ലക്നൗ: വാര്‍ത്താ സമ്മേളനത്തിനിടയില്‍ മുസ്ലീം വനിത വിവാഹമോചനം പ്രഖ്യാപിച്ചു. ലക്നൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടയിലാണ് അധ്യാപികയായ ഷാജദ ഖട്ടൂണ് നരക തുല്യമായ വിവാഹബന്ധത്തില്‍ നിന്നും തനിക്ക് മോചനം വേണമെന്ന് ആവശ്യപ്പെട്ട് വിവാഹമോചനം പ്രഖ്യാപിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മുത്തലാഖ് ഭരണഘടനവിരുദ്ധമാണെന്നു കാണിച്ച് താത്കാലികമായി മുത്തലാഖ് വഴിയുള്ള വിവാഹമോചനങ്ങള്‍ നിരോധിച്ച സുപ്രീം കോടതി വിധി വന്ന് ആഴ്ചകള്‍ ആയിട്ടേയുള്ളൂ. ഈ സാഹചര്യത്തിലാണ് മുസ്ലിം സ്ത്രീകള്‍ക്ക് വിവാഹമോചനം നേടുന്നതിനായി ഇസ്ലാം നിയമത്തില്‍ പറഞ്ഞിട്ടുള്ള ‘ഖുല’ വഴി ഷാജദ ഭര്‍ത്താവില്‍ നിന്ന് വിവാഹബന്ധം വേര്‍പെടുത്തുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്.
വിവാഹമോചനം ആവശ്യപ്പെട്ട് തയ്യാറാക്കിയ കത്ത് വാര്‍ത്താസമ്മേളനത്തില്‍വച്ച് ഒപ്പിട്ടാണ് ഷാജദ താന്‍ സ്വതന്ത്രയാകുന്നതായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷമായി താന്‍ വിവാഹമോചനം ആവശ്യപ്പെടുകയാണെന്നും എന്നാല്‍ ഭര്‍ത്താവും മതപുരോഹിതന്മാരും അവഗണിക്കുകയാണുണ്ടായതെന്നും ഷാജദ പറഞ്ഞു.
ജുബെര്‍ അലി എന്നാണ് ഇവരുടെ ഭര്‍ത്താവിന്റെ പേര്. അയാള്‍ എന്റെ ജീവിതം നരകതുല്യമാക്കി. 2005 നവംബര്‍ 14 നായിരുന്നു വവാഹം. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേ പ്രശ്നങ്ങള്‍ തുടങ്ങി. ഉപദ്രവം പരിധി വിട്ടപ്പോള്‍ ഞാന്‍ അയാള്‍ക്കെതിരേ കേസ് കൊടുത്തു. പക്ഷേ അതെനിക്ക് ഒരുതരത്തിലുള്ള ആശ്വാസവും കൊണ്ടുവന്നില്ല. എന്നാല്‍ ഇന്നുമുതല്‍ ഞാന്‍ സ്വതന്ത്രയാണ്.; ഷാജദ പറഞ്ഞു.
കഴിഞ്ഞ ഒന്നരവര്‍ഷമായി ഷാജദ ഖട്ടൂണ് ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞ് ഒറ്റയ്ക്കാണ് താമസിച്ചു വരുന്നത്. ലക്നൗവിലെ ഡലിഗഞ്ചില്‍ മെക്കാനിക് ആയി ജോലി ചെയ്യുന്ന ജുബെര്‍ അലിക്ക് സെപ്റ്റംബര്‍ ആറിന് ഷാജദ വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതാണെങ്കിലും അതിനു മറുപടി ഉണ്ടായിരുന്നില്ല.
ഞാനിപ്പോള്‍ ഒറ്റയ്ക്കാണ് ജീവിക്കുന്നത്, ആരുടെയും പിന്തുണയോ സംരക്ഷണമോ ഇല്ലാതെ. പക്ഷേ ഒരാള്‍ക്കും ഞാന്‍ എന്റെ ഭര്‍ത്താവിനൊപ്പം താമസിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ അവകാശമില്ല. എന്റെ തീരുമാനത്തില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ക്ക് കോടതിയില്‍ പോകാം; ഷാജദ പറയുന്നു.
അതേസമയം, ഷാജദയുടെ നടപടി സ്വീകര്യമാകില്ലെന്നാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് അംഗമായ മൗലാന ഖാലിദ് റഷീദ് ഫാരംഗി മഹ്ലി പറയുന്നത്. ഭാര്യയുടെ അപേക്ഷയില്‍ ഭര്‍ത്താവിനു വിവാഹമോചന നോട്ടീസ് അയക്കുന്ന നടപടിയാണ് ഖുല. മൂന്നുതവണയായി ഈ നോട്ടീസിനോട് പ്രതികരിക്കുന്നില്ലെങ്കില്‍ വിവാഹമോചനത്തില്‍ വിധി ഉണ്ടാകും. ചില സന്ദര്‍ഭങ്ങളില്‍ ആദ്യത്തെ നോട്ടീസില്‍ തന്നെ ഭര്‍ത്താവ് സമ്മതം അറിയിക്കുകയും തുടര്‍ന്ന് വിവാഹമോചനം നടക്കുകയും സ്ത്രീക്ക് അവര്‍ക്ക് ഇഷ്ടമുള്ളയാള്‍ക്കൊപ്പമോ അല്ലാതെയോ ജീവിക്കാം. ചില സന്ദര്‍ഭങ്ങളില്‍ ഭര്‍ത്താവ് നോട്ടീസിനോട് ആദ്യം പ്രതികരിക്കണമെന്നില്ല. ഇതിനു ചിലപ്പോള്‍ ഒരു വര്ഷത്തിനുമേല് സമയം എടുത്തെന്നും വരാം. പക്ഷേ ഇതുപോലെ ഒരു കത്തിന്റെ അടിസ്ഥാനത്തില്‍ ഖുല സംഭവിക്കാറില്ലെന്നും മൗലാന ഖാലിദ് റഷീദ് പറയുന്നു.
എന്നാല്‍ വാര്‍ത്താ സമ്മേളനത്തില്‍ ഷാജദയ്ക്ക് ഒപ്പം എത്തിയ അഭിഭാഷകന് റിജ്വാന്‍ അഹമദ് പറയുന്നതും ഷാജദ വിവാഹമോചന നോട്ടീസ് അയച്ചിട്ടുള്ളതാണെന്നും അതിനാല്‍ ഇനിയവരെ ഭര്‍ത്താവിനൊപ്പം താമസിക്കണെന്നു നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നുമാണ്.