scorecardresearch
Latest News

Top News Highlights: കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടങ്ങി

Top News Highlights: ശമ്പള വിതരണം ഇന്നും തിങ്കളാഴ്ചയുമായി പൂർത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു

Top News Highlights: കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടങ്ങി

Top News Highlights: കോഴിക്കോട്: കെഎസ്ആ‍ർടിസിയിൽ ശമ്പള വിതരണം തുടങ്ങി. ഹൈക്കോടതി നി‍ർദേശപ്രകാരം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കുടിശ്ശികയായ ശമ്പളത്തിന്റെ മൂന്നിലൊന്നാണ് വിതരണം ചെയ്യുന്നത്. ശമ്പള വിതരണത്തിനായി 50 കോടി രൂപ കഴിഞ്ഞ ദിവസം സർക്കാർ കെഎസ്ആർടിസിക്ക് കൈമാറിയിരുന്നു. ശമ്പള വിതരണം ഇന്നും തിങ്കളാഴ്ചയുമായി പൂർത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

പാൽ വാങ്ങാൻ പോകുന്നതിനിടെ പന്ത്രണ്ടു വയസ്സുകാരിയെ തെരുവുനായ കടിച്ചു

പത്തനംതിട്ടയില്‍ 12 വയസ്സുകാരിക്ക് തെരുവുനായയുടെ കടിയേറ്റു. ഗുരുതരാവസ്ഥയിലായ റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്‍റെ മകൾ അഭിരാമിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പാൽ വാങ്ങാൻ പോകുന്നതിനിടെയാണ് തെരുവുനായ കുട്ടിയെ കടിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. ഇന്നലെ വൈകീട്ടോടെ തീരെ വയ്യാതായ കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Live Updates
21:09 (IST) 3 Sep 2022
ആര്‍ട്ടെമിസ് 1 വിക്ഷേപണം: ഹൈഡ്രജന്‍ ചോര്‍ച്ച, രണ്ടാമത്തെ ശ്രമവും മാറ്റി

ചാന്ദ്ര ദൗത്യമായ ആര്‍ട്ടെമിസ് 1 സ്പേസ് ലോഞ്ച് സിസ്റ്റം വിക്ഷേപിക്കാനുള്ള രണ്ടാമത്തെ ശ്രമവും നാസ റദ്ദാക്കി.ഇത് രണ്ടാം തവണയാണ് നാസ ആര്‍ട്ടെമിസ് 1 വിക്ഷേപിക്കാനുള്ള ശ്രമം റദ്ദാക്കുന്നത്. സാങ്കേതിക തകരാര്‍ മൂലം ആദ്യ ശ്രമവും അവസാന നിമിഷം മാറ്റി വെച്ചിരുന്നു. ആദ്യ ശ്രമത്തിലുണ്ടാത് പോലെ വിക്ഷേപണ സമയത്ത് ഹൈഡ്രജന്‍ ചോര്‍ച്ചയുണ്ടായതായാണ് റിപോര്‍ട്ട്.

20:06 (IST) 3 Sep 2022
ആര്‍ട്ടെമിസ് 1 ദൗത്യം: രണ്ടാം ശ്രമത്തിലും ഹൈഡ്രജന്‍ ചോര്‍ച്ച

ആര്‍ട്ടെമിസ് 1 ദൗത്യം വിക്ഷേപിക്കാനുള്ള നാസയുടെ രണ്ടാമത്തെ ശ്രമം ആരംഭിച്ചു. അതേസമയം ആദ്യ ശ്രമത്തിലുണ്ടായത് പോലെവിക്ഷേപണ സമയത്ത് ഹൈഡ്രജന്‍ ചോര്‍ച്ചയുണ്ടായതായാണ് റിപോര്‍ട്ട്. എഞ്ചിന്‍ വിഭാഗത്തിലെ ഈ പ്രശ്നവും നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വേഗത ക്രമീകരിക്കുന്നതിന്റെ ഗ്രൗണ്ടിനും ഫ്‌ലൈറ്റ് സൈഡ് പ്ലേറ്റുകള്‍ക്കും ഇടയിലുള്ള അറയില്‍ ഹൈഡ്രജന്‍ ചോര്‍ച്ച കണ്ടെത്തിയതായാണ് വിവരം. നാസയുടെ എന്‍ജിനീയര്‍മാര്‍ ചോര്‍ച്ച പരിഹരിക്കാനുള്ള ശ്രമത്തിലാണ്.

18:51 (IST) 3 Sep 2022
കേരളത്തില്‍ താമര വിരിയുന്ന ദിവസം വിദൂരമല്ല: അമിത് ഷാ

കേരളത്തില്‍ താമര വിരിയുന്ന ദിവസം വിദൂരമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുവനന്തപുരത്ത് ബി.ജെ.പി പട്ടികജാതി മോര്‍ച്ച സംഘടിപ്പിക്കുന്ന പട്ടികജാതി സംഗമം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ബിജെപിക്കായി പ്രവര്‍ത്തിക്കണമെങ്കില്‍ രാഷ്ട്രഭക്തിക്കൊപ്പം ബലിദാനം ചെയ്യാനുള്ള ശക്തിയും വേണം. രാജ്യത്തെ ജനമനസുകളില്‍ നിന്ന് കോണ്‍ഗ്രസ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതുപോലെതന്നെ ലോകത്തുനിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയും കമ്യൂണിസവും ഇല്ലാതായിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

17:40 (IST) 3 Sep 2022
മൊബൈല്‍ ആപ് വഴി വായ്പ: ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്പുകളില്‍ ഇഡി റെയ്ഡ്

ചൈനീസ് വ്യക്തികള്‍ നിയന്ത്രിച്ച നിയമവിരുദ്ധ സ്മാര്‍ട്ട്ഫോണ്‍ അധിഷ്ഠിത വായ്പകള്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ റാസോര്‍പേ, പേടിഎം,ക്യാഷ് ഫ്രീ തുടങ്ങിയ ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്പുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. കര്‍ണാടകയിലെ ആറ് സ്ഥലങ്ങളില്‍ റെയ്ഡ് നടന്നതായും ഇഡി അറിയിച്ചു. ചൈനക്കാരുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ വ്യാപാരി ഐഡികളിലും ബാങ്ക് അക്കൗണ്ടുകളിലും സൂക്ഷിച്ചിരുന്ന 17 കോടി രൂപയുടെ നിക്ഷേപംറെയ്ഡില്‍ പിടിച്ചെടുത്തതായി ഇഡി അറിയിച്ചു.

16:07 (IST) 3 Sep 2022
പൊലീസ് റെയ്ഡില്‍ 107 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് പോലീസ് നടത്തിയ റെയ്ഡില്‍ 107 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റിലായി. ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

15:07 (IST) 3 Sep 2022
പുലിയെ കൊന്ന ഗോപാലനെതിരെ കേസെടുക്കില്ലെന്ന് വനംവകുപ്പ്

മാങ്കുളത്ത് ജനവാസകേന്ദ്രത്തിലിറങ്ങി ആക്രമണം നടത്തിയ പുലിയെ വെട്ടിക്കൊന്ന സംഭവത്തില്‍ കേസെടുക്കില്ലെന്ന് വനംവകുപ്പ്. സ്വയരക്ഷക്കായ് പുലിയെ കൊന്നതിനാല്‍ കേസെടുക്കേണ്ട ആവശ്യമില്ലെന്നാണ് വനം വകുപ്പിന്‍റെ വിശദീകരണം.

13:41 (IST) 3 Sep 2022
ബിജെപി സംസ്ഥാന അധ്യക്ഷന്റെ മകന്റെ നിയമനം: പരീക്ഷാ നടപടികളിലും തിരിമറിയെന്ന് ആക്ഷേപം

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകന് നിയമനം ലഭിച്ച രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ  ടെക‍്‍നിക്കൽ ഓഫീസർ തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ നടപടികളെ കുറിച്ചും ആക്ഷേപം. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം അടിസ്ഥാനപ്പെടുത്തി വിളിച്ച തസ്തികയുടെ രണ്ടാം ഘട്ട പരീക്ഷയുടെ ചോദ്യങ്ങൾ ഏറെയും ബയോടെക‍്‍നോളജി വിഷയത്തിൽ നിന്നായിരുന്നുവെന്നാണ് ആക്ഷേപം.

12:31 (IST) 3 Sep 2022
റോഡിൽ കുഴിയുണ്ടായാൽ വിജിലൻസ് കേസെടുക്കും

സംസ്ഥാനത്ത് റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന നടപടികളുമായി പൊതുമരാമത്ത് വകുപ്പ്. നിർമാണം പൂർത്തിയാക്കി, 6 മാസത്തിനകം റോഡ് തകർന്നാൽ എഞ്ചിനീയർമാരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി.

12:30 (IST) 3 Sep 2022
പി.സി.ചാക്കോ വീണ്ടും എൻസിപി സംസ്ഥാന അധ്യക്ഷൻ

പി.സി.ചാക്കോ വീണ്ടും എൻസിപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. എ.കെ.ശശീന്ദ്രനാണ് പേര് നിർദേശിച്ചത്. തോമസ് കെ തോമസ് എംഎൽഎ പിന്താങ്ങി. പി.സി.ചാക്കോയെ പ്രസിഡൻ്റാക്കാൻ ഇരു വിഭാഗങ്ങളും നേരത്തെ തന്നെ സമവായത്തില്‍ എത്തിയിരുന്നു.

11:02 (IST) 3 Sep 2022
ജെൻഡർ യൂണിഫോം വിഷയത്തില്‍ സമസ്ത പറയുന്നത് ശരിയെന്ന് ഇ.പി.ജയരാജൻ

ജെൻഡർ യൂണിഫോം വിഷയത്തിലും വഖഫ് ബോർഡ് നിയമനത്തിലും സമസ്തയുടെ നിലപാട് ശരിയായത് കൊണ്ടാണ് സർക്കാർ അത് അംഗീകരിച്ചുകൊടുത്തതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സമസ്തയോടും കാന്തപുരം സുന്നി വിഭാഗത്തോടും വിരോധം ഇല്ലാത്തത് കൊണ്ടാണ് അവരുടെ അഭിപ്രായങ്ങൾ മാനിക്കുന്നതെന്നും ഇപി ജയരാജൻ പറഞ്ഞു.

11:01 (IST) 3 Sep 2022
മാങ്കുളത്ത് പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

മാങ്കുളത്ത് പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ആളുകളെ ആക്രമിച്ച പുലിയെയാണ് നാട്ടുകാര്‍ തല്ലിക്കൊന്നത്. ഇന്ന് പുലര്‍ച്ചെ അമ്പതാംമൈല്‍ സ്വദേശി ഗോപാലനെയാണ് പുലി ആക്രമിച്ചത്. രണ്ട് ആടുകളെയും പുലി കൊന്നിരുന്നു.

11:01 (IST) 3 Sep 2022
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നു നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.

Web Title: Top news live updates 03 september 2022 kerala news