ബെംഗളൂരു: പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികലയ്ക്കു വിഐപി പരിഗണന നൽകുന്നതു സംബന്ധിച്ച് റിപ്പോർട്ടു നൽകിയ ഡിഐജി ഡി.രൂപയെ സ്ഥലം മാറ്റി. ഗതാഗത വകുപ്പിലേക്കാണ് രൂപയെ സ്ഥലം മാറ്റിയത്.

ജയിലിലെ ഉന്നത ഉദ്യോഗസ്ഥർ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയാണു ശശികലയ്ക്ക് സ്വകാര്യ അടുക്കള ഉൾപ്പെടെയുളള സൗകര്യങ്ങൾ ഒരുക്കിനൽകിയതെന്ന് ആഭ്യന്തരവകുപ്പിനു സമർപ്പിച്ച റിപ്പോർട്ടിൽ രൂപ പറഞ്ഞിരുന്നു. ഈ റിപ്പോർട്ടിന്മേൽ അന്വേഷണം നടന്നുവരുന്നതിനിടെയാണ് സ്ഥലംമാറ്റം. സർവീസ് ചട്ടങ്ങൾ ലംഘിച്ച് മാധ്യമങ്ങൾക്ക് വിവരം നൽകിയതിൽ രൂപയ്ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

ജയിലിൽ രഹസ്യ സന്ദർശനം നടത്തിയാണ് ഡിഐജി രൂപ റിപ്പോർട്ട്‌ തയ്യാറാക്കിയത്. ശശികലയുടെ സെല്ലിൽ പ്രത്യേക അടുക്കള ഒരുക്കിയിട്ടുണ്ട്. രണ്ട് തടവുകാരെ ഭക്ഷണം തയാറാക്കാൻ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ജയിൽ ഡിജി, എച്ച്.എസ്.സത്യനാരായണ റാവുവും കീഴുദ്യോഗസ്ഥരും രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയാണ് വിഐപി സൗകര്യങ്ങൾ ഒരുക്കിയതെന്നും രൂപയുടെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

ശശികലയെ പാർപ്പിച്ചിരിക്കുന്ന വനിതാ സെല്ലിനു പുറത്തെ ചില സിസിടിവി ക്യാമറകളും മനഃപൂർവം പ്രവർത്തനരഹിതമാക്കിയ നിലയിലാണെന്നും റിപ്പോർട്ടിലുണ്ട്.പൊലീസ് ഇൻസ്‌പെക്ടർ ജനറലിനും ആഭ്യന്തര സെക്രട്ടറിക്കും അഴിമതി നിരോധന ബ്യൂറോയ്ക്കും റിപ്പോർട്ട്‌ സമർപ്പിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ