ദില്ലി: കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സിഎസ് കര്‍ണനെ തേടി കൊല്‍ക്കത്ത പൊലീസ് ആന്ധ്രയിലേക്ക് തിരിച്ചു. ഇന്നലെ കര്‍ണനെ അറസ്റ്റ് ചെയ്യാനായി ചെന്നൈയിലെത്തിയ പൊലീസ് സംഘം രാത്രിയോടെ ആന്ധ്രയിലെ കാളഹസ്തിയിലേക്ക് പോയതായാണ് വിവരം.

ജസ്റ്റിസ് കര്‍ണന്‍ ആന്ധ്രാപ്രദേശിലെ കാളഹസ്തിയില്‍ പോയിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ പൊലീസിന് നല്‍കിയ സൂചന. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹത്തെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച്ച കോടതി ഉത്തരവിനെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍നിന്നും ചെന്നൈയിലെത്തിയ കര്‍ണന്‍ സര്‍ക്കാര്‍ അതിഥിമന്ദിരത്തിലാണ് തങ്ങിയത്. ബുധനാഴ്ച രാവിലെ കോടതി ഉത്തരവ് നടപ്പാക്കാന്‍ ചെന്നൈയിലെത്തിയ പൊലീസ് സംഘത്തിന് കര്‍ണനെ കണ്ടെത്താനായില്ല.

ഡിജി റാങ്കിലുള്ള ഉദ്യോഗസ്ഥനടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥരാണ് കര്‍ണനെ കസ്റ്റഡിയില്‍ എടുക്കാനായി എത്തിയത്. തമിഴ്നാട്- ആന്ധ്ര പൊലീസ് സംയുക്തമായാണ് കൊല്‍ക്കത്ത പൊലീസ് സംഘത്തിന് യാത്രാ സൗകര്യം ഒരുക്കുന്നത്.

കര്‍ണന് ആറുമാസം തടവ് കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതി വിധിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ അറസ്റ്റ് ചെയ്യണമെന്ന് കർണൻ രണ്ട് ദിവസം മുമ്പ് ഉത്തരവിട്ടിരുന്നു. കർണനെ ഉടൻ ജയിലിലടയ്ക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഒരു ജഡ്ജിയെ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുന്നത് ഇതാദ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ