ന്യൂഡല്‍ഹി: പെട്രോൾ,​ ഡീസൽ വില വീണ്ടും ഉയർന്നു. പെട്രോളിന് ലിറ്ററിന് 31 പൈസ കൂടി 81.62 രൂപയായി. ഡീസലിന് ലിറ്ററിന് 20 പൈസ കൂടി 74.36 രൂപ ആയി. തുടർച്ചയായ പതിനൊന്നാം ദിവസമാണ് ഇന്ധന വില കൂടുന്നത്. പെട്രോൾ, ഡീസൽ വിലവർദ്ധന കുറയ്ക്കാൻ ഇന്നലെ ഡൽഹിയിൽ നടന്ന യോഗത്തിൽ തീരുമാനമായിരുന്നില്ല.​ എന്നാൽ ജനങ്ങൾക്ക് ആശ്വാസം നൽകാൻ ദീർഘകാല അടിസ്ഥാനത്തിലുള്ള നടപടികൾ ഉടൻ ആവിഷ്കരിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന് (ഒഎന്‍ജിസി) മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് പെട്രോളിയം മന്ത്രാലയം നീക്കം നടത്തുന്നത്. രാജ്യാന്തര വിപണി വിലയില്‍ നിന്നും കുറഞ്ഞ വിലയില്‍ ക്രൂഡ് ഓയില്‍ വില്‍ക്കാന്‍ ഒഎന്‍ജിസിയോട് മന്ത്രാലയം നിര്‍ദേശിക്കുമെന്നാണ് വിവരം. മറ്റൊരു ദേശീയ എണ്ണ ഉൽപാദകരായ ഓയില്‍ ഇന്ത്യ ലിമിറ്റഡ് ഈ പദ്ധതിയുടെ ഭാഗമാകില്ല.

ഇന്നലെ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം പെട്രോൾ വില വർദ്ധന ചർച്ച ചെയ്തിരുന്നു. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച പത്രസമ്മേളനത്തിൽ ചർച്ചയുടെ വിശദാംശങ്ങൾ കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് വെളിപ്പെടുത്തിയില്ല. വിശദ വിവരങ്ങൾ അറിയാൻ കുറച്ചു ദിവസം കാത്തിരിക്കണമെന്നും മന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook