തിരുവനന്തപുരം: അഗ്നിശമന സേനാ തലവൻ ടോമിന്‍ ജെ.തച്ചങ്കരിയെ കേരളാ ബുക്സ് ആൻഡ് പബ്ളിഷിങ് സൊസൈറ്റി (കെബിപിഎസ്)​ യുടെ മാനേജിങ് ഡയറക്ടർ സ്ഥാനത്ത് നിന്ന് സർക്കാർ നീക്കി. സർക്കാരിന്റെ അനുമതിയില്ലാതെ ജർമനിയിലെ കന്പനിയിൽ നിന്ന് വില കൂടിയ അച്ചടി യന്ത്രം വാങ്ങാൻ ചർച്ചകൾ നടത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് വിവരം.

തച്ചങ്കരിക്ക് പകരം 2011ലെ ഐപിഎസ് ഓഫീസറായ കെ.കാർത്തിക്കിനെ തൽസ്ഥാനത്ത് നിയമിച്ചു. ജർമനിയിലെ ബെർലിനിൽ അന്താരാഷ്ട്ര എക്സ്പോയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് തച്ചങ്കരി കന്പനിയുമായി ചർച്ചകൾ നടത്തിയത്. ഇത് സംബന്ധിച്ച് വിവരം ലഭിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണം നടത്തി. തച്ചങ്കരിക്കെതിരായ ആരോപണത്തിൽ കഴന്പുണ്ടെന്നാണ് പ്രിന്റിങ് ആൻഡ് സ്റ്റേഷനറി വകുപ്പ് ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകിയത്.

വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ കെബിപിഎസ് സന്ദർശിക്കുകയും ജർമൻ കന്പനിയുമായി നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ അടങ്ങിയ ഫയൽ കണ്ടെടുക്കുകയും ചെയ്തു. മാത്രമല്ല,​ കെബിപിഎസിലെ വിവിധ സംഘടനകളും തച്ചങ്കരിക്കെതിരെ പരാതി ഉന്നയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ