ജയ്പൂര്‍: ഭര്‍ത്താവിന്റെ വീട്ടില്‍ കക്കൂസില്ലെന്ന പരാതിയെ തുടര്‍ന്ന് രാജസ്ഥാന്‍ കുടുംബ കോടതി യുവതിക്ക് വിവാഹമോചനം അനുവദിച്ചു. പലതവണ പരാതിപ്പെട്ടിട്ടും പ്രശ്നം പരിഹരിക്കാന്‍ ഭര്‍ത്താവിനും കുടുംബത്തിനും കഴിഞ്ഞിട്ടില്ലെന്ന യുവതിയുടെ ഹര്‍ജിയിലാണ് നടപടിയെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
കക്കൂസ് നിര്‍മ്മിക്കാന്‍ തയ്യാറാവാത്ത കുടുംബത്തിന്റെ പ്രവൃത്തി ക്രൂരവും സമൂഹത്തിന് തന്നെ കളങ്കവുമാണെന്ന് ജഡ്ജി രാജേന്ദ്ര കുമാര്‍ ശര്‍മ്മ പ്രസ്താവിച്ചു. എന്നാല്‍ ശൗച്ചാലയത്തിന്റെ പ്രശ്നം മാത്രമല്ല 20കാരിയായ പരാതിക്കാരി ഉന്നയിച്ചത്. ഭര്‍ത്താവിന്റെ വീട്ടില്‍ തനിക്കും ഭര്‍ത്താവിനും പ്രത്യേക മുറി ഇല്ലെന്നും തന്നെ ഉപദ്രവിക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നു. 2011ല്‍ വിവാഹിതയായ യുവതി 2015ലാണ് ഇത് കാണിച്ച് വിവാഹമോചനത്തിന് അപേക്ഷിച്ചത്. തുടര്‍ന്ന് രണ്ട് വര്‍ഷം കഴിഞ്ഞാണ് കോടതി വിവാഹമോചനത്തിന് അനുമതി നല്‍കിയിരിക്കുന്നത്.