scorecardresearch
Latest News

Top News Highlights: കോടിയേരിയെ അവഹേളിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ സിപിഒ ഉറൂബിനെതിരെയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നടപടി

Top News Highlights: കോടിയേരിയെ അവഹേളിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

Top News Highlights: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അവഹേളിക്കുന്ന രീതിയില്‍ വാട്ട്സ്ആപ്പ് സന്ദേശമയച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ സിപിഒ ഉറൂബിനെതിരെയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നടപടി. കോടിയേരിയെ ഉറൂബ് കൊലയാളി എന്നാണ് വിശേഷിപ്പിച്ചത്. സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറി ഉറൂബിനെതിരെ പരാതി നല്‍കിയത്.

ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 24 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ ട്രാക്ടര്‍ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 24 പേര്‍ മരിച്ചു. ജില്ലയിലെ സാദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഭദ്യൂന ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. സമീപത്തെ ഫത്തേപൂര്‍ ജില്ലയിലെ ചന്ദ്രികാ ദേവി ക്ഷേത്രത്തില്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയവരാണ് ടാക്ടര്‍ ട്രോളിയിലുണ്ടായിരുന്നത്. 40 പേരെങ്കിലും ട്രാക്ടര്‍ വാഹനത്തിലുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തീര്‍ഥാടകരുടെ മരണത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. അപകടത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്രാക്ടര്‍ ട്രോളികള്‍ സാധനങ്ങള്‍ കൊണ്ടുപോകാന്‍ മാത്രം ഉപയോഗിക്കണമെന്നും ആളുകളെ കൊണ്ടുപോകരുതന്നും ജനങ്ങളോട് നിര്‍ദേശിച്ചു.

Live Updates
21:47 (IST) 2 Oct 2022
കോടിയേരിയെ അവഹേളിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അവഹേളിക്കുന്ന രീതിയില്‍ വാട്ട്സ്ആപ്പ് സന്ദേശമയച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ സിപിഒ ഉറൂബിനെതിരെയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നടപടി. കോടിയേരിയെ ഉറൂബ് കൊലയാളി എന്നാണ് വിശേഷിപ്പിച്ചത്. സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറി ഉറൂബിനെതിരെ പരാതി നല്‍കിയത്.

21:07 (IST) 2 Oct 2022
പ്രിയസഖാവിനെ കാണാന്‍ പുഷ്പനുമെത്തി; വികാരനിര്‍ഭരം തലശേരി, വീഡിയോ

അന്തരിച്ച മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ കൂത്തുപറമ്പ് വെടിവയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പന്‍ എത്തി. തലശേരി ടൗണ്‍ ഹാളിലെത്തിയാണ് പ്രിയ സഖാവിനെ അവസാനമായി പുഷ്പന്‍ ഒരു നോക്കു കണ്ടത്.

തന്റെ എല്ലാ കാര്യങ്ങള്‍ക്കും കൂടെ നിന്ന് സഹായങ്ങള്‍ ചെയ്തു തന്ന സഖാവാണ് കോടിയേരി ബാലകൃഷ്ണനെന്ന് പുഷ്പന്‍ പറഞ്ഞതായി കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ പുഷ്പനെത്തിയതോടെ ടൗണ്‍ ഹാള്‍ വികാരനിര്‍ഭരമാവുകയായിരുന്നു.

20:13 (IST) 2 Oct 2022
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

18:41 (IST) 2 Oct 2022
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര: സഞ്ജു ടീമില്‍, ധവാന്‍ നയിക്കും

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുതിര്‍ന്ന താരം ശിഖര്‍ ധവാന്‍ ടീമിനെ നയിക്കും. ശ്രേയസ് അയ്യരാണ് ഉപനായകന്‍. ഇടവേളയ്ക്ക് ശേഷം സഞ്ജു സാംസണ്‍ ടീമിലെത്തി.

ശിഖർ ധവാൻ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗിൽ, രജത് പതിദാർ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഷഹബാസ് അഹമ്മദ്, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, രവി ബിഷ്‌ണോയ്, മുകേഷ് കുമാർ , അവേഷ് ഖാൻ, മൊഹമ്മദ്. സിറാജ്, ദീപക് ചാഹർ.

18:07 (IST) 2 Oct 2022
കോടിയേരിക്ക് മുന്നില്‍ തളര്‍ന്ന് വീണ് വിനോദിനി, ആശ്വസിപ്പിച്ച് പിണറായി; വൈകാരിക വേദിയായി ടൗണ്‍ ഹാള്‍

പ്രിയ സഖാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ രാവിലെ മുതല്‍ തലശേരി ടൗണ്‍ ഹാളിലേക്ക് പാര്‍ട്ടിഭേദമന്യെ ജനങ്ങള്‍ എത്തിത്തുടങ്ങിയിരുന്നു. രാവിലെ പതിനൊന്ന് മണിയോടെ മ‍ൃതദേഹം കണ്ണൂരിലെത്തുമെന്നാണ് അറിയിച്ചതെങ്കിലും വൈകി. ഒരുമണിയോടെ കണ്ണൂരിന്റെ മണ്ണില്‍ അവസാനമായി കോടിയേരി എത്തി.

വിമാനത്താവളത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും മറ്റ് നേതാക്കളും ചേര്‍ന്ന് സഖാവിന്റെ മൃതദേഹം ഏറ്റുവാങ്ങി. പിന്നീട് 30 കിലോ മീറ്റര്‍ നീണ്ടു നിന്ന വിലാപയാത്ര. വിമാനത്താവളം മുതല്‍ തലശേരി വരെ പാതയോരങ്ങള്‍ പാര്‍ട്ടി അനുഭാവികളേയും സാധാരണക്കാരേയും കൊണ്ട് നിറഞ്ഞു.

https://malayalam.indianexpress.com/kerala-news/kodiyeri-balakrishnan-no-more-emotional-scenes-at-thalasseri-town-hall-703617/

17:05 (IST) 2 Oct 2022
പാലായില്‍ ഉറങ്ങിക്കിടന്നയാളെ തലയ്ക്കടിച്ച് കൊന്നു; രക്ഷപെട്ട പ്രതി പാലക്കാട് പിടിയില്‍

പാല കടപ്പാട്ടൂരില്‍ ഒഡീഷ സ്വദേശിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രദീപ് ബര്‍മന്‍ പിടിയില്‍. ഒഡിഷ സ്വദേശിയായ അഭയ് മാലിക്കാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അഭയ് മാലിക്കിനെ പ്രദീപ് ആക്രമിച്ചത്. ഗുരുതര പരിക്കുകളുമായി ചികിത്സയില്‍ കഴിഞ്ഞ അഭയ് മാലിക്ക് ഇന്നാണ് മരണപ്പെട്ടത്. കുറിച്ചിത്താനത്തായിരുന്നു അഭയ് മാലിക്ക് താമസിച്ചിരുന്നത്. വെള്ളിയാഴ്ച കടപ്പാട്ടൂരുള്ള പ്രദീപിന്റെ മുറിയില്‍ എത്തി.

16:03 (IST) 2 Oct 2022
മുദ്രാവാക്യ മുഖരിതമായി ടൗണ്‍ ഹാള്‍; കോടിയേരിക്ക് അന്ത്യാഭിവാദ്യങ്ങളുമായി ജനസാഗരം

അന്തരിച്ച മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മ‍ൃതദേഹം വഹിച്ചുള്ള വിലാപയാത്ര തലശേരി ടൗണ്‍ഹാളില്‍ എത്തി. ഔദ്യോഗിക ബഹുമതികള്‍ നല്‍കിയാണ് കോടിയേരിയുടെ മൃതദേഹം ടൗണ്‍ഹാളിലേക്ക് പ്രവേശിപ്പിച്ചത്. തലശേരി ടൗണ്‍ ഹാളില്‍ എത്തിച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും നേതാക്കളും ചേര്‍ന്ന് ചെങ്കൊടി പുതപ്പിച്ചു.

ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം ആരംഭിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് തലശേരിയിലേക്കുള്ള വിലാപയാത്രയില്‍ പ്രിയസഖാവിന് അവസാനമായി യാത്ര പറയാന്‍ ആയിരങ്ങളാണ് പാതയോരങ്ങളില്‍ തടിച്ചുകൂടിയത്.

13:11 (IST) 2 Oct 2022
കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു. ചെന്നൈയില്‍ നിന്ന് എയര്‍ ആംബുലന്‍സിലാണ് മൃതദേഹം കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ചത്. ഇവിടെ നിന്ന് വിലാപ യാതയായി തലശ്ശേരിയിലേക്ക് കൊണ്ടുപോകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കണ്ണൂരിലെത്തി. കോടിയേരിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് യൂറോപ്യന്‍ പര്യടനം മാറ്റിവെച്ച് മുഖ്യമന്ത്രി ചെന്നൈയിലേക്ക് തിരിക്കാന്‍ തീരുമാനിച്ചിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അനുശോചനംരേഖപ്പെടുത്തി.

11:49 (IST) 2 Oct 2022
യുവാവിനെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ടു; മുഖ്യപ്രതി മുത്തുകുമാര്‍ പിടിയില്‍

ചങ്ങനാശേരിയില്‍ യുവാവിനെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ട സംഭവത്തില്‍ മുഖ്യപ്രതി മുത്തുകുമാര്‍ പിടിയില്‍. കൊലപാതകത്തില്‍ പങ്കാളികളായ മറ്റു രണ്ടുപേര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. നാഭിക്കേറ്റ ശക്തമായ അടിയാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴ സ്വദേശി ബിന്ദുകുമാറാണ് കൊല്ലപ്പെട്ടത്.

11:13 (IST) 2 Oct 2022
കാന്‍പുരില്‍ ട്രാക്ടര്‍ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 24 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ ട്രാക്ടര്‍ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 24 പേര്‍ മരിച്ചു. ജില്ലയിലെ സാദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഭദ്യൂന ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. സമീപത്തെ ഫത്തേപൂര്‍ ജില്ലയിലെ ചന്ദ്രികാ ദേവി ക്ഷേത്രത്തില്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയവരാണ് ടാക്ടര്‍ ട്രോളിയിലുണ്ടായിരുന്നത്. 40 പേരെങ്കിലും ട്രാക്ടര്‍ വാഹനത്തിലുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Web Title: Top news live updates 02 october 2022

Best of Express