ന്യൂ ഡല്‍ഹി : ആധാറിനു വക്കാലത്തുമായി സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ, ആധാർ വഴി സ്വകാര്യ നഷ്ടപ്പെടുന്നുവെന്ന് ആരോപണങ്ങളുയരുകയും പലയിടത്തു നിന്നും ആധാർ വിവരങ്ങൾ ചോരുകയും ചെയ്യുന്നുവെന്ന വാർത്തകൾ വരുമ്പോഴാണ്  ആധാറിനായി സർക്കാർ വക്കാലത്തെടുക്കുന്നത്. ആദായ നികുതിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്  മുൻ മന്ത്രിയും സി പി ഐ നേതാവുമായ ബിനോയ് വിശ്വം നൽകിയ പരാതി  പരിഗണിക്കുമ്പോഴാണ് കേന്ദ്ര സർക്കാർ ആധാറിന്റെ കാര്യത്തിലുളള തങ്ങളുടെ അനുകൂല നിലപാട് വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാറിനുവേണ്ടി ഹാജരായ അറ്റോണി ജനറല്‍ മുകുല്‍ രോത്ഗിയാണ്  കേന്ദ്രസർക്കാർ നിലപാട് കോടതിയെ അറിയിച്ചത്.

“കൃത്രിമ പാന്‍ കാര്‍ഡുകള്‍ വളരെയധികമാണ്. രാജ്യത്ത് 99 ശതമാനംപേരും നിലവില്‍ ആധാര്‍ നമ്പര്‍ കൈപറ്റിയിട്ടുണ്ട്. ആധാര്‍ നമ്പര്‍ കൈപറ്റാത്തവര്‍ക്ക് ഇനിയും ആധാര്‍ കാര്‍ഡിനായി റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. റജിസ്റ്റര്‍ ചെയ്യുമ്പോൾ ലഭിക്കുന്ന നമ്പര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചാല്‍ മതിയാവും. ” പാന്‍ കാര്‍ഡിലെ കൃത്രിമത്വം തടയാനുള്ള ഒരേയൊരു മാര്‍ഗ്ഗം ‘ബയോ മെട്രിക്’ തിരിച്ചറിയല്‍ സമ്പ്രദായം ആണെന്നും  അറ്റോണി ജനറല്‍ വാദിച്ചു.

വിരലടയാളവും കണ്ണുകളുമടക്കം ഒരു പൗരന്റെ ബയോ മെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്തപ്പെടുത്തിയ ശേഷം ഓരോരുതര്‍ക്കും തനതായ ഒരു നമ്പര്‍ എന്നതാണ് ആധാര്‍ കാര്‍ഡ് സംവിധാനം. പകര്‍പ്പെടുക്കാന്‍ കഴിയാത്ത തിരിച്ചറിയല്‍ രേഖയാവുന്നുയെന്നതിനാലാണ് ആധാര്‍ പ്രസക്തമാവുന്നത്.ആധാര്‍ പ്രഖ്യാപിച്ചമുതല്‍ക്കെ തന്നെ ആധാര്‍ രഹസ്യസ്വഭാവം നിലനിര്‍ത്തുമോ ഇല്ലയോ എന്ന ചര്‍ച്ചകളും ഉയരുന്നുണ്ട്. പൌരന്‍റെ സ്വകാര്യത ഇല്ലാതാക്കുന്ന സമ്പ്രദായമാണ് ആധാര്‍ എന്നതാണ് അന്ന് മുതല്‍ ഉയരുന്ന പ്രധാന വിമര്‍ശം.

READ MORE :സർക്കാർ സേവനങ്ങൾക്ക് ആധാർ നിർബന്ധമല്ല: സുപ്രീംകോടതി

സുപ്രീംകോടതി തന്നെ ഒന്നിലേറെ വിധികളില്‍ ആധാര്‍ നിര്‍ബന്ധമാക്കരുത് എന്നു വിധിച്ചിട്ടുണ്ട്. എന്നാല്‍ തുടര്‍ന്നും, സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആധാര്‍ നിബന്ധമാക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പ്രസ്തുത വകുപ്പുകള്‍ക്ക് നല്കുന്നുമുണ്ട്.
ആധാര്‍ നിര്‍ബന്ധമാക്കരുത് എന്ന വിധി നിലനില്‍ക്കെ, ആധാര്‍ നിര്‍ബന്ധമാക്കുന്ന നയത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ അയഞ്ഞിട്ടില്ല എന്നു മാത്രമല്ല സര്‍ക്കാരിന്‍റെ നിര്‍ബന്ധബുദ്ധി വര്‍ദ്ധിക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ ആധാറിന്‍റെ സ്വകാര്യതയെക്കുറിച്ചു തുടക്കം മുതല്‍ ഉയരുന്ന വിമര്‍ശനങ്ങളെ ശരിവെക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞദിവസങ്ങളിലായി പുറത്തുവരുന്നതും. സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ തന്നെ ആര്‍ക്കും കാണാന്‍ സാധിക്കുന്ന രീതിയില്‍ പൗരന്‍റെ സ്വകാര്യതകള്‍ പരസ്യപ്പെടുകയാണ് ഇപ്പോള്‍.


സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ പൊതുദര്‍ശനത്തിനു വെയ്ക്കുന്ന പൗരന്‍റെ സ്വകാര്യതകള്‍

വിവിധ സർക്കാർ സേവനങ്ങളിൽ അംഗമായവരുടെ ആധാർ വിവരങ്ങൾ അതതു സര്‍ക്കാര്‍ വകുപ്പുകളുടെ സൈറ്റുകളില്‍ ആര്‍ക്കും ലഭ്യം. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ മാത്രമായി, കുറഞ്ഞത് മൂന്ന് സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ എങ്കിലും രഹസ്യ സ്വഭാവമുള്ള ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെട്ടിട്ടുണ്ടെന്ന് വാർത്തകൾ പുറത്തുവന്നു. ചൊവ്വാഴ്ച്ചയോടെ മറ്റു രണ്ടു വെബ്സൈറ്റുകള്‍ കൂടെ ആധാര്‍ വിവരങ്ങള്‍ വെബ്സൈറ്റ് വഴി പുറത്തുവിട്ടതായി കാണാം.

പ്രധാന മന്ത്രിയുടെ ആവാസ് യോജനയാണ് ആധാര്‍ വിവരങ്ങളെ ആദ്യമായി വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയത്. പ്രധാന മന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കളായവരുടെ ആധാര്‍ വിവരങ്ങളാണ് ഭവനനിർമ്മാണ, നഗര ദാരിദ്രനിർമ്മാർജ്ജന വകുപ്പിന്റെ  വെബ്സൈറ്റില്‍ ആര്‍ക്കും ലഭ്യമാകുന്ന തരത്തിൽ പരസ്യപ്പെട്ടത്.

പ്രധാന മന്ത്രി ആവാസ് യോജനയുടെ വെബ്സൈററ്റില്‍ “മറ്റു ഐഡി കളില്‍ സര്‍ച്ച് ചെയ്യാം” എന്ന സ്ഥലത്ത് ഏതെങ്കിലും ഒരു നമ്പര്‍ അടിച്ചുകൊടുക്കുകയാണ് എങ്കില്‍, ഈ പദ്ധതിയുടെ ഗുണഭോക്താക്കളായ നിരവധിപേരുടെ പേര്, അച്ഛന്റെ പേര്, താമസിക്കുന്ന നഗരം, വയസ്സ്, ജാതി, ആധാര്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ ആര്‍ക്കും ലഭ്യമാകും. ചില ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ഫോട്ടോ സഹിതമാണുള്ളത്.

രണ്ടാമതായി ആധാര്‍ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത് ഗുജറാത്ത് സര്‍ക്കാരിന്‍റെ സാമൂഹ്യ നീതി-ശാക്തീകരണ വകുപ്പ് ആണ് . നൂറുകണക്കിനു വിദ്യാര്‍ഥികളുടെ പേര്, വിലാസം, ആധാര്‍ നമ്പര്‍ എന്നിവയടങ്ങിയ രണ്ടു രേഖകളാണ് പ്രസ്തുത വകുപ്പിന്റെ വെബ്സൈറ്റിലുള്ളത്‌. കുട്ടികളുടെ സ്വകാര്യ സംബന്ധിച്ചുളള നിയമങ്ങളുടെ ലംഘനം കൂടിയാണ് ഇതെന്ന് ആക്ഷേപമുണ്ട്.

ഗുജറാത്തില്‍ 2013-14 കാലഘട്ടത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കായുളള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ലഭിച്ച 32,979 കുട്ടികളുടേയും ഇതേ വര്‍ഷം മെറിറ്റ്‌ സ്കോളര്‍ഷിപ്പ്‌ ലഭിച്ച 2,607 വിദ്യാര്‍ഥികളുടേയും വ്യക്തിപരമായ വിവരങ്ങള്‍ സാമൂഹ്യ ക്ഷേമവകുപ്പിന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്.
ഈ രണ്ടു പട്ടികയിലും ഒട്ടനവധി വിദ്യാര്‍ഥികളുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, രക്ഷിതാക്കളുടെ പേര്, ബാങ്ക് അക്കൗണ്ട്‌ വിവരങ്ങള്‍, പഠിക്കുന്ന സ്ഥാപനം എന്നീ വിവരങ്ങള്‍ ആര്‍ക്കും അറിയാവുന്ന രീതിയില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ സമാനമായ രീതിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ കൈപറ്റുന്നവരുടെയും വിവരങ്ങള്‍ മറ്റു സര്‍ക്കാര്‍ വെബ്സൈറ്റുകളിലും ആര്‍ക്കും കാണത്തക്ക രീതിയില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ്. ചാണ്ഡിഗഡിലെ പൊതുവിതരണ സമ്പ്രദായത്തിന്റെ ഗുണഭോക്താക്കളായവര്‍,. ജല-ശുചിത്വ മന്ത്രാലയത്തിന്‍റെ കീഴിലുള്ള സ്വച്ഛഭാരത്‌ അഭിയാൻ, പ്രോവിഡൻ ഫണ്ട് ഗുണഭോക്താക്കള്‍, ജാര്‍ഖണ്ഡ് സര്‍ക്കാരിനു കീഴിലുള്ള ലക്ഷക്കണക്കിനു പെന്‍ഷനര്‍മാര്‍ എന്നിവരുടെ വിവരങ്ങളും അതാതു വകുപ്പുകളുടെ വെബ്സൈറ്റുകളില്‍ വളരെയെളുപ്പം ലഭ്യമാണ്.

ഏപ്രിലില്‍ മാത്രമായി ഇത്തരത്തില്‍ ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെട്ടത്തിന്‍റെതായ ധാരാളം വാര്‍ത്തകള്‍ മാധ്യമങ്ങളിലും ട്വിറ്ററിലുമായി പുറത്തു വന്നിട്ടുണ്ട്. കേരള സേവന പെന്‍ഷന്‍ സൈറ്റ്, കേരള സ്കോളര്‍ഷിപ്പ്‌ ഇ- ഗ്രാന്‍ഡ്‌സ്, പഞ്ചാബ് ന്യൂനപക്ഷ ക്ഷേമ വകുപ്പ്, ബിഹാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ്, മഹാത്മാ ജ്യോതിഭഫൂലെ തെലങ്കാന പിന്നോക്കവര്‍ഗ ക്ഷേമ-വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂഷന്‍ സൊസൈറ്റി, ഖാദി – വില്ലേജ് ഇന്‍ഡസ്ട്ട്രി കമ്മീഷന്‍ എന്നീ സര്‍ക്കാര്‍ സേവനങ്ങളൊക്കെ സമാന രീതിയില്‍ ആധാര്‍ വിവരങ്ങള്‍ പുറത്തുവിട്ടത് വാര്‍ത്തകളായിരുന്നു. ഈ വിവരങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടും അതാതു വെബ്സൈറ്റുകളില്‍ പ്രസ്തുത വിവരങ്ങള്‍ അതുപോലെ തുടരുന്നുമുണ്ട്.

READ MORE : ആധാര്‍ നിര്‍ബന്ധമാക്കുന്നതിന്‍റെ ആധാരമെന്ത് ? കേന്ദ്രത്തോട് സുപ്രീംകോടതി

പണി കിട്ടിയവരില്‍ ധോണിയും !
മാര്‍ച്ച് ഇരുപത്തിയെട്ടിനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനായ മഹേന്ദ്ര സിംഗ് ധോണി ആധാര്‍ എടുക്കുന്ന ഫോട്ടോ സഹിതം നിയമ-ഐ ടി കാര്യമന്ത്രി രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്യുന്നത്. ഇതിനു പിന്നാലെ തന്നെ സ്വകാര്യതയ്ക്ക് എന്തെങ്കിലും സ്ഥാനമുണ്ടോ എന്ന് മന്ത്രിയോട് ആരാഞ്ഞുകൊണ്ട് ധോണിയുടെ പത്നി സാക്ഷി സിങ് പ്രതികരണമായി ട്വീറ്റ് ചെയ്തതോടെയാണ്‌ ധോണിയുടെ സ്വകാര്യ വിവരങ്ങളും പുറത്താക്കപ്പെട്ടു എന്ന് അറിയുന്നത്. ആ വിവരങ്ങള്‍ അന്നേ ദിവസം തന്നെ പുറത്താക്കിയത് മറ്റാരുമല്ല. മന്ത്രിയുടെ കീഴില്‍ തന്നെയായി ഡിജിറ്റല്‍ ഇന്ത്യയെ പരിപോഷിപ്പിക്കാനുമായുള്ള സ്ഥാപനമായ  കോമണ്‍ സര്‍വ്വീസ് സെന്‍റര്‍ ആണ്. ധോണിയുടെ ബയോമെട്രിക് വിവരങ്ങളുടെ ഫോട്ടോയാണ് കോമണ്‍ സര്‍വ്വീസ് സെന്‍റര്‍ ട്വീറ്റ് ചെയ്തിരുന്നത്. ആധാർ എത്രത്തോളം വിശ്വസനീയമാണ് എത്രത്തോളം പ്രൊഫഷണല്‍ ആണ് എന്നുമുള്ള സംശയങ്ങള്‍ കൂടി  ഈ സംഭവം ഉയർത്തുന്നുവെന്ന് ആധാറിനെ വിമർശിക്കുന്നവർ ഉന്നയിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ