scorecardresearch

പൗരത്വ നിയമത്തിനെതിരെ ടി.എന്‍. പ്രതാപന്‍ എംപി സുപ്രീം കോടതിയില്‍

ഭരണഘടനയുടെ അനുഛേദം 32 പ്രകാരമുള്ള റിട്ട് ഹർജിയാണ് സമർപ്പിച്ചത്

പൗരത്വ നിയമത്തിനെതിരെ ടി.എന്‍. പ്രതാപന്‍ എംപി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: പൗരത്വ നിയമം ഭരണഘടനാ വിരുദ്ധവും രാജ്യത്തെ വിഭജിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി ടി.എൻ.പ്രതാപൻ എംപി സുപ്രീം കോടതിയിൽ ഹർജി നൽകി. ലോക്സഭയും രാജ്യസഭയും കടന്ന് പ്രസിഡന്റ് ഒപ്പിട്ടതോടെ കഴിഞ്ഞ ദിവസം നിയമമായി മാറിയ പൗരത്വ നിയമം ഭരണഘടനയുടെ ആർട്ടിക്കിൾ 14,15,21 എന്നിവയുടെ ലംഘനമാണെന്നും രാജ്യത്ത് മതാടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കാനുള്ള നീക്കമാണെന്നും ചൂണ്ടിക്കാട്ടിയാണ് ടി.എൻ.പ്രതാപന്റെ നീക്കം. ഭരണഘടനയുടെ അനുഛേദം 32 പ്രകാരമുള്ള റിട്ട് ഹർജിയാണ് സമർപ്പിച്ചത്.

Read Also: മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കറല്ല; എന്റെ പേര് രാഹുല്‍ ഗാന്ധി

അഫ്‌ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള ഹിന്ദു സിഖ് ജെയ്‌ന പാർസി ബുദ്ധ മതക്കാർക്ക് മാത്രം പൗരത്വം നൽകാനുള്ള നിയമമാണ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ കൊണ്ടുവന്നത്. എന്നാൽ, ഇത് തുല്യതയ്ക്ക് വേണ്ടിയുള്ള അവകാശം എന്ന ഭരണഘടനയുടെ അടിസ്ഥാന മൂല്യത്തെ തന്നെ തകർക്കുന്നതാണ് എന്നതാണ് ടി.എൻ.പ്രതാപന്റെ വാദം. ടി.എൻ. പ്രതാപന് വേണ്ടി അഡ്വക്കറ്റ് സി.ആർ.രെകേഷ് ശർമ, അഡ്വ.സുവിധത്ത് എന്നിവർ കോടതിയിൽ ഹാജരാകും.

Read Also: നിങ്ങൾ മിണ്ടാതിരുന്നാൽ നമ്മുടെ ഭരണഘടന നശിപ്പിക്കപ്പെടും: പ്രിയങ്ക ഗാന്ധി

പൗരത്വ ഭേദഗതി ബിൽ കേന്ദ്ര സർക്കാർ ലോക് സഭയിൽ കൊണ്ട് വന്നപ്പോൾ ബിൽ അവതരണത്തിനെതിരെ അടിയന്തിര പ്രമേയത്തിന് അനുമതി തേടുകയും ബിൽ അവതരിപ്പിച്ചപ്പോൾ ഭേദഗതികൾ നിർദേശിക്കുകയും ചെയ്തിരുന്നു. തുടർന്ന് രാജ്യ സഭയിൽ ബിൽ പാസായ ദിവസം രാത്രി തന്നെ രാഷ്‌ട്രപതി ഭവനിൽ നേരിട്ട് ചെന്ന് ഈ ബില്ലിൽ ഒപ്പിടാതെ തിരിച്ചയക്കണമെന്ന് അഭ്യർത്ഥിച്ച കൊണ്ട് ടി.എൻ.പ്രതാപൻ കത്ത് നൽകിയിരുന്നു. എന്നാൽ, പിറ്റേന്ന് അർധരാത്രി തന്നെ രാഷ്ട്രപതി ബില്ലിന് നിയമാനുമതി നൽകി. ഇതോടെയാണ് ടി.എൻ.പ്രതാപൻ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

മുസ്‌ലിം ലീഗ് എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, പി.കെ.കുഞ്ഞാലിക്കുട്ടി, പി.വി.അബ്ദുൾ വഹാബ്, നവാസ് ഗനി എന്നിവരും തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയും പൗരത്വ ഭേദഗതി നിയമത്തിനെതിരേ സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Tn pratapan mp approaches supreme court citizenship bill