ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ കോണ്‍ഗ്രസും സിപിഎം നേതൃത്വത്തിലുള്ള ഇടതു മുന്നണിയും തമ്മിൽ തന്ത്രപരമായ ധാരണയ്ക്ക് തീരുമാനമായി. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 42 സീറ്റുകളിലും ഇടതുമുന്നണി മത്സരിച്ചേക്കില്ല. ബിജെപി വിരുദ്ധ തൃണമൂല്‍ കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകളുടെ ഏകീകരണമാണ് ലക്ഷ്യം.

കോണ്‍ഗ്രസിന്റേയും സിപിഎമ്മിന്റേയും സംസ്ഥാന നേതൃത്വങ്ങള്‍ ധാരണയ്ക്കായി നേരത്തേ മുതലേ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടായിരുന്നെങ്കിലും കേന്ദ്ര നേതാക്കന്മാര്‍ അനിശ്ചിതത്വത്തിലായിരുന്നു. കോണ്‍ഗ്രസുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധത്തിന് കേരളത്തിലെ സിപിഎം എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോള്‍, തൃണമൂല്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്.

എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. വെള്ളിയാഴ്ചയും ശനിയാഴ്ചയും സിപിഎം പൊളിറ്റ് ബ്യൂറോയില്‍ ഈ വിഷയം ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിസിസി അധ്യക്ഷന്മാരായും കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാക്കളുമായും ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്കു ശേഷം, ‘പാര്‍ട്ടിയുടെ അന്തസ് ത്യജിക്കാതെ’ ഇടതുമുന്നണിയുമായി ഒരു സഖ്യത്തിന് തയ്യാറാണെന്ന് പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സോമന്‍ മിത്ര വ്യക്തമാക്കി.

സിപിഎം യോഗത്തില്‍, കേരള നേതൃത്വം പോലും കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പില്‍ അയവു വരുത്തി. ‘അടുത്ത ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കേണ്ടതുണ്ട്. അതിന് ആവശ്യമായ എല്ലാ തന്ത്രങ്ങളും പ്രയോഗിക്കണം. ഇക്കാര്യം പാര്‍ട്ടി കോണ്‍ഗ്രസ് വ്യക്തമായി പ്രഖ്യാപിച്ചിരിക്കുന്നു,’ പൊളിറ്റ് ബ്യൂറോ അംഗവും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook