മിസൗരി: സ്വവര്‍ഗാനുരാഗി ആണെന്ന കാരണത്താല്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ഉദ്യോഗക്കയറ്റം തടയുകയും ചെയ്തെന്ന് ആരോപിച്ച് അമേരിക്കയില്‍ പൊലീസ് ഉദ്യോഗസ്ഥന് മേലുധ്യോഗസ്ഥനെതിരെ ഹര്‍ജി ഫയല്‍ ചെയ്തു. സ്വവര്‍ഗാനുരാഗ ശൈലിയിലുള്ള പെരുമാറ്റം മാറ്റിയില്ലെങ്കില്‍ ഹവീല്‍ദാര്‍ പദവി ഉയര്‍ത്തില്ലെന്ന് തന്നോട് മേലുദ്യോഗസ്ഥന് പറഞ്ഞതായി കൈത്ത് വില്ഡ്ഹാബര് പരാതിയില്‍ പറയുന്നു.
സെന്റ് ലൂയീസ് കൗണ്ടി പൊലീസ് വിഭാഗത്തിലെ പൊലീസ് ഉധ്യോഗസ്ഥനാണ് വില്ഡ്ഹാബര്. ലെഫ്റ്റനന്റ് പദവി അലങ്കരിക്കാനുളള യോഗ്യത ഉണ്ടായിട്ടും ജോണ്‍ സറാസിനോ എന്ന ഉദ്യോഗസ്ഥനാണ് ലിംഗവിവേചനം കാണിക്കുന്നതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
സെന്റ് ലൂയീസ് കൗണ്ടി പൊലീസ് കമ്മീഷണര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ സറാസിനോ മുമ്പും ഇത്തരത്തില്‍ വിവേചനപരമായി പെരുമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. നിങ്ങള്‍ക്ക് വെള്ള ഷര്‍ട്ട് കാണമെന്നുണ്ടെങ്കില്‍ (ഉദ്യോഗക്കയറ്റം കിട്ടണമെന്നുണ്ടെങ്കില്‍) സ്വവര്‍ഗാനുരാഗ ശൈലി മാറ്റണമെന്നാണ് ഇയാള്‍ പറഞ്ഞതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഇത്തരത്തില്‍ താന്‍ വിവേചനം കാട്ടിയിട്ടില്ലെന്നും തന്റെ പരമാര്ശങ്ങളല്ല ഇതെന്നും വ്യക്തമാക്കി സറാസിനോ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.
ജനുവരി 10ന് മിസൗരി സര്‍ക്യൂട്ട് കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ നഷ്ടപരിഹാരവും ഉദ്യോഗക്കയറ്റവും സാധ്യമാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. നാല് വര്‍ഷത്തെ പട്ടാളജീവിതത്തിന് ശേഷം 1994ലാണ് വില്ഡ്ഹാബര് സുരക്ഷാ ഉദ്യോഗസ്ഥനായി പൊലീസിലെത്തിയത്. 1997ല്‍ പട്രോള്മാനായി ഉദ്യോഗക്കയറ്റം കിട്ടിയ അദ്ദേഹം 2006ല്‍ ഡിറ്റക്ടീവായി. പിന്നീട് 2011ലാണ് ഹവീല്‍ദാറായി സ്ഥാനക്കയറ്റം കിട്ടിയത്.
1998ല്‍ ധീരതയ്ക്കുള്ള അവാര്‍ഡായ മെഡല്‍ ഓഫ് വാലര്‍ നേടിയ ആളാണ് വില്ഡ്ഹാബര്. കത്തിക്കൊണ്ടിരുന്ന ഒരു കാറില്‍ കുടുങ്ങിയ ഒരാളെ സാഹസികമായി രക്ഷിച്ചതിനാണ് പുരസ്കാരം നല്കി അദ്ദേഹത്തെ ആദരിച്ചത്.
കഴിഞ്ഞ ഏപ്രില്‍ മാസം മിസൗരി തൊഴില്‍ തുല്യത കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും വില്ഡാഹാബര് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിക്ക് പിന്നാലെ തന്നെ സ്ഥലം മാറ്റുകയും രാത്രികാല ഷിഫ്റ്റുകള്‍ മാത്രമിട്ട് വിവേചനം കാണിച്ചതായും ഹര്‍ജിയില്‍ പറയുന്നുണ്ട്.
ഒരു ആണ് എങ്ങനെ ആയിരിക്കരുതെന്ന കാലങ്ങളായുള്ള സങ്കല്‍പ്പം മനസ്സില്‍വെച്ചാണ് സെന്റ് ലൂയിസ് കൗണ്ടി അധികൃതര്‍ വില്ഡ്ഹാബറിനോട് പെരുമാറുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഒന്നില്‍ കുടുതല്‍ പരാതികള്‍ ഉണ്ടായിട്ടും ലിംഗവിവേചനത്തിനെതിരെ നടപടികള്‍ സ്വീകരിക്കാനോ തെറ്റ് തിരുത്താനോ കഴിഞ്ഞിട്ടില്ലെന്നും ഹര്ജിക്കാരന് പറയുന്നു.
അമേരിക്കയില്‍ ലെസ്ബിയന്‍, ഗേ, ബൈ സെക്ഷ്വല്‍, ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളില്‍ വിവേചനം ഇല്ലാതെ അവസരം നല്‍കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കാറുള്ളതെന്ന് അവകാശപ്പെടുമ്പോഴും അവകാശലംഘനങ്ങളും വിവേചനവും സര്‍വ്വസാധാരണയായി തുടരുകയാണ്.