ചെന്നൈ: ഏപ്രിൽ 26 മുതൽ തമിഴ്നാട്ടിലെ അഞ്ചു നഗരങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കാനുളള സർക്കാർ തീരുമാനം ജനങ്ങളെയാകെ പരിഭ്രാന്തരാക്കി. ചെന്നൈയുടെ വിവിധ ഭാഗങ്ങളിൽ സാധനങ്ങൾ വാങ്ങിക്കാൻ ജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. സൂപ്പർ മാർക്കറ്റുകളിലും പലചരക്കു കടകളിലും അവശ്യ വസ്തുക്കൾ വാങ്ങാനായി ജനനങ്ങൾ തിങ്ങി നിറഞ്ഞു.

അതേസമയം, പൊതുജനങ്ങൾക്ക് ആവശ്യമായ പാൽ വിതരണം ഉറപ്പാക്കുന്നതിനു വേണ്ട നടപടികൾ കൈകൊണ്ടിട്ടുണ്ടെന്ന് തമിഴ്നാട് കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ അറിയിച്ചു. സമ്പൂർണ ലോക്ക്ഡൗണിലാവുന്ന താംബരം, പല്ലാവരം അടക്കമുളള പ്രദേശങ്ങളിൽ ഫുഡ് ഡെലിവറിക്കാരുമായി സഹകരിച്ചും സൂപ്പർ മാർക്കറ്റുകളിലും മറ്റു കടകളിലുമായി രാവിലെ 7 മണി മുതൽ പാൽ പായ്ക്കറ്റുകൾ വിറ്റഴിക്കുന്നതായി വ്യക്തമാക്കി.

chennai, lockdown, ie malayalam

കോവിഡ് വ്യാപനം തടയുന്നതിനാണ് തമിഴ്നാട് സർക്കാർ അഞ്ചു ജില്ലകളിൽ നാലു ദിവസം സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ചെന്നൈ, കോയമ്പത്തൂർ, മധുര നഗരങ്ങളിൽ നാലു ദിവസവും സേലം, തിരുപ്പൂർ നഗരങ്ങളിൽ മൂന്നു ദിവസവുമാണ് ലോക്ക്ഡൗൺ. ചെന്നൈ, മധുര, കോയമ്പത്തൂർ നഗരങ്ങൾ ഏപ്രിൽ 26 ന് രാവിലെ 6 മുതൽ 29 ന് രാത്രി 9 മണിവരെ ലോക്ക്ഡൗണിൽ ആയിരിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. സേലം, തിരുപ്പൂർ നഗരങ്ങൾ ഏപ്രിൽ 26 ന് രാവിലെ 6 മുതൽ 28 ന് രാത്രി 9 വരെ ലോക്ക്ഡൗണിൽ ആയിരിക്കും. നിലവിലെ നിയന്ത്രണങ്ങൾ ഇതോടൊപ്പം തുടരുമെന്നും സർക്കാർ വ്യക്തമാക്കി.

ലോക്ക്ഡൗണിൽ താംബരത്തിന് അടുത്തുള്ള മാർക്കറ്റിലേക്ക് ജനങ്ങൾ പോകുന്നത് ഒഴിവാക്കാൻ സാനട്ടോറിയം-താംബരം പാലത്തിനിടയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.
ലോക്ക്ഡൗൺ സമയത്ത് ജനങ്ങൾ വാഹനവുമായി പുറത്തിറങ്ങുന്നത് തടയാൻ അണ്ണാശാലൈയിലേക്കുള്ള പ്രധാന റോഡുകളും നഗരത്തിലെ ഇട റോഡുകളും ചെന്നൈ പോലീസ് വെള്ളിയാഴ്ച അടച്ചിരുന്നു.

chennai, lockdown, ie malayalam

കോയമ്പേട് മാർക്കറ്റിൽ അവശ്യ വസ്തുക്കൾ വാങ്ങാനായി ജനങ്ങൾ കൂട്ടത്തോടെ എത്തിയത് സാമൂഹിക അകലം പാലിക്കുന്നതിന് വിലങ്ങു തടിയായി. 133 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത റോയപുരം പോലുളള ഹോട്ട്‌സ്‌പോട്ടുകളില്‍ പലചരക്ക് കടകൾക്കു മുന്നിൽ ജനങ്ങളുടെ നീണ്ട ക്യൂവാണ്.

Read Also: ലോക്ക്ഡൗൺ ഇളവ്: തുറക്കുന്ന കടകളും, അടഞ്ഞു കിടക്കുന്ന കടകളും

ചെന്നൈ, കോയമ്പത്തൂർ, മധുര, തിരുപ്പൂർ, സേലം അടക്കമുളള കോർപ്പറേഷൻ പരിധിയിലും കാഞ്ചീപുരം, ചെങ്കൽപേട്ട്, തിരുവളളൂർ ജില്ലകളിലും പലചരക്ക് കടകളും മറ്റു അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകളും ശനിയാഴ്ച വൈകീട്ട് മൂന്നു മണിവരെ തുറന്ന് പ്രവര്‍ത്തിച്ചു.

തമിഴ്നാട്ടിൽ 1,755 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 22 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു.

Read in English: Tamil Nadu govt’s order on intense lockdown triggers panic buying in several areas including Chennai

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook