മുംബെെ: ഓഹരി വിപണിയിൽ വൻ ഇടിവ്. കൊറോണ വെെറസ് ബാധയും യെസ് ബാങ്ക് പ്രതിസന്ധിയുമാണ് ഇപ്പോഴത്തെ ഓഹരി വിപണി തളർച്ചയ്‌ക്ക് കാരണം. ആഗോള വിപണിയിലും ഇടിവ് രേഖപ്പെടുത്തി. കൊറോണ ഭീതിയിൽ നിക്ഷേപത്തിന് ഒരുങ്ങാൻ ആളുകൾ മടിക്കുന്നതാണു തകർച്ചയ്ക്കു കാരണമെന്നാണു സാമ്പത്തിക വിദഗ്‌ധരുടെ വിലയിരുത്തൽ.
ഇന്ന് 11.57 ന് സെൻസെക്‌സ് 1,150 പോയിന്റ് താഴ്‌ന്ന് 37,312 ൽ എത്തി. നേരത്തെ 1,300 പോയിന്റ് താഴ്‌ന്ന് 37,180 വരെ എത്തിയതാണ്. അതിനുശേഷം നേരിയ തോതിൽ സെൻസെക്‌സ് ഉയർന്നു. നിഫ്റ്റി 348 പോയിന്റ് താഴ്‌ന്ന് 10,920 ലെത്തി. രാവിലെ 385 പോയിന്റ് വരെ നിഫ്റ്റി താഴ്‌ന്നിരുന്നു.
Read Also: അന്ന ബെന്നും റോഷൻ മാത്യുവും ഒന്നിക്കുന്ന ‘കപ്പേള’
ബിഎസ്ഇ മിഡ്‌കാപ് ഇൻഡെക്സ് 568 പോയിന്റ് (3.9 ശതമാനം) ഇടിഞ്ഞ് 14,002ലും ബിഎസ്ഇ സ്മാൾകാപ് ഇൻഡെക്സ് 426 പോയിന്റ് (3.1 ശതമാനം) നഷ്ടപ്പെട്ട് 13,164 പോയിന്റിലുമാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 31 ആയി. ലോകമെമ്പാടും കൊറോണ ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. ഇന്നു രാവിലെ വരെയുള്ള കണക്കനുസരിച്ച് 98,420 പേരാണ് ആകെ കൊറോണ ബാധിതർ. കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 3,385 ആയി. 55,622 പേർ കൊറോണ ബാധയിൽ നിന്ന് മുക്‌തരായി. ഇതിൽ പലരും ഇപ്പോഴും നിരീക്ഷണത്തിൽ കഴിയുകയാണ്.
ചെെനയിലെ കൊറോണ ബാധിതരുടെ എണ്ണം 80,552 ആയി. 3,042 പേർക്കാണ് കൊറോണ ബാധ മൂലം ചെെനയിൽ മാത്രം ജീവൻ നഷ്‌ടപ്പെട്ടത്. ഇറ്റലിയിൽ 148 പേരും ഇറാനിൽ 108 പേരും കൊറോണ ബാധിച്ചു മരിച്ചു. ദക്ഷിണ കൊറിയയിൽ 40 പേർ മരിച്ചു.