ഭോപ്പാൽ: മഴയ്‌ക്ക് വേണ്ടി ഋഷ്യശൃംഗനെന്ന മുനികുമാരനെ നാട്ടിലേക്കെത്തിച്ചത് പുരാണം. എന്നാൽ തവളകളെ കല്യാണം കഴിപ്പിക്കുന്നതോ? ഉത്തരേന്ത്യയിലെ ഒരാചാരമാണിത്. മഴ ഇത്തവണയും കുറഞ്ഞതോടെ മധ്യപ്രദേശ് ഭരിക്കുന്ന ബിജെപിയുടെ മന്ത്രി തന്നെ മുന്നിട്ടിറങ്ങിയാണ് തവളകളെ കല്യാണം കഴിപ്പിച്ചത്.

മധ്യപ്രദേശിലെ ഛത്തർപുറിലാണ് തവളകളുടെ കല്യാണം നടന്നത്. മഴദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് പൂജ നടത്തിയത്. മധ്യപ്രദേശിലെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമകാര്യ വകുപ്പ് മന്ത്രി ലളിത് യാദവാണ് പൂജ ചടങ്ങിൽ സംബന്ധിച്ചത്.

മന്ത്രിയും പ്രാദേശിക ബിജെപി നേതാക്കളും ആസാദ് ഉത്സവ് എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് തവളകളുടെ കല്യാണവും നടത്തിയത്. ഈ വിവാഹം കാണാൻ നൂറ് കണക്കിനാളുകളാണ് എത്തിയിരുന്നത്.

ബിജെപി മന്ത്രി വിവാഹചടങ്ങിൽ പങ്കെടുക്കുന്നു

“കുടിവെളളം ലഭ്യമാക്കേണ്ട സ്ഥലത്ത് പൂജ നടത്തുകയാണ് ബിജെപി നേതാക്കൾ ചെയ്യുന്നത്,” എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അലോക് ചതുർവേദി വിമർശിച്ചു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് പൂജ നടത്തിയതെന്നാണ് ഇദ്ദേഹത്തിന്റെ വാദം. താൻ സ്വന്തം പണം മുടക്കി 100 വാട്ടർ ടാങ്കറുകൾ ഛത്തർപുറിലെ വിവിധ സ്ഥലങ്ങളിൽ എല്ലാ ദിവസവും ജലവിതരണത്തിനായി പ്രവർത്തിപ്പിക്കുന്നുണ്ടെന്നും അത്തരം പ്രവർത്തനങ്ങളാണ് മന്ത്രി ചെയ്യേണ്ടതെന്നും ചതുർവേദി വിമർശിച്ചു.

ഛത്തർപുർ ലളിത് യാദവിന്റെ മണ്ഡലമാണ്. “പ്രകൃതിയിൽ സന്തുലിതാവസ്ഥ നിലനിർത്താനാണ് ഈ വിവാഹം നടത്തിയത്. ഇത് പണ്ട് കാലത്തേ നടത്തിവന്നിരുന്നതാണ്. മുൻകാലങ്ങളിൽ ഇത് ക്ഷേത്രങ്ങളിലാണ് നടത്തിയിരുന്നത്,” ലളിത് വിശദീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ