കോയിമ്പത്തൂര്‍: റെവല്യൂഷണറി യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ഒരു വ്യത്യസ്തമായ പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുകയാണ് തമിഴ്‌നാട്. സാനിറ്ററി പാഡുകള്‍ക്ക് 12 ശതമാനം ജിഎസ്ടി(ചരക്കുസേവന നികുതി) ചുമത്തിയതില്‍ പ്രതിഷേധിച്ച്, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കും നാപ്കിനുകള്‍ അയച്ചു കൊടുത്താണ് ഇവരുടെ പ്രതിഷേധം.

നേരത്തേ സാനിറ്ററി പാഡുകളുടേ നികുതി അഞ്ചു ശതമാനമായിരുന്നുവെന്നും പിന്നീട് അത് 12 ശതമാനമായി ഉയര്‍ത്തിയ നടപടിയോട് യോജിക്കാനാവില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ഹിന്ദുത്വ ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരത്തിലൊരു നടപടിയെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

‘ഹിന്ദുത്വ ശക്തികളുടെ ഗൂഢാലോചനനയാണ് ഇവിടെ പ്രതിഫലിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങളെ നിഷേധിക്കുന്ന തരത്തിലുള്ള നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.’ പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

സാനിറ്ററി പാഡുകള്‍ക്ക് 12 ശതമാനം ജിഎസ്ടി ചുമത്തിയതില്‍ പ്രതിഷേധിച്ച് നല്‍കിയ പൊതു താത്പര്യ ഹര്‍ജിയില്‍, നവംബര്‍ 15ന് മുമ്പായി മറുപടി നല്‍കാന്‍ ധനകാര്യ മന്ത്രാലയത്തോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാനിറ്ററി പാഡുകള്‍ക്കു പുറമെ, കണ്‍മഷി, കുങ്കുമം, പൊട്ട്, സിന്ദൂരം, പ്ലാസ്റ്റിക്, കുപ്പിവള, പൂജാ സാമഗ്രികള്‍, കോണ്ട്രാസെപ്റ്റീവുകള്‍ എന്നിവയെയും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് പൊതുതാത്പര്യ ഹര്‍ജിയില്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ