ബുലന്ദ്ഷഹര്‍: പ്ലസ് ടു പരീക്ഷ കഴിഞ്ഞിറങ്ങിയതിന് പിന്നാലെയാണ് അഭിഷേക് തന്റെ അച്ഛന്റെ മരണ വാര്‍ത്തറിയുന്നത്. പരീക്ഷയില്‍ പിന്നിലുള്ള വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തി പഠിക്കണമെന്നായിരുന്നു സുബോധ് കുമാര്‍ അവസാനമായി തന്റെ മകനോട് പറഞ്ഞത്. ഉത്തര്‍പ്രദേശില്‍ ഗോവധം ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ സുബോദിന്റെ മകന്‍ അഭിഷേക് തന്റെ അച്ഛനെ കുറിച്ച് പറയുന്നു.

”മതത്തിന്റെ പേരില്‍ സമൂഹത്തില്‍ ആക്രമണം അഴിച്ചു വിടാത്ത നല്ലൊരു പൗരനാകണമെന്നാണ് അച്ഛന്‍ എന്നെ കുറിച്ച് ആഗ്രഹിച്ചത്. അവസാനം നടന്ന പരീക്ഷയില്‍ ചില വിഷയങ്ങളില്‍ ഞാന്‍ കുറച്ച് പിന്നിലായിരുന്നു. ആ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കൂടുതല്‍ കഠിനാദ്ധ്വാനം ചെയ്യാനായിരുന്നു അദ്ദേഹം അവസാനമായി സംസാരിച്ചത്”.

അതേസമയം, ഈ ഡ്യൂട്ടിയില്‍ എന്റെ ജീവിതം അവസാനിച്ചെന്നും ചില കേസുകള്‍ നമ്മള്‍ അന്വേഷിക്കാന്‍ നില്‍ക്കരുതെന്നും അച്ഛന്‍ ഇടക്ക് പറയാറുണ്ടായിരുന്നുവെന്ന് അഭിഷേകിന്റെ മൂത്ത സഹോദരന്‍ പറഞ്ഞു.

”ഇന്ന് എന്റെ അച്ഛന് ജീവന്‍ നഷ്ടമായി. നാളെ ആരുടെ അച്ഛനായിരിക്കും ജീവന്‍ നഷ്ടപ്പെടുക? ” അഭിഷേക് ചോദിക്കുന്നു.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോവധം ആരോപിച്ച് നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ മൂന്ന് പേര്‍ പിടിയിലായി. 2015-ല്‍ യുപിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് ഗോസംരക്ഷകര്‍ അഖ്ലാഖ് എന്ന വയോധികനെ തല്ലിക്കൊന്ന കേസ് അന്വേഷിച്ചിരുന്നത് ഇന്നലെ കൊല്ലപ്പെട്ട സുബോദ് കുമാര്‍ സിങ്ങാണ്.

യുപി പൊലീസ് സേനയിലെ തന്നെ ഏറ്റവും മിടുക്കനായ ഓഫീസര്‍മാരിലൊരാളായിരുന്നു സുബോദ് കുമാര്‍ സിങ്. ഇദ്ദേഹത്തിന്റെ മുഖത്ത് കണ്ണിന് സമീപത്തായാണ് വെടിയേറ്റത്. വെടിയുണ്ട തലച്ചോറിലേക്ക് തുളച്ചുകയറിയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിന് പുറമെ കാഠിന്യമേറിയ ഒരു വസ്തുകൊണ്ട് മര്‍ദ്ദനവും ഏറ്റിട്ടുണ്ട്. സുബോദ് കുമാര്‍ സിങ്ങിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതടക്കമുളള സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ഒരു ടാറ്റ സുമോ കാറില്‍ സുബോധ് സിങ്ങിന്റെ മൃതദേഹം കിടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അക്രമികളിലാരോ പകര്‍ത്തിയതെന്ന് കരുതുന്ന വീഡിയോയുടെ പശ്ചാത്തലത്തില്‍ വെടിയൊച്ചകളും കേള്‍ക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook