വാര്‍സോ: പോളണ്ടില്‍ ചോക്ലേറ്റ് കൊണ്ടു പോവുകയായിരുന്ന ട്രക്ക് മറിഞ്ഞ് അപകടം. 12 ടണ്‍ ദ്രാവക രൂപത്തിലുളള ചോക്ലേറ്റാണ് റോഡില്‍ മറിഞ്ഞത്. ഒരു വാഹനത്തെ മറികടക്കാനുളള ശ്രമത്തിനിടെയാണ് ട്രക്ക് മറിഞ്ഞത്. സെസ്നിയയില്‍ ഒരു ചോക്ലേറ്റ് കമ്പനിയിലേക്ക് കൊണ്ടുപോവുകയായിരുന്ന ചോക്ലേറ്റാണ് റോഡില്‍ മറിഞ്ഞത്.

റോഡില്‍ ചോക്ലേറ്റ് മറിഞ്ഞതോടെ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. റോഡിലൂടെ കടന്ന് പോവുന്ന വാഹനങ്ങളിലുളളവര്‍ കൗതുകത്തോടെ നോക്കി നിന്നതാണ് ഗതാഗത തടസം സൃഷ്ടിച്ചത്. വാഹനങ്ങളുടെ ടയറില്‍ പറ്റിപ്പിടിച്ച ചോക്ലേറ്റിന്റെ പാട് മീറ്ററുകളോളം ദൂരത്തില്‍ പടര്‍ന്നു. അപകടത്തില്‍ കൈയ്യൊടിഞ്ഞ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന് അധികൃതരെത്തി റോഡില്‍ നിന്നും വാഹനം നീക്കി ചോക്ലേറ്റ് തുടച്ചുമാറ്റി. റോഡില്‍ മറിഞ്ഞ ചോക്ലേറ്റ് പാറ പോലെ ഉറച്ച് പോയതും ജോലിക്കാരെ വലച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് റോഡ് വൃത്തിയാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook