ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ (എൻഎഫ്എസ്എ) ഗുണഭോക്താക്കളുടെ റേഷൻ കാർഡ് വിവരങ്ങളും ആധാർ നമ്പറും ദേശീയ ആരോഗ്യ അതോറിറ്റിയുമായി (എൻഎച്ച്എ) പങ്കുവയ്ക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു.
ആധാർ വിശദാംശങ്ങൾ ദേശീയ ആരോഗ്യ അതോറിറ്റിയുമായി പങ്കിടുന്നതിൽ സംസ്ഥാനങ്ങൾ സ്വകാര്യത സംബന്ധിച്ച ആശങ്കകൾ പ്രകടിപ്പിക്കുകയും വിവരം പങ്കുവയ്ക്കാൻ വിമുഖത കാണിക്കുകയും ചെയ്യുന്നതിനിടെയാണ് പുതിയ നീക്കം. “അത്തരം ഡാറ്റാ കൈമാറ്റത്തിന്റെ സുരക്ഷാ വശങ്ങളെക്കുറിച്ച്” ആശങ്കകൾ രേഖപ്പെടുത്തിയതായി കേന്ദ്രം സംസ്ഥാനങ്ങളെ ധരിപ്പിച്ചതായാണ് വിവരം.
ആധാറും പൊതുവിതരണ സംവിധാന ഡാറ്റാബേസും ഉപയോഗിച്ച് സാമൂഹ്യ സാമ്പത്തിക, ജാതി സെൻസസ് (എസ്ഇസിസി) ഡാറ്റാബേസ് മാപ്പ് ചെയ്യുന്നതിന് ലക്ഷ്യമിട്ടാണ് എൻഎച്ച്എയുടെ ശ്രമം. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ (എബി പിഎം ജെഎവൈ) ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് ലക്ഷ്യമിടുന്നു.
: “…എസ്ഇസിസി ഡാറ്റാബേസിലെ പോരായ്മകൾ കാരണം, (എബി പിഎം-ജെയ് പ്രകാരം) ഗുണഭോക്താവിനെ തിരിച്ചറിയുന്നത് വളരെ ബുദ്ധിമുട്ടാണ്. ഇക്കാര്യത്തിൽ, എസ്ഇസിസി ഡാറ്റാബേസ് സമ്പുഷ്ടമാക്കാൻ എൻഎച്ച്എ വ്യത്യസ്ത വഴികളും മാർഗങ്ങളും പരീക്ഷിച്ചുവരുന്നു, അത് ഗുണഭോക്താക്കളെ ലക്ഷ്യം വയ്ക്കാൻ ഉപയോഗിക്കാം. ആധാറും എൻഎഫ്എസ്എയും ഉള്ള എസ്ഇസിസി ഗുണഭോക്താക്കളുടെ സാധ്യമായ മാപ്പിംഗ് ഗുണഭോക്താക്കളെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കും,” എന്ന് ജനുവരി 5-ന് എൻഎച്ച്എ സിഇഒ ആർ എസ് ശർമ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി സുധാംഷു പാണ്ഡെയ്ക്ക് എഴുതിയ കത്തിൽ പറയുന്നു.
Also Read: ശനിയാഴ്ച പ്രവൃത്തി ദിവസമാക്കുന്നതില് എതിര്പ്പുമായി അധ്യാപക സംഘടനകള്
എസ്ഇസിസി ഡാറ്റാബേസുമായി ആധാർ മാപ്പ് ചെയ്യാതെ, ആയുഷ്മാൻ കാർഡിൽ പൂർണത കൈവരിക്കാൻ തീരേ സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ശർമ്മയുടെ കത്തിന് പിന്നാലെ, ഗുണഭോക്താക്കളുടെ വിവരങ്ങൾ പങ്കിടുന്നതിന് ആവശ്യമായ സഹായവും സഹകരണവും അഭ്യർത്ഥിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഡയറക്ടർ (പൊതുവിതരണം) വിവേക് ശുക്ല ജനുവരി ആറിന് സംസ്ഥാനങ്ങൾക്ക് കത്തെഴുതിയതായാണ് വിവരം.
“അത്തരമൊരു ഡാറ്റാ കൈമാറ്റത്തിന്റെ സുരക്ഷാ വശങ്ങൾ”, “രാഷ്ട്രീയ നേട്ടങ്ങൾക്കായി കേന്ദ്രം ഇത് ഉപയോഗിക്കുന്നതിനുള്ള” സാധ്യത എന്നിവയെക്കുറിച്ച് സംസ്ഥാനങ്ങൾ ആശങ്ക പ്രകടിപ്പിച്ചതായി എൻഎച്ച്എയിലെ ഒരു ഉദ്യോഗസ്ഥൻ ദി സൺഡേ എക്സ്പ്രസിനോട് പറഞ്ഞു.
ജനുവരി നാലിന് ഭക്ഷ്യവകുപ്പ്, യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ), ഐടി മന്ത്രാലയം എന്നിവയുടെ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ എൻഎച്ച്എ ഇക്കാര്യം ഉന്നയിച്ചതായും അറിയുന്നു.
“ആധാർ വിവരങ്ങൾ മന്ത്രാലയങ്ങൾക്കിടയിൽ സ്വതന്ത്രമായി പങ്കിടാനാകുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ, എൻഎഫ്എസ്എ ഗുണഭോക്താക്കളുടെ വിവരങ്ങളും ആധാർ വിശദാംശങ്ങൾ പങ്കിടാൻ സംസ്ഥാനങ്ങൾക്ക് വിമുഖതയുണ്ട്. ഇത് യോഗത്തിൽ എൻഎച്ച്എ ഉന്നയിച്ചു,” മറ്റൊരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേ യോഗത്തിൽ, നിലവിലുള്ള യുഐഡിഎഐ സർക്കുലറുകൾ മന്ത്രാലയങ്ങളെയും വകുപ്പുകളെയും ആധാറും അനുബന്ധ വിവരങ്ങളും പരസ്പരം പങ്കുവയ്ക്കാൻ അനുവദിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്തു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ, ആധാർ ആക്ട്, 2016 പ്രകാരം വിവിധ സർക്കാർ വകുപ്പുകൾക്കിടയിൽ ആധാർ വിശദാംശങ്ങൾ പങ്കിടാൻ യുഐഡിഎഐ അനുവദിച്ചിരുന്നു.