിട്ട് പോകാൻ പാടുള്ളതല്ല.

കേരളത്തിന്റെ തീരമേഖലയിൽ ശക്തമായ കാറ്റു വീശാനുള്ള സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നു.

20:25 (IST) 5 Sep 2022
അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലയിലും മഴ കനക്കും

അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

19:31 (IST) 5 Sep 2022
ഇടുക്കിയില്‍ രാത്രിയാത്രാ നിരോധനം

അതിതീവ്രമായ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഇടുക്കിയില്‍ ഇന്നു മുതൽ വൈകുന്നേരം ഏഴ് മണി മുതൽ രാവിലെ ആറ് മണി വരെ രാത്രികാല യാത്ര നിരോധിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

18:29 (IST) 5 Sep 2022
ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി

ബ്രിട്ടനില്‍ പുതിയ പ്രധാനമന്ത്രിയായും ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവുമായി ലിസ് ട്രസ് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിനെ പിന്തള്ളിയാണു വിദേശകാര്യമന്ത്രിയായ ലിസ് ട്രസിന്റെ വിജയം.

ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ മാത്രം വനിതാ പ്രധാനമന്ത്രിയായ ലിസിനു 2025 വരെ പ്രധാനമന്ത്രിപദത്തില്‍ തുടരാം. ബ്രിട്ടന്‍ ജീവിതച്ചെലവ് പ്രതിസന്ധിയും വ്യാവസായികമേഖലയില്‍ അശാന്തിയും മാന്ദ്യവും അഭിമുഖീകരിക്കുന്ന സമയത്താണു ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായി നാല്‍പ്പത്തിയേഴുകാരിയായ ലിസ് അധികാരമേല്‍ക്കുന്നത്.

17:31 (IST) 5 Sep 2022
പെരുമാതുറയില്‍ ശക്തമായ കാറ്റില്‍ ബോട്ട് മറിഞ്ഞ് രണ്ട് മരണം

പെരുമാതുറയില്‍ ശക്തമായ കാറ്റില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. വര്‍ക്കല സ്വദേശികളായ ഷാനവാസ്, നിസാം എന്നിവരാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന 15 പേരെ രക്ഷപെടുത്തിയെന്നാണ് ലഭിക്കുന്ന വിവരം.

16:52 (IST) 5 Sep 2022
തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മുന്നറിയിപ്പെന്ന നിലയില്‍ നാളെ (സെപ്തംബര്‍ ആറ്) ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും അറിയിപ്പില്‍ പറയുന്നു.

16:19 (IST) 5 Sep 2022
കെഎസ്ആര്‍ടിസി: ഓണത്തിന് മുന്‍പായി ശമ്പള കുടിശിക തീര്‍ക്കും; ഉറപ്പ് നല്‍കി മുഖ്യമന്ത്രി

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള കുടിശിക ഓണത്തിന് മുൻപായി കൊടുത്തുതീർക്കും. തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

15:34 (IST) 5 Sep 2022
സംസ്ഥാനത്ത് വ്യാപക മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഒന്‍പതിടങ്ങളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലയോര മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മഴ കനക്കും. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

https://malayalam.indianexpress.com/kerala-news/next-five-days-rain-kerala-today-yellow-alert-in-six-districts-692361/

14:33 (IST) 5 Sep 2022
ഓണാവധി: വീടുപൂട്ടി യാത്രപോകുന്നവര്‍ പോലീസിന്‍റെ മൊബൈല്‍ ആപ്പില്‍ വിവരങ്ങള്‍ നല്‍കണം

ഓണാവധിക്ക് വീടുപൂട്ടി യാത്രപോകുന്നവര്‍ അക്കാര്യം പോലീസിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പോലീസിനെ അറിയിച്ചാൽ അധിക സുരക്ഷ ഉറപ്പു വരുത്താം. ഇത്തരം വീടുകള്‍ക്ക് സമീപം പോലീസിന്‍റെ സുരക്ഷയും പട്രോളിങും ശക്തിപ്പെടുത്താന്‍ ഇത് ഉപകരിക്കും.

പോല്‍ ആപ് എന്ന കേരളാ പോലീസിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം മോര്‍ സര്‍വ്വീസസ് എന്ന വിഭാഗത്തിലെ ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കാം. ഇങ്ങനെ നല്‍കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി പോലീസ് പട്രോളിങും സുരക്ഷയും ക്രമീകരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കും.

13:58 (IST) 5 Sep 2022
കെഎസ്ആര്‍ടിസി ശമ്പള കുടിശ്ശിക നാളെ വിതരണം ചെയ്യും

കെ എസ് ആര്‍ ടിസി ജീവനക്കാര്‍ക്ക് തത്ക്കാലം ആശ്വാസം. ശമ്പള കുടിശ്ശിക നാളെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. തൊഴിലാളി യൂണിയനുകളുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്.

12:45 (IST) 5 Sep 2022
എറണാകുളത്ത് ഭർത്തൃവീട്ടിൽ ഗർഭിണിയായ യുവതി തൂങ്ങി മരിച്ചു

നോർത്ത് പറവൂരിൽ ഭർത്തൃവീട്ടിൽ ഗർ‍ഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചാക്ക, വള്ളക്കടവ് സ്വദേശി  അമല ആണ്  തൂങ്ങി മരിച്ചത്. ഭർതൃ വീട്ടിലെ പീഡനത്തെ തുടർന്ന് അമല ജീവനൊടുക്കുകയായിരുന്നു എന്ന്  ബന്ധുക്കൾ ആരോപിച്ചു.

11:53 (IST) 5 Sep 2022
മങ്കയത്ത് മലവെള്ളപ്പാച്ചില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍പെട്ട് കാണാതായ ഷാനി എന്ന യുവതിയുടെ മൃതദേഹം ലഭിച്ചു. ഇന്നലെ ഒഴുക്കില്‍പെട്ട് ആറുവയസുകാരി നസ്രിയ മരിച്ചിരുന്നു. 11 അംഗ കുടുംബമാണ് ഇന്നലെ ഒഴുക്കില്‍പെട്ടത്. ഇതില്‍ ഒന്‍പതുപേരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. 

10:55 (IST) 5 Sep 2022
കെഎസ്ആർടിസിയില്‍ ശമ്പള വിതരണം തുടങ്ങി

ജീവനക്കാരുടെ ജൂലൈ മാസത്തെ ശമ്പളത്തിന്‍റെ 75% വിതരണം ചെയ്തെന്ന് കെഎസ്ആർടിസി. ഇന്ന് രാവിലെയോടെ ശമ്പളം നല്‍കിയത് 24,477 സ്ഥിരം ജീവനക്കാര്‍ക്കാണ്. 838 താല്‍കാലിക ജീവനക്കാര്‍ക്ക് നേരത്തെ തന്നെ ശമ്പളം വിതരണം ചെയ്തിരുന്നു.

10:02 (IST) 5 Sep 2022
വിഴിഞ്ഞത്ത് വീട് നഷ്ടപ്പെട്ടവർക്കുള്ള ധനസഹായം വിതരണം തുടങ്ങും

കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ട് തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലെ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്കുള്ള ആദ്യ ഘട്ട ധനസഹായ വിതരണം ഇന്ന് തുടങ്ങും.102 കുടുംബങ്ങൾക്ക് 5500 രൂപ വീതമാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്നത്. വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രിയാണ് ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുക.

10:01 (IST) 5 Sep 2022
കോൺഗ്രസ് തിരഞ്ഞെടുപ്പ്: മൽസരിക്കാനില്ലെന്ന് കെ.സി.വേണുഗോപാൽ

കോൺഗ്രസിൽ വോട്ടർപട്ടിക വിവാദം അനാവശ്യമെന്ന് കെ.സി.വേണുഗോപാൽ. പട്ടിക പിസിസികളുടെ കൈവശം ഉണ്ടാകും. സാധാരണയുള്ള നടപടികൾ പാലിച്ച് സുതാര്യമായാവും തിരഞ്ഞെടുപ്പ്. ശശി തരൂ‌ർ മത്സരിച്ചാൽ സ്വാഗതം ചെയ്യും. ആരെയും ഔദ്യോഗിക സ്ഥാനാർഥിയായി നിശ്ചയിച്ചിട്ടില്ലെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി

10:00 (IST) 5 Sep 2022
കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപക മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. മലയോര മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മഴ ശക്തമായേക്കും. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി,കോട്ടയം, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Web Title: Top news live updates 05 september 2022