ന്യൂഡല്‍ഹി: നരേന്ദ്ര മോദി മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രി അനന്ത് കുമാര്‍ അര്‍ബുദ ബാധിതനായി ബ്രിട്ടനില്‍ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ട്. അടല്‍ ബിഹാരി വാജ്പേയ് സര്‍ക്കാരിന്റെ കാലത്തും കേന്ദ്രമന്ത്രിയായിരുന്ന അനന്ത് കുമാര്‍ ഇപ്പോഴത്തെ പാര്‍ലമെന്ററികാര്യ മന്ത്രിയാണ്. പാൻക്രിയാറ്റിക് കാൻസർ ബാധിതനായ അദ്ദേഹം ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രിക്ക് അര്‍ബുദമാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഓഫീസ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വയറിന്റെ റിപ്പോര്‍ട്ട്.

രണ്ടാഴ്ചയായി ലണ്ടനില്‍ ചികിത്സയില്‍ തുടരുന്ന അദ്ദേഹത്തെ അമേരിക്കയിലേക്ക് വിദഗ്‌ധ ചികിത്സയ്ക്കായി കൊണ്ടുപോവാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നേരത്തേ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അസുഖബാധിതനായ കാര്യവും കേന്ദ്രം പുറത്തറിയിച്ചിരുന്നില്ല. അദ്ദേഹം കിഡ്നി മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന വിവരവും മാധ്യമങ്ങളാണ് പുറത്തുവിട്ടത്. അസുഖത്തെ തുടര്‍ന്ന് ഏറെ കാലം അദ്ദേഹം ജോലിയില്‍ പ്രവേശിച്ചിരുന്നില്ല. ഈയടുത്താണ് അദ്ദേഹം ഓഫീസില്‍ തിരികെ പ്രവേശിച്ചത്.

അനന്ത് കുമാര്‍

ഗോവയില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അസുഖബാധിതനായതിന് പിന്നാലെ രാഷ്ട്രീയ അനിശ്ചിതത്വം ആരംഭിച്ചിട്ടുണ്ട്. ഭരണം നിശ്ചലാവസ്ഥയിലാണെന്ന് കാണിച്ച് കോണ്‍ഗ്രസ് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇതിനിടെയാണ് കേന്ദ്രമന്ത്രിയും ഗുരുതര രോഗം ബാധിച്ച് ചികിത്സയിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

നിലവില്‍ അനന്ത് കുമാറിന്റെ ഭരണച്ചുമതലകള്‍ കേന്ദ്രം ആര്‍ക്കും കൈമാറിയിട്ടില്ല. അമേരിക്ക അടക്കമുളള രാജ്യങ്ങളില്‍ നേതാക്കളുടെ മെഡിക്കല്‍ വിവരങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി പുറത്തുവിടാറുണ്ട്. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടേത് അടക്കമുളള പ്രമുഖരുടെ മെഡിക്കല്‍ വിവരങ്ങള്‍ ഇത്തരത്തില്‍ ജനങ്ങള്‍ക്ക് പരിശോധിക്കാന്‍ കഴിയാറുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ