ന്യൂഡൽഹി: ദേശീയ പാതയോരത്തെ കള്ളുഷാപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ട് എന്താണെന്ന് സുപ്രീംകോടതി. കള്ളുഷാപ്പുകൾക്ക് നിരോധനമല്ല, നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം പരിശോധിച്ച് സംസ്ഥാന സർക്കാർ രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു.

ദേശീയ പാതയോരത്തെ മദ്യശാലകൾ പ്രവർത്തിക്കാൻ പാടില്ലെന്ന സുപ്രീംകോടതി വിധി ആയിരത്തോളം കളളുഷാപ്പുകളെയും ബാധിച്ചിരുന്നു. വിധിയുടെ അടിസ്ഥാനത്തിൽ 620 കളളുഷാപ്പുകൾ അടച്ചുപൂട്ടുകയും ബാക്കിയുളളവ മാറ്റി സ്ഥാപിക്കുകയും ചെയ്തു. കളള് മദ്യമായി പരിഗണിക്കാൻ കഴിയില്ലെന്നും കേരളത്തിൽ ഒരുപാട് തൊഴിലാളികൾ ഈ മേഖലയിൽ പണിയെടുക്കുന്നുണ്ടെന്നും സംസ്ഥാന സർക്കാരും കളളുഷാപ്പ് ഉടമകളും സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കളളുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, കളളുഷാപ്പുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പ്രായോഗികമല്ലെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. നിയന്ത്രണം ഏർപ്പെടുത്തുന്നത് എങ്ങനെ തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുമെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ട് സംസ്ഥാന സർക്കാരിനോട് സമർപ്പിക്കാനാണ് സുപ്രീംകോടതി നിർദേശം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ