ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി), ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻപിആർ) എന്നിവ പിൻവലിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി കൂടിക്കാഴ്ചയ്ക്കുശേഷം മമത പറഞ്ഞു.

”സിഎഎയ്ക്കെതിരെയും എൻപിആറിനെതിരെയും ഞങ്ങൾ പ്രക്ഷോഭം നടത്തുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിൽ ഞങ്ങൾ എതിരാണ്. ആരും അതിക്രമങ്ങൾ നേരിടരുത്. സിഎഎയെക്കുറിച്ച് പുനരാലോചിക്കണമെന്നും പിൻവലിക്കണമെന്നും ഞാൻ അദ്ദേഹത്തോട് അഭ്യർഥിച്ചു. നേരത്തെ തയാറാക്കിയ ചില പരിപാടികളിൽ പങ്കെടുക്കാനാണ് താൻ ഇവിടെ വന്നതെന്നും ഇത്തരം കാര്യങ്ങൾ പിന്നീട് ഡൽഹിയിൽ ചർച്ച ചെയ്യാമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി,” മമത പറഞ്ഞു.

കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ 150-ാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി കൊൽക്കത്തയിലെത്തിയത്. രണ്ടു ദിവസം മോദി കൊൽക്കത്തയിലുണ്ടാവും. രാജ് ഭവനിലാണ് പ്രധാനമന്ത്രി താമസിക്കുക. മോദിയുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് കൊൽക്കത്തയിലെ വിവിധയിടങ്ങളിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നുണ്ട്. അതിനാൽ തന്നെ നഗരത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Read Also: ‘ഗോ ബാക്ക് മോദി’ വിളിച്ച് വിദ്യാര്‍ഥികള്‍; ബംഗാളില്‍ പ്രതിഷേധം ശക്തം

പൗരത്വ ഭേദഗതി നിയമം, പൗരത്വ രജിസ്റ്റര്‍, ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്കു നേരെ നടന്ന അക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളെത്തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. ‘ഗോ ബാക്ക് മോദി’ മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. പലയിടത്തും പ്രതിഷേധക്കാര്‍ മോദിയുടെ കോലം കത്തിച്ചു. പൗരത്വ ഭേദഗതി നിയമം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

അതേസമയം, പൗരത്വ ഭേദഗതി നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളെ തള്ളി ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. പ്രതിപക്ഷമാണ് ഇതിനെല്ലാം കാരണമെന്ന് ഷാ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ നുണപ്രചാരണം രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook