ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം. മാരകമായ കരൾ രോഗങ്ങൾക്ക് കാരണമാകുന്ന വൈറസാണ് ഹെപ്പറ്റൈറ്റിസ്. 80 ശതമാനം ആളുകളും രോഗം തിരിച്ചറിയാത്തവരാണ്. ഇവരെ കണ്ടെത്തി വേഗത്തിൽ ചികിത്സ ഉറപ്പാക്കുകയെന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. എ, ബി, സി, ഇ എന്നിങ്ങനെ 4 തരം ഹെപ്പറ്റൈറ്റിസ് വൈറസുകളുണ്ട്. എ, ഇ വിഭാഗങ്ങളിൽ കാണുന്നത് മഞ്ഞപ്പിത്തമാണ്. എന്നാൽ ബി, സി വിഭാഗത്തിലുള്ള വൈറസുകളെ പേടിക്കണം. കരളിനെ ബാധിക്കുന്ന വൈറല്‍ അണുബാധയില്‍ ഏറ്റവും മാരകമാണ് ഇവ.
Read More: ഹെപ്പറ്റൈറ്റിസ് രോഗങ്ങൾ: ലക്ഷണങ്ങൾ, പ്രതിരോധം, ചികിത്സ. അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
രക്തത്തിൽനിന്ന് വിഷപദാർഥങ്ങൾ അരിച്ചുമാറ്റുന്നത് ഉൾപ്പെടെ 500-ലധികം സുപ്രധാന ധർമങ്ങൾ നിർവഹിക്കുന്ന ഒരു അവയവമാണ് കരൾ. അതുകൊണ്ടുതന്നെ കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് എന്ന രോഗം ഒരു വ്യക്തിയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. അമിത മദ്യപാനവും വിഷവസ്തുക്കളുമായുള്ള സമ്പർക്കവും ഹെപ്പറ്റൈറ്റിസിന് ഇടയാക്കിയേക്കാമെങ്കിലും ഒട്ടുമിക്കപ്പോഴും വൈറസുകളാണ് രോഗത്തിന്റെ പ്രധാന കാരണക്കാർ. രോഗകാരികളായ അഞ്ചു വൈറസുകളെ ശാസ്ത്രജ്ഞർ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്; ചുരുങ്ങിയത് മൂന്നു വൈറസുകളെയെങ്കിലും ഇനിയും തിരിച്ചറിയാനുണ്ടെന്ന് അവർ കരുതുന്നു.
പലരും രോഗബാധയുള്ള വിവരം തിരിച്ചറിയാതെ പോകുകയാണു പതിവ്. ഒരു പ്രത്യേകതരം പരിശോധനയിലൂടെ മാത്രമേ ഹെപ്പറ്റൈറ്റിസ് ബി വൈറസിനെ കണ്ടുപിടിക്കാനാകൂ എന്നതാണ് കാരണം. കരളിന്റെ പ്രവർത്തനം ശരിയായ രീതിയിലാണോ എന്ന് അറിയാനായി സാധാരണ നടത്തുന്ന പരിശോധനകളുടെ റിസൽട്ടുപോലും ഇവരിൽ നോർമലായിരിക്കാം. അതുകൊണ്ട് എച്ച്ബിവിയെ നിശബ്ദ കൊലയാളി എന്നു വിശേഷിപ്പിക്കാനാകും. രോഗബാധയുണ്ടായി വർഷങ്ങൾ കഴിഞ്ഞായിരിക്കാം ലക്ഷണങ്ങൾ പ്രകടമാകുന്നത്. എന്നാൽ അപ്പോഴേക്കും രോഗം പഴകി സിറോസിസോ കരൾ കാൻസറോ ആയി മാറാൻ സാധ്യതയുണ്ട്. എച്ച്ബിവി വാഹകരായ നാലിൽ ഒരാൾവീതം ഇങ്ങനെ മരിക്കുന്നതായി കാണുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 13 കോടി മുതല്‍ 15 കോടി വരെ ഹെപ്പറ്റൈറ്റിസ് സി രോഗബാധിതര്‍ ലോകത്തുണ്ട്. ഇന്ത്യയിലെ ജനസംഖ്യയുടെ ഒരു ശതമാനം ഈ രോഗത്തിന്റെ പിടിയിലാണ്. ലോകാരോഗ്യസംഘടന പറയുന്നതനുസരിച്ച് ഹെപ്പറ്റൈറ്റിസ് സി ബാധിച്ചിട്ടുള്ളവരില്‍ നല്ലൊരുപങ്കും ലിവര്‍ സിറോസിസ്, ലിവര്‍ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളിലേക്കാണ് ചെന്നെത്തുന്നത്. ഹെപ്പറ്റൈറ്റിസ് സിയുമായി ബന്ധപ്പെട്ട കരള്‍രോഗങ്ങള്‍ മൂലം ലോകത്ത് ഓരോ വര്‍ഷവും അഞ്ചു ലക്ഷം പേരെങ്കിലും മരിക്കുന്നതായാണു കണക്ക്.