scorecardresearch
Latest News

പെട്രോൾ വില വർദ്ധന; നഷ്ടം സഹിച്ച് ക്രൂഡ് ഓയിൽ വിൽക്കാൻ ഒഎൻജിസിയോട് കേന്ദ്രം

മോദി സർക്കാർ അധികാരത്തിലേറി 2014 നവംബറിന് ശേഷം ഇക്കഴിഞ്ഞ ജനുവരി വരെ 9 തവണയാണ് ഇന്ധനത്തിന്റെ മുകളിലുളള എക്സൈസ് തീരുവ വർദ്ധിപ്പിച്ചത്.

പെട്രോൾ വില വർദ്ധന; നഷ്ടം സഹിച്ച് ക്രൂഡ് ഓയിൽ വിൽക്കാൻ ഒഎൻജിസിയോട് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ ഇന്ധന വില വർദ്ധനവ് വലിയ തലവേദന സൃഷ്ടിച്ച സാഹചര്യത്തിൽ കേന്ദ്രസർക്കാർ പ്രതിവിധിയാലോചിക്കുന്നു. പൊതുമേഖല സ്ഥാപനമായ ഓയിൽ ആന്റ് നാചുറൽ ഗ്യാസ് ലിമിറ്റഡിനോട് നഷ്ടം സഹിച്ച് ക്രൂഡ് ഓയിൽ വിൽക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

ഈ സാമ്പത്തിക വർഷം ഇനി ക്രൂഡ് ഓയിൽ വില എത്ര വർദ്ധിച്ചാലും 70 ഡോളറിൽ നിർത്താനാണ് നിർദേശിച്ചിരിക്കുന്നത്. ഇത്തരത്തിൽ ക്രൂഡ് ഓയിലിന് 70 ഡോളറായാൽ വിപണിയിൽ ഇന്ധന വിലയും വർദ്ധിക്കാതെ പിടിച്ചു നിർത്താനാകുമെന്നാണ് കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നത്.

രാജ്യത്തെ മൊത്തം ക്രൂഡ് ഓയിൽ വിതരണത്തിന്റെ ഏതാണ്ട് 20 ശതമാനമാണ് ഒഎൻജിസി വിതരണം ചെയ്യുന്നത്. ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം, ഐഒസി എന്നീ സ്ഥാപനങ്ങൾക്കായാണ് ക്രൂഡ് ഓയിൽ ഒഎൻജിസി കൈമാറുന്നത്.

അതേസമയം, അടുത്ത രണ്ട് സാമ്പത്തിക വർഷത്തേക്ക് ക്യാപിറ്റൽ എക്‌സ്‌പെന്റിച്ചർ ഇനത്തിൽ ഉയർന്ന തുക ഒഎൻജിസി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ ക്രൂഡ് ഓയിലിന്റെ വില 70 ഡോളറിലും ഉയർന്ന നിരക്കിൽ നിജപ്പെടുത്താനാണ് ഒഎൻജിസി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത് ഇന്ധനവില വർദ്ധനവിന്റെ മൂന്നിലൊന്ന് ഭാഗം തടഞ്ഞുനിർത്തുമെന്നാണ് കരുതപ്പെടുന്നത്. വിതരണക്കാരുടെ കമ്മിഷൻ ഇനത്തിൽ പെട്രോൾ ലിറ്ററിന് 18 പൈസയുടെയും ഡീസൽ ലിറ്ററിന് 23 പൈസയുടെയും ഇളവ് കൂടിയാലോചിക്കുന്നുണ്ട്. 30000 കോടി രൂപയാണ് ഇതിലൂടെ മാത്രം വിപണിയിൽ മാറ്റമുണ്ടാക്കുകയെന്നാണ് കരുതുന്നത്. അങ്ങിനെ വന്നാൽ ലിറ്ററിന് രണ്ട് രൂപ വരെ പെട്രോളിനും ഡീസലിനും വില കുറയും.

കർണാടക നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മെയ് 14 വരെയുളള 19 ദിവസം തുടർച്ചയായി ഇന്ധന വില വർദ്ധനവ് പിടിച്ചുനിർത്തിയിരുന്നു. ഇതിന് ശേഷം കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് 2.54 രൂപയും ഡീസലിന് 2.41 രൂപയും വർദ്ധിച്ചു.

മോദി സർക്കാർ അധികാരത്തിലേറി 2014 നവംബറിന് ശേഷം ഇക്കഴിഞ്ഞ ജനുവരി വരെ 9 തവണയാണ് ഇന്ധനത്തിന്റെ മുകളിലുളള എക്സൈസ് തീരുവ വർദ്ധിപ്പിച്ചത്. ഈ ഘട്ടത്തിൽ രാജ്യാന്തര ക്രൂഡ് ഓയിൽ വില കൂപ്പുകുത്തിയിരുന്നെങ്കിലും കേന്ദ്രം അധിക നികുതി പിരിച്ച് സർക്കാർ ഖജനാവിലേക്ക് പണം സ്വരുക്കൂട്ടി. ഇതിന് ശേഷം കഴിഞ്ഞ ഒക്ടോബറിൽ ഒരേയൊരു തവണ എക്സൈസ് നികുതിയിൽ രണ്ട് രൂപ കുറയ്ക്കുകയും ചെയ്തു.  എക്സൈസ് നികുതിയായി 19.48 രൂപയാണ് ഒരു ലിറ്റർ പെട്രോളിൽ കേന്ദ്രം ഈടാക്കുന്നത്. ഡീസലിൽ നിന്ന് ലിറ്ററിന് 15.33 രൂപയും ഈടാക്കുന്നുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: To reduce fuel price government looks at ongc to share the burden