മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ബാഹുബലി നടൻ പി.സുബ്ബരാജുവിനെ ചോദ്യം ചെയ്തു. ബാഹുബലി രണ്ടാം ഭാഗത്തിൽ കുമാര വർമ എന്ന കഥാപാത്രത്തെയാണ് സുബ്ബരാജു അവതരിപ്പിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എക്സൈസ് വകുപ്പ് അദ്ദേഹത്തിന് ഏതാനും ദിവസം മുൻപാണ് നോട്ടിസ് നൽകിയത്.

കേസുമായി ബന്ധപ്പെട്ട് 6 അഭിനേതാക്കളടക്കമുളള സിനിമാ പ്രവര്‍ത്തകർക്ക് എക്‌സൈസ് വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നോട്ടിസ് അയച്ചിരുന്നു. പോക്കിരി ഉള്‍പ്പെടെയുള്ള 39 ചിത്രങ്ങള്‍ സംവിധാനം ചെയ്ത പുരി ജഗന്നാഥ്, ടോപ് താരങ്ങളായ രവിതേജ, പി.നവീപ്പ്, തരുണ്‍കുമാര്‍, എ.തനിഷ്, പി.സുബ്ബരാജ്, നടിമാരായ ചാര്‍മി കൗര്‍, മുമൈറ്റ് ഖാന്‍, ഛായാഗ്രഹകന്‍ ശ്യാം കെ.നായിഡു, ഗായകന്‍ ആനന്ദ് കൃഷ്ണ നന്ദു, കലാ സംവിധായകന്‍ ചിന്ന എന്‍.ധര്‍മറാവു എന്നിവര്‍ക്കാണ് എക്‌സൈസ് വകുപ്പ് നോട്ടിസ് അയച്ചത്.

ജൂലൈ 19 നും 27 നും ഇടയിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു നിർദേശം. അടുത്തിടെ പിടിയിലായ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണ് താരങ്ങൾക്ക് നോട്ടിസ് അയച്ചത്. തെലുങ്ക് സിനിമയിൽ താരങ്ങളുടെ ലഹരി ഉപയോഗം വർധിച്ചിരുന്നു. ഇതിനെതിരെ സിനിമാ സംഘടനയായ ‘മാ’ താരങ്ങൾക്ക് നോട്ടിസ് നൽകുകയും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook