സാംഗ്രൂര്‍: പഞ്ചാബിലെ സാംഗ്രൂരിലെ ഭഗ്വന്‍പുര ഗ്രാമത്തില്‍ കുഴല്‍കിണറില്‍ വീണ രണ്ട് വയസുകാരന്റെ മൃതദേഹം പുറത്തെടുത്തു. 109 മണിക്കൂര്‍ പിന്നിട്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇന്ന് രാവിലെ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനാവാതെ മൃതദേഹം പുറത്തെടുത്തത്. കുട്ടി 150 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ അകപ്പെട്ടിട്ട് അഞ്ച് ദിവസം പിന്നിട്ടിരുന്നു.

ഫത്തേവീര്‍ സിങ് എന്ന ബാലനാണ് വ്യാഴാഴ്ച വൈകീട്ട് കളിച്ചുകൊണ്ടിരിക്കെ ഉപയോഗ ശൂന്യമായ കുഴല്‍ക്കിണറില്‍ വീണത്. തുണികൊണ്ട് മൂടിയ കുഴല്‍ക്കിണറില്‍ കുട്ടി വീഴുകയായിരുന്നു. അമ്മ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മാതാപിതാക്കളുടെ ഏകമകനായിരുന്നു ഫത്തേവീര്‍. ദേശീയ ദുരന്തനിവാരണ സേനയും പൊലീസുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഞായറാഴ്ച കുട്ടിയുടെ അടുത്തെത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ പുറത്തെടുക്കാനായില്ല.

Read More: കുഴല്‍കിണറിലേക്ക് എറിഞ്ഞു കൊടുത്ത ബിസ്കറ്റ് കഴിച്ച് അതിജീവനം; ഒന്നര വയസുകാരന്‍ ജീവിതത്തിലേക്ക്

കുട്ടിക്ക് ഭക്ഷണവും വെള്ളവും നല്‍കാന്‍ സാധിച്ചിരുന്നില്ല. ഓക്സിജന്‍ മാത്രമാണ് നല്‍കാനായിരുന്നത്. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കിണര്‍ കുഴിച്ചാണ് കുട്ടിയെ രക്ഷിക്കാന്‍ ശ്രമം നടന്നത്. അതിനിടെ രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.

അഞ്ച് ദിവസത്തെ പരിശ്രമത്തിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചു പോയെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. പ്രദേശത്തിന് അടുത്ത് സംസ്ഥാന സര്‍ക്കാരിന് ഹെലികോപ്ടര്‍ ഉണ്ടായിരുന്നെങ്കിലും ഗ്രാമത്തില്‍ നിന്നും 140 കി.മി. ദൂരെയുളള ആശുപത്രിയില്‍ റോഡ് മാര്‍ഗമാണ് കുട്ടിയെ കൊണ്ടു പോയത്.

150 അടി ആഴമുളള കിണറിന്റെ 125 അടി ആഴത്തിലാണ് കുട്ടി തങ്ങി നിന്നത്. കഴിഞ്ഞ ദിവസം പ്രതിഷേധം കനത്തതോടെ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് എല്ലാ സഹായവും ചെയ്യുമെന്ന് അറിയിച്ച് രംഗത്തെത്തിയരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ രക്ഷാപ്രവര്‍ത്തനം നിരീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് ഒരിടത്തും ഇത്തരം കുഴല്‍കിണറുകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് എല്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും അദ്ദേഹം നിര്‍ദേശം നല്‍കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook