/indian-express-malayalam/media/media_files/uploads/2018/06/duterte-079d7700653f2e04e07f154ebfafa62a.jpg)
സോള്‍: ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേർട്ടിനെതിരെ സോഷ്യൽ മീഡിയയില്‍ വന്‍പ്രതിഷേധം. ദക്ഷിണകൊറിയയില്‍ ജോലി ചെയ്യുന്ന ഫിലിപ്പീനിയന്‍ സ്വദേശികള്‍ക്കായി നടത്തിയ ഒരു പരിപാടിക്കിടെ പ്രസിഡന്റിന്റെ പ്രവൃത്തിയാണ് വിമര്‍ശനത്തിന് ഇടയായത്. സമ്മാനമായി കൊടുത്ത പുസ്തകത്തിന് പകരമായി ഫിലിപ്പീനിയന്‍ യുവതിയെ ചുംബിച്ചതാണ് വിവാദത്തിലേക്ക് നയിച്ചത്.
കത്തോലിക് ചര്‍ച്ചിലെ അഴിമതിയെ കുറിച്ച് വിവരിക്കുന്ന 'അല്‍ത്താര്‍ ഓഫ് സീക്രട്ട്സ്: സെക്സ്, പൊളിറ്റിക്സ് ആന്റ് മണി' എന്ന പുസ്തകമാണ് രണ്ട് മണിക്കൂര്‍ നീണ്ട പ്രസംഗത്തിന് ശേഷം അദ്ദേഹം യുവതിക്ക് നല്‍കിയത്. പുസ്തകം സൗജന്യം അല്ലാത്തത് കൊണ്ട് തന്നെ ആണുങ്ങള്‍ക്ക് തരാനുളളതല്ലെന്ന് അദ്ദേഹം പറഞ്ഞു. 'ആണുങ്ങള്‍ക്ക് പുസ്തകം തരില്ല, കാരണം ഇത് സൗജന്യം അല്ല. ചുംബനമാണ് ഇതിന്റെ വില', ഡ്യൂട്ടര്‍ട്ടെ പറഞ്ഞു.
തുടര്‍ന്ന് സദസില്‍ നിന്നും അദ്ദേഹം ഒരു യുവതിയെ വേദിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. 'നിങ്ങള്‍ ചുംബിക്കാന്‍ തയ്യാറായി നില്‍ക്കുന്നത് പോലെയുണ്ട്, വന്നാലും', പ്രസിഡന്റ് പറഞ്ഞു. മറ്റൊരു ഫിലിപ്പീന്‍ യുവതിക്കൊപ്പമാണ് ഇവര്‍ വേദിയിലെത്തിയത്. ആദരസൂചകമായി ഇരുവരും പ്രസിഡന്റിനെ വണങ്ങിയെങ്കിലും അത് മാത്രം പോരെന്ന് പ്രസിഡന്റ് പറഞ്ഞു.
'ഇത് മാത്രമല്ല, ചുംബനം എവിടെ?' പ്രസിഡന്റിന്റെ ചോദ്യം വന്നയുടനെ ഒരു യുവതി ഫ്ലൈയിങ് കിസ് നല്‍കി വേദിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു. രണ്ടാമത്തെ യുവതിയോട് നിങ്ങളുടെ ഭര്‍ത്താവിനോട് ഇത് ഒരു തമാശ മാത്രമാണെന്ന് പറയണമെന്നും പ്രസിഡന്റ് പറഞ്ഞു. യുവതിയെ പ്രസിഡന്റ് ചുംബിക്കുമ്പോള്‍ ജനങ്ങള്‍ ആര്‍ത്തുവിളിക്കുന്നതും വീഡിയോയില്‍ കാണാം.
എന്നാല്‍ പ്രസിഡന്റിന്റെ പ്രവൃത്തിക്കെതിരെ സോഷ്യൽ മീഡിയയില്‍ പ്രതിഷേധം പുകഞ്ഞു. യുവതി താത്പര്യം കാണിക്കാതിരുന്നിട്ടും പ്രസിഡന്റ് ചെയ്തത് അശ്ലീലമായിപ്പോയെന്ന് വിമര്‍ശനം ഉയര്‍ന്നു. ഇത് ആദ്യമായല്ല സ്ത്രീവിരുദ്ധ പ്രവൃത്തിയിലൂടെ ഡ്യൂട്ടര്‍ട്ടെ വാര്‍ത്തയില്‍ നിറയുന്നത്. ടൂറിസ്റ്റുകള്‍ക്ക് 42 കന്യകകളെ നല്‍കുമെന്ന് പറഞ്ഞ് ഇദ്ദേഹം നേരത്തേ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.