ഭോപ്പാൽ: പൊലീസ് കോൺസ്റ്റബിളിന്റെ ധീരോചിതമായ പ്രവൃത്തി മൂലം 400 ഓളം കുട്ടികളുടെ ജീവൻ രക്ഷിക്കാനായി. 40 കാരനായ അഭിഷേക് പട്ടേൽ എന്ന ഹെഡ് കോൺസ്റ്റബിളാണ് സ്വന്തം ജീവൻ പണയപ്പെടുത്തി കുട്ടികളെ രക്ഷിച്ചത്. മധ്യപ്രദേശിലെ സാഗറിലാണ് സംഭവം നടന്നതെന്ന് എൻഡിടി റിപ്പോർട്ട് ചെയ്തു.

സാഗറിലെ ചിറ്റോറയിലുളള സർക്കാർ സ്കൂളിന്റെ മുറ്റത്തായി ബോംബ് കണ്ടെത്തുകയായിരുന്നു. വിവരം ഉടൻതന്നെ സ്കൂൾ അധികൃതർ പൊലീസിനെ അറിയിച്ചു. പട്ടേലിന്റെ നേതൃത്വത്തിലുളള സംഘം ഉടൻതന്നെ സ്ഥലത്തെത്തി. ബോംബ് നിർവീര്യമാക്കാൻ ആ സമയത്ത് ബോംബ് സ്ക്വാഡ് എത്തിയിരുന്നില്ല. തുടർന്നാണ് 12 ഇഞ്ച് വലുപ്പത്തിലുളള 10 കിലോയോളം ഭാരം വരുന്ന ബോംബ് തോളിവച്ച് ഒരു കിലോമീറ്ററോളം പട്ടേൽ ഓടിയത്. അതിനുശേഷം ആളൊഴിഞ്ഞ സ്ഥലത്ത് ബോംബ് കൊണ്ടിടുകയും പിന്നീടിത് നിർവീര്യമാക്കുകയും ചെയ്തതായി എൻഡിടി റിപ്പോർട്ടിൽ പറയുന്നു.

ബോംബ് സ്കൂൾ പരിസരത്ത് എത്തിയതെങ്ങനെയെന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇക്കാര്യം അന്വേഷിച്ച് വരികയാണെന്ന് മുതിർന്ന ഓഫിസർ സതീഷ് സക്സേന പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ