/indian-express-malayalam/media/media_files/uploads/2018/12/Shivaji-Statue.jpg)
മുംബൈ: രാജ്യത്ത് സർദാർ വല്ലഭായ് പട്ടേൽ പ്രതിമയേക്കാൾ ഉയരമുളള പ്രതിമ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച ഉത്തർപ്രദേശ് സർക്കാരിനെ പിന്തളളാൻ മഹാരാഷ്ട്ര സർക്കാർ. നേരത്തെ നിശ്ചയിച്ച ശിവജി പ്രതിമയുടെ ഉയരം കൂട്ടി രാജ്യത്തെ ഏറ്റവും വലിയ പ്രതിമയാക്കാനുളള നിർദ്ദേശം സംസ്ഥാന സർക്കാർ മുന്നോട്ട് വച്ചു.
നേരത്തെ 212 മീറ്റർ ഉയരമുളള ശിവജി പ്രതിമ നിർമ്മിക്കാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ യുപി സർക്കാർ രാമ പ്രതിമ നിർമ്മിക്കാൻ തീരുമാനിച്ചതോടെ ശിവജി പ്രതിമയുടെ ഉയരം കൂട്ടാൻ തീരുമാനിക്കുകയായിരുന്നു.
ഛത്രപതി ശിവജി സ്മാരക പദ്ധതി പൂർത്തീകരണ നിരീക്ഷണ കോർഡിനേഷൻ സമിതിയുടെ ചെയർമാനായ വിനായക് മീതെയാണ് ഇക്കാര്യം പറഞ്ഞത്. യുപി സർക്കാർ പ്രതിമ നിർമ്മാണത്തിൽ ഔദ്യോഗിക ഉത്തരവ് പുറത്ത് വിട്ട ശേഷം ഈ കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് വിനായക് മീതെ പറഞ്ഞത്.
ശിവജി പ്രതിമയുടെ ഉയരം 212 മീറ്ററിൽ നിന്ന് 230 മീറ്ററാക്കാൻ ഉദ്ദേശിക്കുന്നതായാണ് അദ്ദേഹം തന്റെ പാർട്ടി പ്രവർത്തകരോട് പറഞ്ഞത്. ശിവ് സംഗ്രം എന്ന മറാത്ത സംഘടനയുടെ പ്രസിഡന്റാണ് വിനായക് മീതെ.
അയോധ്യയിലാണ് യുപി സർക്കാർ രാമ പ്രതിമ നിർമ്മിക്കുന്നത്. 151 മീറ്ററാണ് രാമ പ്രതിമയുടെ ഉയരം. 50 മീറ്റർ ഉയരമുളള പീഠവും 20 മീറ്റർ ഉയരമുളള കുടയും കൂടി ചേർന്നാണ് പ്രതിമയ്ക്ക് 221 മീറ്റർ ഉയരം കൈവരിക. അതേസമയം, ശിവജി പ്രതിമയുടെ പീഠത്തിന് 88.8 മീറ്ററാണ് ഉയരം. 121.2 മീറ്റർ ഉയരമാണ് പ്രതിമയ്ക്ക്. ഇത് മഹാരാഷ്ട്ര സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നാണ്.
പ്രതിമയുടെ ഉയരം 7.5 മീറ്റർ കുറച്ച്, വാളിന്റെ ഉയരം 7.5 മീറ്റർ ഉയർത്താൻ സർക്കാർ തീരുമാനിച്ചതായി നേരത്തെ ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. അറബിക്കടലിലാണ് പ്രതിമയുടെ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.