ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തില്‍ എയിംസ് തമിഴ്‌നാട് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എയിംസിലെ ഡോക്ടര്‍മാര്‍ ജയലളിതയ്ക്ക് നല്‍കിയ ചികിത്സ സംബന്ധിച്ച റിപ്പോര്‍ട്ടാണ് എയിംസ് കൈമാറിയത്. ഇത് സര്‍ക്കാര്‍ പ്രസിിിദ്ധീകരിച്ചിട്ടുണ്ട്.

അഞ്ച് തവണയാണ് എയിംസിലെ ഡോക്ടര്‍മാര്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തി ജയലളിതയ്ക്ക് ചികിത്സ നല്‍കിയത്. തമിഴ്‌നാട് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം എയിംസില്‍ നിന്നുള്ള മുതിര്‍ന്ന ഡോക്ടര്‍മാരുടെ സംഘം എയിംസില്‍ എത്തിയിരുന്നു. ഒക്‌ടോബര്‍ 5നും ഡിസംബര്‍ ആറിനും ഇടയ്ക്കാണ് എയിംസ് ഡോക്ടര്‍മാര്‍ അപ്പോളോയില്‍ എത്തി ജയയെ പരിശോധിച്ചത്.

പള്‍മനോളജി വകുപ്പ് മേധാവി പ്രൊഫ. ജി.സി ഖില്‍മാണിയാണ് ഡോക്ടര്‍മാരുടെ സംഘത്തിന് നേതൃത്വം നല്‍കിയത്. 19 പേജുള്ള റിപ്പോര്‍ട്ടാണ് പളനിസ്വാമി ഗവണ്‍മെന്റ് പ്രസിദ്ധീകരിച്ചത്.

തമിഴ്‌നാട് ആരോഗ്യവകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണന്, എയിംസ് ഡെപ്യൂട്ടി ഡയറക്ടര്‍ വി. ശ്രീനിവാസാണ് റിപ്പോര്‍ട്ട് കൈമാറിയത്. അഭ്യൂഹങ്ങള്‍ അവസാനിക്കാതെ തുടരുന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ