ന്യൂഡൽഹി: തുഗ്ലക് കാലത്ത് ജീവിച്ചിരുന്ന അജ്ഞാതനായ ഒരാളുടെ നൂറ്റാണ്ടുകൾ പഴക്കമുളള ശവകുടീരം ശിവക്ഷേത്രമാക്കി. രണ്ട് മാസം മുൻപാണ് ശവകുടീരം പെയിന്റ് ചെയ്ത് ശവകുടീരമാക്കി മാറ്റിയത്.
ഹുമയുൺപുറിലെ സഫ്ദർഗംഞ്ജ് മേഖലയിലെ ശവകുടീരത്തിനാണ് സ്വത്വം നഷ്‌ടപ്പെട്ടിരിക്കുന്നത്. പുരാവസ്‌തു വകുപ്പിന്റെ നിയന്ത്രണങ്ങൾ മറികടന്നാണ് ശവകുടീരം ശിവക്ഷേത്രമാക്കി മാറ്റിയിരിക്കുന്നത്.
സംഭവം കടുത്ത നിയമലംഘനമാണെന്ന് പുരാവസ്തു വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു. “എനിക്കിതേക്കുറിച്ച് അറിവില്ല. വകുപ്പുതല അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടും,” അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട് ആന്റ് കൾചറൽ ഹെറിറ്റേജ് കഴിഞ്ഞ വർഷം പുരാവസ്തു വകുപ്പുമായി ചേർന്ന് 15ാം നൂറ്റാണ്ടിലെ ഈ ശവകുടീരം പുനരുദ്ധാരണം നടത്താൻ ആലോചിച്ചിരുന്നു. “ഇത് അടച്ചിട്ട ഇടമാണ്. പ്രദേശവാസികൾ പ്രശ്നങ്ങൾ സൃഷ്ടിച്ചത് മൂലം ഞങ്ങൾക്കിത് നവീകരിക്കാൻ സാധിച്ചിട്ടില്ല,” ഇൻടാക് ഡെൽഹി ചാപ്റ്റർ ഡയറക്ടർ അജയ് കുമാർ പറഞ്ഞു.
അതേസമയം ശവകുടീരത്തിന് സമീപം കാവി നിറത്തിലുളള രണ്ട് ബെഞ്ചുകൾ സ്ഥാപിച്ചിട്ടുണ്ട്. സഫ്‌ദർഗഞ്ജ് എൻക്ലേവിലെ ബിജെപി കൗൺസിലർ രാധിക അബ്റോൾ ഫൊഗട്ടാണ് ഈ ബെഞ്ചുകൾ നൽകിയത്.
2010 ൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഗുംട്ടിയെ രാജ്യത്തെ 767 പൈതൃക ഇടങ്ങളിൽ ഒന്നായി പ്രഖ്യാപിച്ചിരുന്നു. ഇതിന് ഗ്രേഡ് 1 പട്ടികയിലും ഇടം ലഭിച്ചു. 2014 ലും പുരാവസ്തു വകുപ്പ് ഇത് പൈതൃക ഇടമായി പ്രഖ്യാപിച്ചിരുന്നു.