ചെന്നൈ:∙ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധിയെ പ്രവേശിപ്പിച്ചിരുന്ന ചെന്നൈ കാവേരി ആശുപത്രിക്കു മുന്നിൽ ഡിഎംകെ പ്രവര്‍ത്തകരാല്‍ കണ്ണീര്‍കടലായി. ചെന്നൈയിലെ കാവേരി ആശുപത്രിയിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് വൈകുന്നേരം 6.10 ഓടെയാണ് നിര്യാതനായത്. കുറച്ച് ദിവസങ്ങളായി ആശുപത്രിയിലായിരുന്നു അദ്ദേഹം. തന്റെ ജീവിതത്തിലെ കറുത്ത ദിനമാണ് ഇന്നെന്ന് രജനീകാന്ത് പ്രതികരിച്ചു. ഈ ദിനം ഒരിക്കലും മറക്കാനാവില്ലെന്നും അദ്ദേഹത്തിന്റെ ആത്മാവിനായി പ്രാര്‍ത്ഥിക്കുന്നെന്നും രജനീകാന്ത് പറഞ്ഞു. രാഷ്ട്രപതിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം അറിയിച്ചു.

പാവങ്ങള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചയാളാണ് കരുണാനിധിയെന്ന് മോദി പറഞ്ഞു. നാളെ പ്രധാനമന്ത്രി ചെന്നൈയിലെത്തി കരുണാനിധിക്ക് അന്തിമോപചാരം അര്‍പ്പിക്കും. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ഇടപെടല്‍ ശേഷിയുണ്ടായിരുന്ന കരുത്തനായ നേതാവിനെയാണ് കരുണാനിധിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കലൈഞ്ജര്‍ കരുണാനിധിയുടെ നിര്യാണത്തില്‍ വി.എസ്.അച്യുതാനന്ദന്‍ അനുശോചനം അറിയിച്ചു. ഉത്തരേന്ത്യന്‍ മേധാവിത്വത്തിനെതിരെ ദക്ഷിണേന്ത്യയുടെ ശബ്ദമുയര്‍ത്താന്‍ ശ്രമിച്ച നേതാവായിരുന്നു കരുണാനിധിയെന്ന് വിഎസ് പറഞ്ഞു. കലൈഞ്ജര്‍ കരുണാനിധിയുടെ ദേഹവിയോഗം, അദ്ദേഹത്തിന്‍റെ പാദമുദ്ര പതിഞ്ഞ എല്ലാ മേഖലകളിലും നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് വിഎസ് പറഞ്ഞു.

നാളെ തമിഴ്നാട്ടില്‍ പൊതു അവധി പ്രഖ്യാപിച്ചു. തമിഴ്നാട്ടില്‍ ഒരാഴ്ച ദുഃഖാചരണം നടത്തും. തമിഴ്നാട്ടിലേക്കുളള കെഎസ്ആർടിസി ബസുകളുടെ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. കര്‍ണാടക ബസ് സര്‍വീസും നിര്‍ത്തി വച്ചിട്ടുണ്ട്.

അനിഷ്ട സംഭവങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ശക്തമായ മുന്നൊരുക്കങ്ങളോടെയാണ് കരുണാനിധി മരിച്ച വിവരം അധികൃതർ പുറത്തുവിട്ടത്. തമിഴ്നാട്ടിലെ എല്ലാ പ്രധാന സ്ഥലങ്ങളും പൊലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണ്. മദ്യഷാപ്പുകളെല്ലാം വൈകുന്നേരത്തോടെ ജില്ലാ ഭരണകൂടം അടപ്പിച്ചിരുന്നു. കാവേരി ആശുപത്രിക്ക് മുന്നിൽ കൂടിയിരിക്കുന്ന പ്രവർത്തകരുടെ വികാര പ്രകടനങ്ങൾ അതിരുകടക്കാതിരിക്കാൻ പാർട്ടി നേതാക്കളെയും രംഗത്തിറക്കിയിട്ടുണ്ട്. ആവശ്യമെന്ന് കണ്ടാൽ കൂടുതൽ സുരക്ഷാ സംഘത്തെ ഇവിടേക്ക് എത്തിക്കാനും പദ്ധതിയുണ്ട്.

കരുണാനിധിയുടെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കുന്ന ചെന്നൈയിലെ രാജാജി ഹാളും അദ്ദേഹത്തിന്റെ വസതിയിലും പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം നിരവധി വിവിഐപികൾ മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ എത്തുമെന്നതിനാൽ പഴുതടച്ച സുരക്ഷയാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം  ആരോഗ്യനില മോശമാകുകയും ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്തിരുന്നു. ജൂലൈ 18ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തിന് പിന്നീട് മൂത്രാശയ സംബന്ധമായ പ്രശ്നങ്ങള്‍ കൂടി ഉണ്ടാവുകയായിരുന്നു. ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മാറ്റി, ആശുപത്രിയിലെ എല്ലാ സൗകര്യങ്ങളും അദ്ദേഹത്തിന്റെ വസതിയിൽ ഒരുക്കിയിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ആരോഗ്യനില വഷളാവുകയായിരുന്നു. ഇന്ന്   വൈകുന്നേരം 6.10 ഓടെയാണ് അന്ത്യം സംഭവിച്ചത്.

അഞ്ച് തവണ തമിഴ്നാട് മുഖ്യമന്ത്രിയും പതിമൂന്ന് തവണ എംഎൽഎയുമായിരുന്നു. നിലവിൽ തമിഴ്‌നാട്ടിലെ തിരുവാരൂര്‍ മണ്ഡലത്തിന്‍റെ നിയമസഭാ പ്രതിനിധിയാണ് കരുണാനിധി. ഡിഎംകെ പ്രസിഡന്റ് ആയി അമ്പത് വർഷം തികച്ച കരുണാനിധി, ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഒരു പാർട്ടിയുടെ പ്രസിഡന്റായിരുന്ന വ്യക്തിയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ