scorecardresearch
Latest News

Top News Highlights: അഗ്നിപഥ് പദ്ധതിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; സുപ്രീം കോടതിയെ സമീപിക്കാന്‍ നിര്‍ദേശം

നിയമനവുമായി ബന്ധപ്പെട്ട പരാതിയിൽ സായുധ സേനാ ട്രിബ്യൂണലിനെ സമീപിക്കാനും കോടതി നിർദേശിച്ചു

Kerala High court, Sex education, POCSO case victim abortion

Top News Highlights: കൊച്ചി: അഗ്നിപഥ് പദ്ധതിക്കെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പ്രാഥമികവാദം കേട്ട കോടതി ഹർജി പരിഗണിക്കാനാവില്ലന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാൻ നിർദേശിച്ചു. കേന്ദ്രം അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചതിനെ തുടർന്ന് അവസരം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഇടുക്കി അയ്യപ്പൻ കോവിൽ സ്വദേശി അബിമോൻ വർഗീസ് അടക്കം 23 യുവാക്കൾ സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാരും സി.പി.മുഹമ്മദ് നിയാസും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. നിയമനവുമായി ബന്ധപ്പെട്ട പരാതിയിൽ സായുധ സേനാ ട്രിബ്യൂണലിനെ സമീപിക്കാനും കോടതി നിർദേശിച്ചു.

പ്രസവശേഷം ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ആശുപത്രിയിൽ പ്രതിഷേധം. ചിറ്റൂർ തത്തമംഗലം ചെമ്പകശ്ശേരി എം രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയാണ് മരിച്ചത്. ഇവരുടെ കുഞ്ഞ് ഇന്നലെ മരിച്ചിരുന്നു. പടിഞ്ഞാറെ യാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചിത്സയിലായിരുന്നു. ചികിത്സാപിഴവ് ആരോപിച്ചു നാട്ടുകാരും ബന്ധുക്കളും ആശുപത്രിയിൽ പ്രതിഷേധിക്കുകയാണ്. ഡോക്ടർമാരെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം.

കഴിഞ്ഞ ദിവസമാണ് ഐശ്വര്യ ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തിന് പിന്നാലെ കുഞ്ഞു മരിച്ചത്തോടെ. ചികിത്സാപ്പിഴവ് ആരോപിച്ചു ബന്ധുക്കൾ രംഗത്ത് എത്തിയിരുന്നു. തുടർന്ന് മറവു ചെയ്ത കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. പൊലീസ് സംഭവത്തിൽ അന്വേഷണം നടത്തി വരുകയായിരുന്നു അതിനു പിന്നാലെയാണ് ഇന്ന് രാവിലെ ഐശ്വര്യ മരിച്ചത്. യുവതിയുടെ ഗർഭപാത്രം നീക്കം ചെയ്തത് ഭർത്താവിനെ പോലും അറിയിച്ചില്ലെന്ന ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കഴിഞ്ഞ 29 ഓടെയാണ് പ്രസവത്തിനായി ഐശ്വര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Live Updates
21:09 (IST) 4 Jul 2022
എസ്എസ്എല്‍സി പുനര്‍മൂല്യനിര്‍ണയ ഫലം പ്രഖ്യാപിച്ചു

എസ്എസ്എല്‍സി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധനാ ഫലം എന്നിവ പ്രഖ്യാപിച്ചു. പരീക്ഷാഭവന്‍ ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

20:15 (IST) 4 Jul 2022
കിഴക്കന്‍ യുക്രൈന്‍ പിടിച്ചെടുത്ത് റഷ്യ

യുക്രൈനിന്റെ കിഴക്കന്‍ മേഖലയായ ലുഹാന്‍സ്ക് കീഴടക്കിയതായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ലുഹാന്‍സ്ക് മേഖലയില്‍ പ്രതിരോധം തുടര്‍ന്ന യുക്രൈന്‍ സൈന്യം പിന്‍വാങ്ങിയതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ലുഹാന്‍സ്കിന്റെ നിയന്ത്രണം ഏറ്റെടുത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു വ്യക്തമാക്കിയിരുന്നു. ലുഹാൻസ്കില്‍ യുക്രൈനിയന്‍ സേനയുടെ അവസാന ശക്തികേന്ദ്രമായ ലിസിചാൻസ്ക് നഗരം റഷ്യൻ സൈന്യം കീഴടക്കിയെന്നും “ഓപ്പറേഷൻ” പൂർത്തിയായെന്നുമാണ് ഷൊയ്ഗു പറഞ്ഞത്.

19:27 (IST) 4 Jul 2022
ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

18:25 (IST) 4 Jul 2022
അഗ്നിപഥ് പദ്ധതിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

അഗ്നിപഥ് പദ്ധതിക്കെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പ്രാഥമികവാദം കേട്ട കോടതി ഹർജി പരിഗണിക്കാനാവില്ലന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാൻ നിർദേശിച്ചു. കേന്ദ്രം അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചതിനെ തുടർന്ന് അവസരം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഇടുക്കി അയ്യപ്പൻ കോവിൽ സ്വദേശി അബിമോൻ വർഗീസ് അടക്കം 23 യുവാക്കൾ സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാരും സി.പി.മുഹമ്മദ് നിയാസും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. നിയമനവുമായി ബന്ധപ്പെട്ട പരാതിയിൽ സായുധ സേനാ ട്രിബ്യൂണലിനെ സമീപിക്കാനും കോടതി നിർദേശിച്ചു.

18:16 (IST) 4 Jul 2022
കാസര്‍ഗോഡ് കനത്ത മഴ

കാസര്‍ഗോഡ് ജില്ലയില്‍ കനത്ത മഴ തുടരുന്നു. ജില്ലയുടെ മലയോര മേഖലയേയാണ് കാലവസ്ഥ പ്രതികൂലമായി ബാധിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ പാലങ്ങളില്‍ വെള്ളം കയറി. ഇതെ തുടര്‍ന്ന് പൊതുഗതാഗതം തടസപ്പെട്ടു. ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.

17:16 (IST) 4 Jul 2022
ഗാന്ധിചിത്രം തകര്‍ത്ത പോലീസ് റിപ്പോര്‍ട്ടില്‍ ഗൂഢാലോചനയുണ്ട് : കെ.സുധാകരന്‍ എംപി

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത എസ്എഫ്‌ഐക്കാരെ മഹത്വവത്കരിക്കുന്ന റിപ്പോര്‍ട്ട് പോലീസ് നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച എസ്എഫ് ഐക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ മുഖ്യമന്ത്രിയും സിപിഎമ്മും സ്വീകരിച്ചത്. അക്രമത്തെ പരസ്യമായി തള്ളിപ്പറയാന്‍ നിര്‍ബന്ധിതനായിയെങ്കിലും ഗാന്ധി ചിത്രം ഉയര്‍ത്തികാട്ടി മുഖ്യമന്ത്രി എസ്എഫ് ഐക്കാരെ ന്യായീകരിച്ചിരുന്നു.എസ്എഫ് ഐ നേതാക്കള്‍ക്കെതിരായ പോലീസ് നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പരസ്യമായി രംഗത്ത് വരുകയും പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചപ്പോള്‍ കൈയ്യും കെട്ടി നോക്കിനിന്ന പോലീസാണ് എസ്എഫ് ഐക്കാരെ വെള്ളപൂശിയ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇത് രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നത് ചിന്തിക്കുന്ന എല്ലാവര്‍ക്കും മനസിലാകും.സിപിഎമ്മിന്റെ താല്‍പ്പര്യത്തിന് അനുസരിച്ച് മാത്രം കേസ് അന്വേഷിക്കുന്ന കേരള പോലീസിന്റെ വിധേയത്വമാണ് റിപ്പോര്‍ട്ടില്‍ പ്രതിഫലിച്ചത്. ഓഫീസ് അക്രമികപ്പെടുമ്പോള്‍ പോലീസ് സാന്നിധ്യം ഇല്ലായിരുന്നു. പോലീസിന്റെ മുഖം കൂടി രക്ഷിക്കുന്നതിനാണ് ഇത്തരം ഒരു അവാസ്തവമായ റിപ്പോര്‍ട്ട് പോലീസ് തയ്യാറാക്കിയത്. സത്യസന്ധമല്ലാത്ത റിപ്പോര്‍ട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനുള്ള മാന്യതയും അന്തസ്സും ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്കുണ്ടോയെന്നും സുധാകരന്‍ പറഞ്ഞു.

16:19 (IST) 4 Jul 2022
എ കെ ജി സെന്റര്‍ ആക്രമണം: ഇ പി ജയരാജന്‍ അരമണിക്കൂര്‍ മുന്‍പേ പുറപ്പെട്ടോയെന്ന് വി ഡി സതീശന്‍

എ കെ ജി സെന്റര്‍ അക്രമിച്ചശേഷം പ്രതിക്ക് അതിസുരക്ഷയുള്ള സ്ഥലത്തുനിന്ന് എങ്ങനെ രക്ഷപ്പെടാനായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എ കെ ജി സെന്ററിലെ ഗേറ്റിന്റെ ഭാഗത്ത് കന്റോണ്‍മെന്റ് പൊലീസിന്റെ ജീപ്പ് സാധാരണ ഉണ്ടാകാറുള്ളതാണ്. എന്നാല്‍, ആക്രമണ ദിവസം സ്ഥലത്ത് പൊലീസ് ജീപ്പ് ഉണ്ടായിരുന്നില്ല. ആരാണ് ആക്രമിച്ചതെന്ന് സംഭവം നടന്നു ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസിനു കണ്ടെത്താന്‍ കഴിയുന്നില്ല.

പൊലീസിന്റെ സ്‌ട്രൈക്കേഴ്‌സ് ടീമിനായിരുന്നു എ കെ ജി സെന്ററിന്റെ ചുമതല. ഇവര്‍ നോക്കിനില്‍ക്കുമ്പോള്‍ എങ്ങനെയാണ് അവിടെ ഒരു ബോംബാക്രമണമുണ്ടായത്? ഇത്രയും ശക്തമായ സുരക്ഷയ്ക്കിടയില്‍ എങ്ങനെയാണ് പ്രതി രക്ഷപ്പെട്ടത്? സി പി എം നേതാക്കളുടെ പ്രസ്താവന പരസ്പര വിരുദ്ധമാണ്. മുഖ്യമന്ത്രിയുടെ മൂക്കിനു താഴെയുള്ള പൊലീസിന് പ്രതികളെ കണ്ടെത്താന്‍ കഴിയുന്നില്ല. ആക്രമണം നടക്കുന്നതിന് അരമണിക്കൂര്‍ മുന്‍പേ സംഭവം ഉണ്ടാകുമെന്നറിഞ്ഞ് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ സ്ഥലത്തേക്കു പുറപ്പെട്ടോയെന്നു സംശയമുണ്ടെന്നും വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു.

15:01 (IST) 4 Jul 2022
കേരളത്തിൽ അഞ്ചു ദിവസം ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യത

മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു. വടക്കൻ ഒഡിഷകും സമീപത്തുള്ള , തെക്കൻ ജാർഖണ്ഡ്, പശ്ചിമ ബംഗാളിനും മുകളിലായി ന്യുന മർദ്ദം നിലനിൽക്കുന്നു.

ഇതിന്റെ ഫലമായി അറബികടലിൽ പടിഞ്ഞാറൻ /തെക്ക് പടിഞ്ഞാറൻ കാറ്റ്ശക്തമാകുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്കും ജൂലൈ 4& 5 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു .

15:00 (IST) 4 Jul 2022
കേരളത്തിൽ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാലിടത് യെല്ലോ

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നിവയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ. എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്

14:18 (IST) 4 Jul 2022
വിഖ്യാത ബംഗാളി സംവിധായകൻ തരുൺ മജുംദാർ അന്തരിച്ചു

വിഖ്യാത ബംഗാളി സംവിധായകൻ തരുൺ മജുംദാർ (92 ) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 1990ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. സ്മൃതി തുകു താക് (1960), പാലടക് (1963), കുഹേലി (1971), ശ്രീമാൻ പൃഥ്വിരാജ് (1972), ബാലികാ ബധു (1976), ഗണദേവത (1978), ദാദർ കീർത്തി (1980) തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മജുംദാർ അറിയപ്പെടുന്നത്.

13:10 (IST) 4 Jul 2022
എകെജി സെന്റർ ആക്രമണം: സഭയിൽ അടിയന്തര പ്രമേയത്തിൽ ചർച്ച തുടങ്ങി

എകെജി സെന്റർ ആക്രമണം സഭയിൽ ചർച്ച ചെയ്യുന്നു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിലാണ് ചർച്ച. പി.സി വിഷ്ണുനാഥ് എംഎൽഎ പ്രമേയം അവതരിപ്പിക്കുന്നു.

12:58 (IST) 4 Jul 2022
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം; റിപ്പോർട്ട് വിശ്വസനീയമല്ലെന്ന് കെ.സി വേണുഗോപാല്‍

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം സംബന്ധിച്ച പൊലീസ് റിപ്പോർട്ട് വിശ്വസനീയമല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. മുഖ്യമന്ത്രിയുടെ കഥക്ക് പൊലീസ് തിരക്കഥ ഒരുക്കിയതാണ് റിപ്പോർട്ട് എന്ന് വേണുഗോപാൽ ആരോപിച്ചു. എസ് എഫ് ഐ ക്കാർ പിന്നിലൂടെയാണ് ഓഫീസിലേക്ക് കയറിയത്. പൊലീസ് അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങളുണ്ട്. ആക്രമണം നടക്കുമ്പോൾ കോൺഗ്രസ് പ്രവർത്തകർ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. വാദിയെ പ്രതിയെക്കാനുള്ള ശ്രമങ്ങൾക്കെതിരെ പ്രതിഷേധമുയർന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.

12:18 (IST) 4 Jul 2022
പാലക്കാട് പ്രസവശേഷം അമ്മയും കുഞ്ഞും മരിച്ചു; ആശുപത്രിയിൽ പ്രതിഷേധം

പാലക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചു. തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞുമാണ് മരിച്ചത്. ഐശ്വര്യ ഇന്ന് രാവിലെയും കുഞ്ഞ് കഴിഞ്ഞ ദിവസം പ്രസവശേഷവുമാണ് മരിച്ചത്. യുവതിയുടെ കുടുംബം ആശുപത്രിയിൽ പ്രതിഷേധിക്കുകയാണ്.

11:55 (IST) 4 Jul 2022
വിശ്വാസ വോട്ടെടുപ്പ് ജയിച്ച് ഷിൻഡെ

മഹാരാഷ്ട്ര നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് ജയിച്ച് ഏക്നാഥ് ഷിന്‍ഡെ. 164 പേരുടെ പിന്തുണ നേടിയാണ് ജയം. കേവല ഭൂരിപക്ഷത്തിന് 143 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. 99 പേരാണ് പുതിയ സർക്കാരിനെതിരെ വോട്ട് ചെയ്തത്.

11:44 (IST) 4 Jul 2022
പൊലീസ് റിപ്പോർട്ട് സഭയിൽ ആവർത്തിച്ച് മുഖ്യമന്ത്രി

രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിചിത്രം താഴെകണ്ടത് എസ്.എഫ്.ഐക്കാര്‍ പോയശേഷമെന്ന പൊലീസ് റിപ്പോർട്ട് സഭയിൽ ആവർത്തിച്ച് മുഖ്യമന്ത്രി. സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി റിപ്പോർട്ട് അവതരിപ്പിച്ചത്.

11:10 (IST) 4 Jul 2022
ഹിമാചലിൽ ബസ് അപകടം: 16 മരണം

ഹിമാചൽ പ്രദേശിലെ കുളുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് സ്കൂൾ കുട്ടികളടക്കം 16 യാത്രക്കാർ മരിച്ചു. രാവിലെ 8.30 ഓടെ സൈഞ്ചിലേക്ക് പോവുകയായിരുന്ന ബസ് ജംഗ്ല ഗ്രാമത്തിന് സമീപമുള്ള തോട്ടിലേക്ക് വീഴുകയായിരുന്നു. 40 ഓളം പേരാണ് ബസിൽ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

11:07 (IST) 4 Jul 2022
മഹാരാഷ്ട്ര നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്

മഹാരാഷ്ട്ര നിയമസഭയിൽ ഇന്ന് അഞ്ച് ദിവസം പഴക്കമുള്ള ശിവസേന-ബിജെപി സർക്കാർ ഇന്ന് വിശ്വാസവോട്ടെടുപ്പ് നേരിടും. ഞായറാഴ്ച ആരംഭിച്ച നിയമസഭ പ്രത്യേക ദ്വിദിന സമ്മേളനത്തിലാണ് വോട്ടെടുപ്പ്. 287 അംഗ സഭയിൽ 164 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപിയുടെ രാഹുൽ നർവേക്കർ നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വിശ്വാസവോട്ടെടുപ്പ്.

10:51 (IST) 4 Jul 2022
പൊള്ളാച്ചിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ പാലക്കാട് കണ്ടെത്തി

പൊള്ളാച്ചി മെഡിക്കൽ കോളേജിൽ നിന്ന് ഇന്നലെ തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ പാലക്കാട് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. സംഭവത്തിൽ ഒരാൾ പിടിയിലായി. ഇന്നലെ വൈകുന്നേരമാണ് രണ്ടു സ്ത്രീകൾ നാല് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് കടത്തി കൊണ്ടുപോയത്.

10:28 (IST) 4 Jul 2022
എകെജി സെന്റർ ആക്രമണം; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചർച്ച ചെയ്യും

എകെജി സെന്റർ ആക്രമണത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് സഭ നിർത്തിവച്ച് ചർച്ച ചെയ്യും. പി.സി വിഷ്ണുനാഥ് എംഎൽഎയുടെ അടിയന്തര പ്രമേയമാണ് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സമ്മതിച്ചത്. ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്ന് മണിവരെയാണ് ചർച്ച. ഈ സഭ സമ്മേളനത്തിൽ ഇത് രണ്ടാം തവണയാണ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിൽ ചർച്ച നടക്കുന്നത്. അതും ഭരണപക്ഷത്തിന്റെ സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെയുണ്ടായ ആക്രമണത്തിൽ ആണെന്നതും പ്രത്യേകതയാണ്.

10:22 (IST) 4 Jul 2022
സ്വപ്‍ന സുരേഷിന്റെ മൊഴി; ഷാജ് കിരണിന് ഇഡി നോട്ടീസ്

സ്വപ്‌ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ ഷാജ് കിരണിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. നാളെ രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

09:30 (IST) 4 Jul 2022
സ്‌കൂൾ ബസിന് മുകളിൽ പോസ്റ്റ് വീണു; ഒഴിവായത് വൻ ദുരന്തം

കൊച്ചി മരടിൽ ഓടിക്കൊണ്ടിരിന്ന സ്‌കൂൾ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു. പ്രദേശത്ത് വൈദ്യുതി ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. താഴ്ന്ന് കിടന്ന വൈദ്യുതി കേബിളിൽ ബസ് തട്ടിയതോടെ പോസ്റ്റ് ഒടിഞ്ഞു വീഴുകയായിരുന്നു. അപകടം സമയം എട്ട് കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്.

08:51 (IST) 4 Jul 2022
ഡെന്മാർക്കിലെ മാളിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

ഡെന്മാർക്കിലെ മാളിൽ ഉണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. വെടിവെച്ച ഇരുപത്തിരണ്ടുകാരനെ കോപ്പൻഹേഗൻ പൊലീസ് അറസ്റ്റ് ചെയ്തു.

08:38 (IST) 4 Jul 2022
രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവം; എസ് എഫ് ഐക്കു പങ്കില്ലെന്നു പൊലീസ് റിപ്പോർട്ട്‌

രാഹുൽ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധിചിത്രം തകര്‍ത്തത് എസ്.എഫ്.ഐക്കാര്‍ പോയശേഷമെന്ന് പൊലീസ്. ഫൊട്ടോകള്‍ തെളിവായി ഉള്‍പെടുത്തി കൊണ്ടാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. കസേരയില്‍ വാഴവച്ചശേഷവും ചുമരില്‍ ഗാന്ധിചിത്രം ഉണ്ടായിരുന്നു എസ്എഫ്ഐക്കാർ പോയതിന് ശേഷം പിന്നീടാണ് ചിത്രം താഴെ വീണ നിലയിൽ കണ്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

08:35 (IST) 4 Jul 2022
കേരളത്തിൽ ആറിടത് ഇന്ന് ഓറഞ്ച് അലർട്ട്

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,പാലക്കാട്, വയനാട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണ്

08:33 (IST) 4 Jul 2022
ഏലപ്പാറയിൽ മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു

കനത്ത മഴയിൽ ഇടുക്കി എലപ്പാറയില്‍ മണ്ണിടിഞ്ഞ് വീണ് ഒരു സ്ത്രീ മരിച്ചു. കോഴിക്കാനം എസ്റ്റേറ്റിലെ പുഷ്പയാണ് മരിച്ചത്. ലയത്തിന് പിന്നിലെ മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. നാട്ടുകാരും ഫയര്‍ഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Web Title: Top news live updates 04 july 2022 kerala