/indian-express-malayalam/media/media_files/uploads/2023/06/IPS-officer.jpg)
IPS-officer
ചെന്നൈ: സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ തമിഴ്‌നാട്ടിലെ മുന്‍ എഡിജിപിക്ക് മൂന്നു വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ. ലൈംഗികാതിക്രമക്കേസില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥന്‍ രാജേഷ് ദാസിനെ വില്ലുപുരത്തെ പ്രാദേശിക കോടതി ശിക്ഷിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
കീഴുദ്യോഗസ്ഥയായ വനിതാ ഐപിഎസ് ഓഫിസറുടെ ആരോപണത്തെ തുടര്‍ന്നുളള കേസിലാണ് നടപടി. കേസില്‍ മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിച്ച മുന്‍ എഡിജിപിക്ക് കോടതി ജാമ്യം അനുവദിക്കുകയും അപ്പീലിന് പോകാന്‍ 30 ദിവസത്തെ സമയം നല്‍കുകയും ചെയ്തു. വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ പരാതി നല്‍കുന്നതില്‍ നിന്ന് തടയാന്‍ ശ്രമിച്ച ചെങ്കല്‍പട്ട് എസ്പി ഡി കണ്ണന് പ്രാദേശിക കോടതി 500 രൂപ പിഴ ചുമത്തിയതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.
2021ന്റെ തുടക്കത്തില്‍ ഔദ്യോഗിക ഡ്യൂട്ടിക്കായി ഉളുന്ദൂര്‍പേട്ട് ജില്ലയിലേക്ക് പോകുമ്പോള്‍ വനിതാ പോലീസ് സൂപ്രണ്ടിനെ ഔദ്യോഗിക കാറില്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് രാജേഷ് ദാസിനെതിരെയുള്ള പരാതി. അന്ന് രാജേഷ് ദാസ് സ്പെഷ്യല്‍ ഡിജിപി (ലോ ആന്‍ഡ് ഓര്‍ഡര്‍) ആയിരുന്നു. വനിത ഉദ്യോഗസ്ഥയുടെ പരാതിയെ തുടര്‍ന്ന് എഐഎഡിഎംകെ സര്‍ക്കാര്‍ ദാസിനെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
മദ്രാസ് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിനെ 'ഏറ്റവും ഞെട്ടിപ്പിക്കുന്നത്' എന്നാണ് വിശേഷിപ്പിച്ചത്. ''തങ്ങള്‍ വഹിക്കുന്ന സ്ഥാനത്തിന്റെ ശക്തിയില്‍ വ്യക്തികള്‍ തങ്ങള്‍ക്ക് എന്തും ചെയ്യാമെന്നും ഒടുവില്‍ അവരുടെ ശക്തി ഉപയോഗിച്ച് സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടാമെന്നും ധാരണ ഉണ്ടാകരുത്. ഒരു വ്യക്തി വഹിക്കുന്ന പദവിയുടെ ബലത്തില്‍ എത്രത്തോളം അധികാരം നിക്ഷിപ്തമാണോ, അയാള്‍ ലൈംഗിക പീഡനത്തില്‍ ഏര്‍പ്പെട്ടാല്‍ ശിക്ഷ കൂടുതല്‍ കര്‍ശനമാക്കണം, ''ഹൈക്കോടതി 2021 മാര്‍ച്ചില്‍ പറഞ്ഞിരുന്നു. ഐപിസി സെക്ഷന്‍ 354(എ) (ലൈംഗിക പീഡനം), 341 (തെറ്റായ നിയന്ത്രണം), 506 (1) (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 1998 ലെ തമിഴ്നാട് സ്ത്രീ പീഡന നിരോധന നിയമത്തിലെ സെക്ഷന്‍ 4 എന്നിവ പ്രകാരമാണ് ഇയാള്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.