അഹമ്മദാബാദ്: കോണ്‍ഗ്രസിനെ ‘കളളന്‍മാര്‍’ എന്ന് വിളിച്ച് പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍. ഭരണകക്ഷിയായ ബിജെപിയെ ‘പെരുങ്കളളന്മാര്‍’ എന്നും ഹാര്‍ദിക് വിശേഷിപ്പിച്ചു. ‘പെരുങ്കളളന്മാരെ’ തോല്‍പ്പിക്കാന്‍ ‘കളളന്മാരെ’ താന്‍ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ ഹാര്‍ദിക്കിന്റെ പിന്തുണയ്ക്കായി രാഹുല്‍ പരിശ്രമം നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഒളിയമ്പ്.

അതേസമയം, ഇപ്പോള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം മന്ദലിലെ റാലിയില്‍ പറഞ്ഞു. അഹമ്മദാബാദിലെ ഹോട്ടലില്‍ രാഹുല്‍ ഗാന്ധി ഉണ്ടായിരുന്നപ്പോള്‍ താനും ഉണ്ടായിരുന്നെന്നും എന്നാല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ഹാര്‍ദിക് വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്ത് പിടിക്കാന്‍ പിന്നോക്ക സമുദായ വിഭാഗത്തിലെ നേതാവ് അല്‍പേഷ് താക്കൂര്‍, ഹാർദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി തുടങ്ങിയവരുടെ പിന്തുണ കോണ്‍ഗ്രസിന് നിര്‍ണായകമാണ്. ഇവരെ രാഹുല്‍ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തെങ്കിലും അല്‍പേഷ് മാത്രമാണ് അനുകൂല നിലപാടെടുത്തത്.

‘ഹാർദിക്, ജിഗ്നേഷ്, അല്‍പേഷ് എന്നിവര്‍ക്ക് മിണ്ടാതിരിക്കാന്‍ കഴിയില്ല, അവരുടെ ഹൃദയം അവരെ അതിന് സമ്മതിക്കില്ല. ഒരു ഗുജറാത്തുകാരനും മിണ്ടാതിരിക്കാന്‍ കഴിയില്ല. മോദിജി, നിങ്ങള്‍ക്ക് ഈ ശബ്ദങ്ങള്‍ വിലയ്ക്ക് വാങ്ങാന്‍ കഴിയില്ല. ഈ ലോകം മുഴുവനുളള പണം കൊണ്ടും നിങ്ങള്‍ക്ക് അതിന് സാധിക്കില്ല’, രാഹുല്‍ കഴിഞ്ഞ ദിവസം ഗുജറാത്തില്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ