ന്യൂഡൽഹി: “ടൂൾകിറ്റ്” കേസിൽ അറസ്റ്റിലായ കാലാവസ്ഥാ പ്രവർത്തകയായ ദിശ രവിക്ക് ഡൽഹി സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് സ്വീഡിഷ് ക്ലൈമറ്റ് ആക്ടിവിസ്റ്റ് ഗ്രെറ്റ തൻബെർഗ് നടത്തിയ ട്വീറ്റിൽ പറയുന്ന “ടൂൾകിറ്റു”മായി ബന്ധപ്പെട്ട കേസിലാണ്  ഒരു ലക്ഷം രൂപയുടെ രണ്ട് ജാമ്യത്തുകയ്ക്ക് അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണ ജാമ്യം അനുവദിച്ചത്.

കർഷകരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള ടൂൾകിറ്റുമായി ബന്ധപ്പെട്ട് ഫെബ്രുവരി 13 നാണ് ബെംഗളൂരു സ്വദേശിയായ ദിശ രവി (22) അറസ്റ്റിലായത്. ബെംഗളൂരുവിലെ തൻ‌ബെർഗിന്റെ ഫ്രൈഡേയ്‌സ് ഫോർ ഫ്യൂച്ചർ (എഫ്എഫ്എഫ്) ഓർഗനൈസേഷന്റെ സന്നദ്ധപ്രവർത്തകയായിരുന്നു ദിശ.

വേണ്ടത്ര തെളിവുകളില്ലാത്ത അന്വേഷണമാണ് നടന്നതെന്ന് കണക്കിലെടുക്കുമ്പോൾ, 22 വയസ്സുള്ള ഒരു യുവതിക്ക് ‘ജാമ്യം’ അനുവദിക്കാതിരിക്കാൻ വ്യക്തമായ കാരണമൊന്നും കാണുന്നില്ലെന്ന് കോടതി ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ കോടതി അഭിപ്രായപ്പെട്ടു.

അനുമതിയില്ലാതെ രാജ്യം വിടരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി ദിശ രവിയോട് ആവശ്യപ്പെട്ടു.

Read More: ഡൽഹി യൂണിവേഴ്സിറ്റി സ്വപ്നം കണ്ട തൊഴിൽ അവകാശ പ്രവർത്തക; അറിയാം നവ്ദീപ് കൗറിനെ

അതേസമയം, നാല് ദിവസത്തേക്ക് കസ്റ്റഡി ആവശ്യപ്പെട്ട് ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് പങ്കജ് ശർമയുടെ കോടതിയിൽ പോലീസ് ദിശ രവിയെ ഹാജരാക്കിയിരുന്നു. എന്നാൽ ദിശക്ക് ജാമ്യം ലഭിച്ചതായി കോടതിയെ അറിയിച്ചതിനെ തുടർന്ന് പൊലീസിന്റെ ആവശ്യം തള്ളി.

ടൂൾകിറ്റ് രേഖകൾ തയ്യാറാക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും പ്രധാന ഗൂഢാലോചന നടത്തിയത് ദിശ രവിയാണെന്നും ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പായ പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി സഹകരിച്ച് “ഇന്ത്യൻ ഭരണകൂടത്തിനെതിരെ അസംതൃപ്തി പ്രചരിപ്പിക്കാൻ വേണ്ടിയാണ് ഗ്രേറ്റ തൻ‌ബെർഗിന് ഡോക്യുമെന്റ് പങ്കുവച്ചതെന്നും ഡൽഹി പോലീസ് ആരോപിച്ചിരുന്നു. ടെലിഗ്രാം ആപ്പ് വഴിയാണ് ദിശ രവി ടൂൾകിറ്റ് തൻബെർഗിന് അയച്ചതെമന്നും “അതിൽ ഇടപെടാൻ അവരെ പ്രേരിപ്പിച്ചു” എന്നും പോലീസ് അവകാശപ്പെട്ടിരുന്നു.

ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കേസിന്റെ വിവിധ വശങ്ങളുന്നയിച്ച് സെഷൻസ് ജഡ്ജ് റാണ പൊലീസിനെ ചോദ്യം ചെയ്തു. ഖാലിസ്ഥാൻ അനുഭാവികളുടെ നടപടികൾക്ക് ദിശ രവിയെ കുറ്റപ്പെടുത്താൻ കഴിയുമോ എന്നും റിപ്പബ്ലിക് ദിനത്തിലെ അക്രമത്തിൽ പങ്കെടുത്തവരുമായി ദിശയെ ബന്ധിപ്പിക്കുന്ന തെളിവുകൾ എന്താണെന്നും ടൂൾകിറ്റ് എങ്ങനെയാണ് അതുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും ജഡ്ജ് പൊലീസിനോട് ആരാഞ്ഞു.

Read More: ഇത് കൊള്ളയടി; ദുരിതത്തിൽ നിന്നും സർക്കാർ ലാഭമുണ്ടാക്കുന്നു: പ്രധാനമന്ത്രിയോട് സോണിയ ഗാന്ധി

“മുൻ ധാരണകളുടെ അടിസ്ഥാനത്തിൽ പൗരന്റെ സ്വാതന്ത്ര്യത്തെ കൂടുതൽ നിയന്ത്രിക്കാൻ അന്വേഷണ ഏജൻസിയെ അനുവദിക്കാൻ കഴിയില്ല,” എന്ന് കോടതി പറഞ്ഞു.

“പൗരന്മാർ സർക്കാറിന്റെ മനസാക്ഷി കാവൽക്കാരാണ്. ഭരണകൂട നയങ്ങളോട് വിയോജിക്കാനാണ് അവർ തീരുമാനിച്ചതെന്നതിനാൽ അവരെ ജയിലിലടയ്ക്കാനാവില്ല, ”അത് കൂട്ടിച്ചേർത്തു.

ടൂൾകിറ്റ് “നിരുപദ്രവകരമാണെന്ന് തോന്നുന്നു” എങ്കിലും അതിലുള്ള വെബ് ലിങ്കുകൾ  “കശ്മീരിലെ വംശഹത്യ”, ആസാമിലെ പൗരത്വ പ്രശ്‌നം എന്നിവ ഉൾക്കൊള്ളുന്ന “നിലവിലെ വംശഹത്യ ജാഗ്രത” എന്നിവ പോലുള്ള “ഇന്ത്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്തുന്ന” വെബ്‌സൈറ്റുകളിലേക്ക് ഉപയോക്താവിനെ കൊണ്ടുപോകുന്നുവെന്ന് പൊലീസ് പറഞ്ഞു.

വാദങ്ങൾക്ക് എന്തെങ്കിലും തെളിവുണ്ടോ? അല്ലെങ്കിൽ അനുമാനങ്ങൾ ചേർത്തുവയ്ക്കുകയാണോ എന്ന് വാദം കേൾക്കുന്നതിനിടെ കോടതി പോലീസിനോട് ചോദിച്ചു,

കേസിൽ ദിശയുടെ കൂട്ടുപ്രതികളായ നികിത ജേക്കബും ശന്തനു മുലുക്കും 2020 ജനുവരി 11 ന് നടന്ന സൂം മീറ്റിംഗിൽ പങ്കെടുത്തതായി പോലീസ് കോടതിയെ ബോധിപ്പിച്ചു. ഈ ടൂൾകിറ്റ് ശന്തനു പിജെഎഫുമായി പങ്കുവച്ചതായും പൊലിസ് കോടതിയെ ബോധിപ്പിച്ചു.

ദിശ രവിക്കെതിരെ തെളിവുകളൊന്നുമില്ലെന്നും “അഭിപ്രായ വ്യത്യാസം രാജ്യദ്രോഹത്തിന് തുല്യമല്ല” എന്നും അവരുടെ അഭിഭാഷകർ കോടതിയെ അറിയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook