ന്യൂഡൽഹി: നരേന്ദ്ര മോദിയെ പോലെയുള്ള ഫാസിസ്റ്റ് നേതാക്കളെ പുകഴ്ത്തുന്നത് ഫാസിസത്തിനെതിരായ പോരാട്ടത്തിന്റെ വിശ്വാസ്യത തകര്‍ക്കുമെന്ന് ടി.എന്‍.പ്രതാപന്‍ എംപി. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് ഇക്കാര്യം പരാമര്‍ശിച്ചുകൊണ്ട് ടി.എന്‍.പ്രതാപന്‍ കത്ത് അയച്ചു. ശശി തരൂര്‍ എംപി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ മോദി സ്തുതിയില്‍ പ്രതിഷേധിച്ചാണ് ടി.എന്‍.പ്രതാപന്റെ കത്ത്. ഇതോടെ കോണ്‍ഗ്രസിനുള്ളില്‍ മോദി സ്തുതിയുടെ പേരില്‍ തര്‍ക്കം രൂക്ഷമായി.

ഏകാധിപത്യത്തിന്റെ എല്ലാ ലക്ഷണങ്ങളും വ്യക്തമാക്കിയ മോദിയെ പ്രശംസിക്കണമെന്ന് പറയുന്ന രാഷ്ട്രീയ വ്യവഹാരം അസംബന്ധമാണെന്ന് ടി.എൻ.പ്രതാപൻ കുറ്റപ്പെടുത്തി. കോൺഗ്രസ് സർക്കാരുകളുടെ പദ്ധതികൾ പേരുമാറ്റി അവതരിപ്പിക്കുന്ന മോദിയെ അതിന്റെ പേരിൽ പ്രശംസിക്കണമെന്ന് പറയുന്നത് മനസിലാകുന്നില്ല. കോൺഗ്രസിന്റെ ഫാഷിസ്റ്റു വിരുദ്ധ പോരാട്ടങ്ങൾ ദുർബലപ്പെടാനേ അത് വഴിവെക്കൂ എന്നും ടി.എൻ.പ്രതാപൻ എഴുതിയ കത്തിൽ പറയുന്നു.

ടി.എൻ.പ്രതാപൻ സോണിയ ഗാന്ധിക്ക് അയച്ച കത്ത്

കോണ്‍ഗ്രസ് നേതാക്കള്‍ മോദിയെ സ്തുതിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തും. കോണ്‍ഗ്രസ് നേതാക്കളായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരെ ആക്രമിക്കാനാണ് നരേന്ദ്ര മോദി കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. ഇത്തരം ഫാസിസ്റ്റ് നേതാക്കളെ പുകഴ്ത്തുന്നത് ഫാസിസത്തിനെതിരായ പോരാട്ടങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും പ്രതാപന്‍ എംപി കത്തില്‍ പറയുന്നു.

കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തരൂരിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ആര് പിന്തുണച്ചാലും നരേന്ദ്ര മോദിയുടെ ദുഷ്‌ചെയ്‌തികളെ ന്യായീകരിക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. “ആരു പറഞ്ഞാലും ശരി മോദിയുടെ ദുഷ്ചെയ്തികളെ അതുകൊണ്ടൊന്നും മറച്ചു വയ്ക്കാനാകില്ല. ആയിരം തെറ്റുകൾ ചെയ്തിട്ട് ഒരു ശരി ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല. നരേന്ദ്ര മോദിയുടെ ചെയ്തികൾ രാജ്യത്തെ ജനങ്ങൾക്ക് സ്വീകര്യമല്ലാത്തതാണ്,” ചെന്നിത്തല പറഞ്ഞു.

Read Also: വേണമെങ്കിൽ ബിജെപിയിലേക്ക് പോകാം; കോൺഗ്രസിൽ മോദി സ്തുതി വേണ്ടെന്ന് തരൂരിനോട് മുരളീധരൻ

എന്നാൽ തന്നെ ആരും പഠിപ്പിക്കാൻ വരേണ്ടെന്നായിരുന്നു ചെന്നിത്തലയുടെ വിമർശനത്തിന് തരൂരിന്റെ മറുപടി. മോദി ഒരു കാര്യമെങ്കിലും ശരിയായി ചെയ്യുമ്പോൾ അതിനെ ശരി എന്ന് പറഞ്ഞാലെ വിമർശനങ്ങളെ ജനങ്ങൾ മുഖവിലയ്‌ക്കെടുക്കൂ എന്നും തരൂർ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും വിമർശിക്കുന്ന രീതി ശരിയല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശിന്റെയും മനു അഭിഷേക് സിഗ്‍വിയുടെയും അഭിപ്രായത്തിന് പിന്തതുണയുമായാണ് ശശി തരൂർ രംഗത്തെത്തിയിരുന്നത്. കഴിഞ്ഞ ആറ് വർഷമായി താൻ ഇതാണ് പറഞ്ഞു കൊണ്ടിരിക്കുന്നതെന്നായിരുന്നു ശശി തരൂർ ട്വിറ്ററിൽ കുറിച്ചത്. താൻ ഈ സമയം ഏറ്റവും അധികം വിമർശിക്കപ്പെടുന്ന അഭിപ്രായത്തോട് യോജിച്ച് രംഗത്തെത്തിയ കൂടുതൽ പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook